തിരുവനന്തപുരം കാട്ടാക്കടയിൽ കെ എസ് ഇ ബി വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ കുരങ്ങനെ വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ ആർ ടി അംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. പ്ലാവൂർ സ്കൂളിന് മുൻവശത്തുള്ള 11 കെ വി ഫീഡർ ലൈനിൽ നിന്നാണ് കുരങ്ങനെ അപകടാവസ്ഥയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. സ്കൂളിന് സമീപമുള്ള ഒരു വീട്ടിലേക്ക് മൂന്ന് കുരങ്ങുകൾ എത്തിച്ചേർന്നിരുന്നു.
വീട്ടമ്മ ഇവയെ ശബ്ദമുണ്ടാക്കി വിരട്ടിയോടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരിഭ്രാന്തരായ കുരങ്ങുകൾ ചാടുകയായിരുന്നു. ഇതിലൊന്ന് സമീപത്തുണ്ടായിരുന്ന ഉയർന്ന വൈദ്യുത ലൈനിലേക്ക് വീഴുകയും ഷോക്കേൽക്കുകയുമായിരുന്നു.
അപകടത്തിൽ കുരങ്ങിന്റെ ഇടതു കൈ പൂർണ്ണമായും കരിയുകയും വലതു കാലിന് പരിക്കുകൾ സംഭവിക്കുകയും ചെയ്തു. ഈ വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകൻ സതീഷ് പേഴുംമൂട് ഉടൻതന്നെ വിവരം പരുത്തിപ്പള്ളി റേഞ്ച് ഓഫീസറെ ഫോണിൽ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു.
തുടർന്ന് അതിവേഗം സ്ഥലത്തെത്തിയ പരുത്തിപ്പള്ളി വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ ആർ ടി (റാപ്പിഡ് റെസ്പോൺസ് ടീം) അംഗങ്ങളും ചേർന്ന് കുരങ്ങനെ സുരക്ഷിതമായി പിടികൂടി. തുടർചികിത്സയ്ക്കായി വനം വകുപ്പിന്റെ പ്രത്യേക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

