കൊട്ടാരക്കര ∙ എംസി റോഡിൽ കുന്നക്കരയിൽ ദിശാസൂചിയിലെ ലോഹപാളി അടർന്ന് വീണ് സ്കൂട്ടർ യാത്രികന്റെ കൈ അറ്റു തൂങ്ങിയ സംഭവത്തിൽ നടപടിയുമായി കെഎസ്ടിപി, പൊലീസ് അധികൃതർ. റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന കൂറ്റൻ ദിശാസൂചികാ ഫലകം പൂർണമായും മുറിച്ച് നീക്കി.
ലോഹപാളി ഇളകി വീണ് കൈപ്പത്തിക്കും വിരലുകൾക്കും ഗുരുതരമായി പരുക്കേറ്റ കുടവട്ടൂർ അനന്ദുവിഹാറിൽ മുരളീധരൻപിള്ള(57) തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
എംസി റോഡിന് കുറുകെയുള്ള കൂറ്റൻ ബോർഡ് മുകൾഭാഗം താങ്ങി നിർത്തിയ ശേഷം ചുവട് ഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുകയായിരുന്നു.
അര മണിക്കൂർ കൊണ്ടാണ് നടപടി പൂർത്തിയാക്കിയത്.
ബോർഡിൽ ലോഹപാളികൾ ഘടിപ്പിച്ചിരുന്നത് ദുർബലമായി
∙ ദിശാസൂചിയുടെ ലോഹപാളികൾ ഫ്രെയിമിൽ ഘടിപ്പിച്ചിരുന്നത് ദുർബലമായ റിവെറ്റ് ഉപയോഗിച്ച്. സ്ക്രൂവോ നട്ട് ബോൾട്ടുകളോ എങ്ങും ഉപയോഗിച്ചിട്ടില്ല.
ലോഹപാളി വീണ് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റ സംഭവത്തിൽ കെഎസ്ടിപി അധികൃതർ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പരിശോധന റിപ്പോർട്ട് കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർ ഉന്നതർക്ക് കൈമാറി. കൊട്ടാരക്കര കുന്നക്കരയ്ക്ക് പുറമേ സംസ്ഥാനത്ത് ഇരുപതോളം സ്ഥലങ്ങളിൽ സമാന നിർമാണങ്ങൾ ഉണ്ടെന്നാണ് വിവരം.
റോഡിന് കുറുകെ ഇരുമ്പ് തൂണുകൾ സ്ഥാപിച്ച് ഫ്രെയിം ഘടിപ്പിച്ച് ലോഹപാളികൾ ഒട്ടിച്ച് വച്ചാണ് ദിശാസൂചി സ്ഥാപിച്ചിട്ടുള്ളത്.
കൊട്ടാരക്കരയുടെ ദിശാസൂചിയുടെ ഫ്രയിമുകളും തൂണുകളും തുരുമ്പിച്ച നിലയിലാണെന്നും ഉടൻ നീക്കം ചെയ്യണമെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് അടിയന്തരമായി പരിഗണിച്ചാണ് ഇന്നലത്തെ നടപടി.
എംസി റോഡ് രാജ്യാന്തര നിലവാരത്തിൽ നിർമിക്കുന്നതിന്റെ ഭാഗമായി 18 വർഷം മുൻപാണ് എംസി റോഡിൽ വ്യാപകമായി ഇത്തരം ദിശാസൂചി ഫലകങ്ങൾ സ്ഥാപിച്ചത്. അന്ന് 10 ലക്ഷം രൂപയാണ് ഓരോന്നിനും മുടക്കിയത്. നിർമാണത്തിൽ വൻ അഴിമതി ആരോപണം ഉയർന്നിരുന്നുവെങ്കിലും അന്വേഷണം ഉണ്ടായില്ല. നൂറ് കണക്കിന് യാത്രക്കാർ ഓരോ മിനിറ്റിലും യാത്രചെയ്യുന്ന എംസി റോഡിൽ ഒഴിവായത് വൻ ദുരന്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

