കൊല്ലം∙ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്കു നേരെയുള്ള ഏറ്റവും ഒടുവിലത്തെ ചോദ്യമായി, വർക്കലയിൽ കേരള എക്സ്പ്രസില് നിന്ന് പെൺകുട്ടിയെ ചവിട്ടിവീഴ്ത്തിയ സംഭവം. സൂപ്പർഫാസ്റ്റ് എക്സ്പ്രസിലും യാത്രക്കാർ സുരക്ഷിതരല്ലെന്നാണു സംഭവം തെളിയിക്കുന്നത്.
ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്തം ഗവ.
റെയിൽവേ പൊലീസിനാണ് (ജിആർപി). എന്നാൽ, അംഗബലം കുറവായതാണ് പ്രശ്നം.
പ്രധാന സ്റ്റേഷനുകളിൽ ജിആർപിയിൽ കൂടുതൽ അംഗങ്ങളുണ്ടാകും. എന്നാൽ, മറ്റു സ്റ്റേഷനുകളിൽ രണ്ടോ മൂന്നോ പേർ മാത്രമാകും ഉണ്ടാവുക ഹാൾട്ട് സ്റ്റേഷനുകളുടെ പുറത്തെ ലോക്കൽ പൊലീസ് സാന്നിധ്യമാണ് അവിടെയുള്ള സുരക്ഷ.
രാത്രികാല ട്രെയിനുകളിൽ ജിആർപിയുടെ സേവനം ലഭ്യമാണ്.
എന്നാൽ, റിസർവ്ഡ് കോച്ചുകളിൽ മാത്രമായി സേവനം പരിമിതമാകും. രാത്രികാല ട്രെയിനുകളുടെ എണ്ണം കൂടിയതോടെ സുരക്ഷാജീവനക്കാരുടെ എണ്ണവും പ്രശ്നമാകുന്നു.
ചെറിയ സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ ഉൾപ്പെടെയുള്ളവ ഇല്ലാത്തതിനാൽ യാത്രക്കാരെ നിരീക്ഷിക്കാനോ, നിയന്ത്രിക്കാനോ കഴിയുന്നില്ല. ജനറൽ കംപാർട്മെന്റുകളിലാണ് സാമൂഹിക വിരുദ്ധരുടെ സ്ഥിരം താവളം.
മദ്യപിച്ച് എത്തുന്നവരുടെ എണ്ണം കൂടുന്നതായാണ് സുരക്ഷാ അധികൃതർ പറയുന്നത്.
ജനറൽ കംപാർട്മെന്റുകൾ ട്രെയിനുകളുടെ തുടക്കത്തിലും ഒടുക്കത്തിലാണെന്നതും സുരക്ഷ ഒരുക്കാൻ പ്രയാസമാകുന്നു. വനിതാ കംപാർട്മെന്റുകൾ ട്രെയിനിന്റെ ഏറ്റവും പിന്നിലാണ്.
ജനറൽ കംപാർട്മെന്റുകളിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കാനായാൽ സാമൂഹിക വിരുദ്ധ ശല്യത്തിന് പരിഹാരം കണ്ടെത്താം. ശാസ്താംകോട്ടയിൽ കഴിഞ്ഞ ദിവസം ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരൻ ആക്രമണത്തിനിരയായി.
ട്രെയിൻ നിർത്തുന്നതിനിടെ പ്ലാറ്റ്ഫോമിൽ ചാടി കടന്നുകളഞ്ഞ പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. ഭിന്നശേഷിക്കാർക്കു മാത്രം പ്രവേശിക്കാവുന്ന കംപാർട്മെന്റിലെ കയറിയതു ചോദ്യം ചെയ്തതിനാണ് ആക്രമിച്ചത്.
ജില്ലയിലെ സ്റ്റേഷനുകളിൽ സാമൂഹിക വിരുദ്ധ ശല്യം മാത്രമല്ല യാത്രക്കാർ നേരിടുന്നത്.
തെരുവു നായ്ക്കളുടെയും പാമ്പിന്റെ ശല്യവുമുണ്ട്. മധുര, തിരുവനന്തപുരം ഡിവിഷനുകൾക്കു കീഴിലായി 27 റെയിൽവേ സ്റ്റേഷനുകൾ ജില്ലയിലുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകളുള്ള ജില്ലയിലെ എല്ലാ സ്റ്റേഷനുകൾക്കും ചെറുതും വലുതുമായ സുരക്ഷാ വീഴ്ചകളുടെ സങ്കടം പങ്കുവയ്ക്കാനുണ്ട്.
കൊല്ലം ജംക്ഷൻ
നിർമാണം പുരോഗമിക്കുന്ന കൊല്ലം ജംക്ഷൻ സ്റ്റേഷനിൽ വെളിച്ചക്കുറവാണ് പ്രധാന പ്രശ്നം. യാത്രക്കാർക്ക് കാത്തിരിപ്പിനുള്ള സൗകര്യം കുറവാണ്.
കൂടാതെ, ചിലയിടങ്ങളിൽ പ്ലാറ്റ്ഫോമുകളുടെ മേൽക്കൂര നീക്കം ചെയ്തതോടെ മഴയെത്തിയാൽ കയറി നിൽക്കാനും ബുദ്ധിമുട്ട്. സ്റ്റേഷനിൽ നേരത്തേ 18 സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു.
പഴയ കെട്ടിടങ്ങൾ ഇടിച്ചതോടെ ക്യാമറകൾ പലതും പ്രവർത്തിക്കുന്നില്ല. പുനലൂർ
പുനലൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവുനായ്ക്കളുടെ എണ്ണം പെരുകിയിട്ടും നിയന്ത്രിക്കുന്നതിനു നടപടിയില്ല.
ബാലികയ്ക്ക് പാമ്പുകടി ഏൽക്കുകയും പലതവണ പാമ്പുകളെ കണ്ടെത്തുകയും ചെയ്തെങ്കിലും നടപടിയില്ല. ആറുമാസം മുൻപ് തൃശൂർ സ്വദേശിക്ക് നായയുടെ കടിയേറ്റിരുന്നു.
അഞ്ചുമാസം മുൻപാണ് പെരുമ്പാമ്പിനെ പ്ലാറ്റ്ഫോമിൽ ചത്തനിലയിൽ കണ്ടെത്തിയത്.
ആവണീശ്വരം
ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ വെളിച്ചവുമില്ല. രാത്രികാലത്ത് എത്തുന്ന കന്യാകുമാരി–പുനലൂർ, തൂത്തുക്കുടി–പാലക്കാട് പാലരുവി സർവീസുകളിൽ എത്തുന്നവരാണ് ദുരിതത്തിലാകുന്നത്.
പ്ലാറ്റ് ഫോമിന് വളവുള്ളതിനാൽ പിന്നിലും മുന്നിലുമായുള്ള ബോഗികളിൽ നിന്ന് ഇറങ്ങുന്നവരും കയറുന്നവരും അവരവരുടെ മൊബൈൽ വെളിച്ചത്തിലാണ്.
തെന്മല, ആര്യങ്കാവ്, ന്യൂ ആര്യങ്കാവ്
അതിർത്തിയായ ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം പണി പൂർത്തിയായിട്ടും മേൽക്കൂര സ്ഥാപിച്ചിട്ടില്ല. തെന്മല സ്റ്റേഷനിൽ പ്ലാറ്റ്ഫോം പണികൾ കരാറുകാർക്കു തുക അനുവദിക്കാത്തതിനെ തുടർന്നു പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിലെ സ്ഥിതിയും മറിച്ചല്ല.
കരുനാഗപ്പള്ളി
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ഏതാനും ആഴ്ചകൾക്കു മുൻപാണ് പ്ലാറ്റ്ഫോമിൽ ഒട്ടേറെ യാത്രക്കാർക്ക് നായകളുടെ കടിയേറ്റത്. റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് നാളുകളായി.
റെയിൽവേ ക്വാർട്ടേഴ്സുകൾ കാടുകയറി സാമൂഹിക വിരുദ്ധരുടെ ‘ക്വാർട്ടേഴ്സായി’. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുൻപന്തിയിലുള്ള കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് യൂണിറ്റ് ഇല്ല.
കുണ്ടറ, പെരിനാട്
തെരുവുനായ ശല്യമാണ് പെരിനാട് റെയിൽവേ സ്റ്റേഷനിലെ പ്രധാന പ്രശ്നം.
രണ്ട് പ്ലാറ്റ്ഫോമുകളിലും മേൽക്കൂര ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. തിരക്ക് കുറഞ്ഞ സ്റ്റേഷൻ ആയതിനാൽ രാത്രി ലഹരി സംഘങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ് കൊല്ലം – പുനലൂർ പാതയിലെ ചന്ദനത്തോപ്പ്, കുണ്ടറ, കുണ്ടറ ഈസ്റ്റ് സ്റ്റേഷനുകൾ.
ട്രാക്കുകളിലും സമീപത്തെ കുറ്റിക്കാടുകളിലുമാണ് ഇവർ തമ്പടിക്കുന്നത്.
എഴുകോൺ
എഴുകോൺ സ്റ്റേഷനിൽ കൊട്ടാരക്കര ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോം അവസാനിക്കുന്ന ഭാഗം മുതൽ കാടു മൂടിക്കിടക്കുകയാണ്. സാമൂഹിക വിരുദ്ധർക്കും മദ്യപർക്കും അനുകൂലമാണെന്നു പരാതിയുണ്ട്.
വനിതകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷ ലഭ്യമാക്കണം. സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
ശാസ്താംകോട്ട
സ്റ്റേഷന്റെ പരിസരങ്ങളിൽ 2 പേർക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു. സ്റ്റേഷൻ പരിസരങ്ങളിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്നു ഹെൽമറ്റ് കവരുന്ന സംഘങ്ങളും സജീവം.
പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്നും സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും മതിയായ വെളിച്ചം ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്.
കൊട്ടാരക്കര
കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ വർഷങ്ങളായി ലൈറ്റുകൾ തെളിയുന്നില്ല. തെരുവ് നായശല്യവും രൂക്ഷം.
കാട് മൂടിയ റെയിൽവേ പരിസരങ്ങൾ മോഷ്ടാക്കളുടെ താവളമാണ്. രാത്രിയിൽ സാമൂഹികവിരുദ്ധർ അതിക്രമം കാട്ടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
തിരക്കേറിയ ട്രെയിനുകൾ എത്തുന്ന സമയത്ത് മാത്രമാണ് പൊലീസിന്റെ സാന്നിധ്യം. നിരീക്ഷണ ക്യാമറ സംവിധാനവുമില്ല.
പരവൂർ
പരവൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളിൽ വെളിച്ചക്കുറവും തെരുവുനായ ശല്യവുമാണ് ബുദ്ധിമുട്ട്.
ലേഡീസ് കംപാർട്മെന്റുകൾ ട്രെയിനിന്റെ പിൻഭാഗത്തായതിനാൽ വനിതാ യാത്രക്കാരാണ് വെളിച്ചക്കുറവ് കാരണം വലയുന്നത്. സ്റ്റേഷനോടു ചേർന്നു വളർന്ന കാടും പ്രശ്നമാണ്.
രാത്രികാലങ്ങളിൽ ലഹരി സംഘങ്ങൾ തമ്പടിക്കുന്നതും ഇവിടെ.
സുരക്ഷയ്ക്കായി യാത്രക്കാരുടെ നിർദേശങ്ങൾ
∙ എല്ലാ സ്റ്റേഷനുകളിലും സിസിടിവി ക്യാമറ നിർബന്ധമായും സ്ഥാപിക്കണം. ∙ ട്രെയിനുകളുടെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കണം.
∙ ജനറൽ കംപാർട്മെന്റുകൾക്ക് റിസർവ്ഡ് കോച്ചുകളുമായി ബന്ധമില്ലാത്തതിനാൽ മദ്യപിച്ചു യാത്ര ചെയ്യുന്നവരുടെയും മറ്റു സാമൂഹിക വിരുദ്ധരുടെയും എണ്ണം കൂടുതലാണ്. ജനറൽ കംപാർട്മെന്റുകളിലും യാത്രക്കാർ മദ്യവും ലഹരിയും ഉപയോഗിച്ചിട്ടുണ്ടോയെന്ന പരിശോധന നിർബന്ധമാക്കണം.
∙ രാത്രി 6ന് ശേഷം വനിതാ കംപാർട്മെന്റുകളിൽ വനിതാ പൊലീസ് സാന്നിധ്യം ഉറപ്പാക്കണം. കുറഞ്ഞപക്ഷം ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനുകളിലെങ്കിലും പൊലീസ് സാന്നിധ്യം ഉണ്ടാകണം.
∙ അത്യാഹിത ഘട്ടങ്ങളിൽ ലോക്കോ പൈലറ്റുമായോ, ഗാർഡുമായോ യാത്രക്കാർക്ക് ബന്ധപ്പെടാനുള്ള സംവിധാനം ട്രെയിനുകളിൽ ലഭ്യമാക്കണം. ∙ സ്റ്റേഷനിലേക്ക് എത്തുന്ന റോഡുകളിലും രാത്രികാലത്ത് പൊലീസ് സാന്നിധ്യം ഉറപ്പു വരുത്തണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

