കൊല്ലം ∙ ശക്തികുളങ്ങര ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളും ആക്രമിച്ചു തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞാണ് കുളച്ചൽ ഭാഗത്ത് വച്ച് നാൽപതോളം ബോട്ടുകളിലെത്തിയവർ കൊല്ലത്തു നിന്ന് പോയ 6 ബോട്ടുകൾ ആക്രമിച്ചത്.
4 പേർക്കു പരുക്കേറ്റു. ബോട്ടുകൾക്ക് 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ട്.
2 ലക്ഷത്തോളം വില വരുന്ന മത്സ്യവും നശിപ്പിച്ചു. സെന്റ് പോൾ, ജീസസ് ഗിഫ്റ്റ്, ഹേമന്ദം, എം ആന്റണി, പൂജ മോൾ, പൊടിയൻ എന്നീ ബോട്ടുകളാണ് ആക്രമിക്കപ്പെട്ടത്.
8 ദിവസം മുൻപാണ് ശക്തികുളങ്ങര ഹാർബറിൽ നിന്ന് 9 ബോട്ടുകൾ കടലിൽ പോയത്. കഴിഞ്ഞ ദിവസം വൈകിട്ട് 4ന് കുളച്ചൽ ഭാഗത്തു നിന്ന് 61 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
കേരളത്തിൽ നിന്നുള്ള ബോട്ടുകൾ വളഞ്ഞ് ആദ്യം ഇരുമ്പ് കട്ടകളും മറ്റും ഉപയോഗിച്ച് എറിഞ്ഞു.
പിന്നീട് സെന്റ് പോൾ ബോട്ടിനെ അവരുടെ ബോട്ട് ഉപയോഗിച്ച് ഇടിക്കുകയും വീൽ ഹൗസിന് കേടുപാടുകൾ വരുത്തി. മത്സ്യങ്ങൾ കടലിലേക്ക് വീഴ്ത്തുകയും ചെയ്തു.
തുടർന്ന് ബോട്ടുകളിൽ പ്രവേശിച്ച തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ പൈപ്പുകൾ ഉപയോഗിച്ചു ബോട്ട് തല്ലിത്തകർക്കുകയും തകർന്ന ചില്ലുകൾ ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളെ ആക്രമിക്കുകയും ആയിരുന്നുവെന്ന് പറയുന്നു. നീല ബോട്ടുകാർ ഇവിടെ മത്സ്യബന്ധനം നടത്തേണ്ട
എന്ന് പറഞ്ഞായിരുന്നു ആക്രമണം. കേരളത്തിൽ നിന്നുള്ള ബോട്ടുകൾക്ക് അനുവദിച്ച നിറമാണ് നീല.
തമിഴ്നാടിന് പച്ച നിറവും കർണാടകയ്ക്ക് ചുവപ്പ് നിറവുമാണുള്ളത്. 3 ബോട്ടുകൾ ആക്രമണം നേരിടാതെ രക്ഷപ്പെട്ടു.
വിവിധ ബോട്ടുകളിലായി എൺപതോളം ജീവനക്കാർ ഉണ്ടായിരുന്നു.
സെന്റ് പോൾ ബോട്ടിലെ ജീവനക്കാരും തമിഴ്നാട് വാണിയക്കുടി സ്വദേശികളുമായഎഡ്വിൻകുമാർ (49), ശേഖർ (21), ആഷിക്ക് (21) , ഹേമന്ദം ബോട്ടിലെ വെസ്റ്റ് ബംഗാൾ സ്വദേശി ഹരിമോൻ ദാസ് (46) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ നീണ്ടകര കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന തമിഴ്നാട്ടിലെ കോസ്റ്റൽ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

