തെന്മല ∙ ശബരിമല മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തിരുമംഗലം ദേശീയപാതയിൽ വഴിനീളെ അപകടക്കെണികൾ. അതിർത്തിയായ കോട്ടവാസൽ മുതൽ പുനലൂർ വരെ മണ്ഡലകാലത്തെ തീർഥാടനം സുരക്ഷിതമാക്കാൻ ഇനിയും നടപടികൾ തുടങ്ങിയില്ല. അവലോകന യോഗത്തിലെ തീരുമാനങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്ന പതിവ് ഇക്കുറി ഉണ്ടാകരുതെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.
കഴിഞ്ഞ മണ്ഡലകാലത്ത് ആര്യങ്കാവിൽ ശബരിമല തീർഥാടക വാഹനം മറിഞ്ഞു തീർഥാടകൻ മരിച്ച സംഭവത്തിന്റെ പശ്ചാലത്തലത്തിൽ നടത്തിയ സുരക്ഷ ഒാഡിറ്റിന്റെ ഭാഗമായി സുരക്ഷാ നടപടികൾ ഒരുക്കിയെന്ന അവകാശവാദം നിലനിൽക്കെ ദേശീയപാതയിൽ അപകടഭീഷണിയുള്ള ഒട്ടേറെ ഭാഗങ്ങളിൽ സുരക്ഷാവേലികൾ തകർന്ന നിലയിൽ തുടരുകയാണ്. പലയിടത്തും പുതിയ സോളർ മുന്നറിയിപ്പു വിളക്കുകൾ സ്ഥാപിച്ചെങ്കിലും ഇതിൽ നല്ലൊരു പങ്കും ഭാഗികമായി പ്രവർത്തിക്കുകയും ചിലതു പൂർണമായി തകരാറിൽ ആകുകയും ചെയ്തു.
ദേശീയപാതയിൽ വീതി കുറവായ കഴുതുരുട്ടി – 13 കണ്ണറ – എംഎസ്എൽ ഭാഗങ്ങളിൽ തകർന്ന സുരക്ഷാ വേലികൾ നീക്കി പുതിയവ സ്ഥാപിച്ചിട്ടില്ല.
ഇവിടെ വശങ്ങളിൽ വലിയ താഴ്ചയും കഴുതുരുട്ടിയാറുമാണ്. വാഹനങ്ങൾ പരസ്പരം കാണാനാകാത്ത കൊടുംവളവുകളിൽ സോളർ മുന്നറിയിപ്പു വിളക്കുകൾ ഉണ്ടെന്നു പറയാമെങ്കിലും പലതും അത്ര നല്ല അവസ്ഥയിലല്ല. കോട്ടവാസൽ മുതൽ പുനലൂർ വരെ അപകടക്കെണികൾ നിറഞ്ഞ ദേശീയപാതയിൽ അമിതവേഗത്തിൽ ഓടുന്ന ഭാരവാഹനങ്ങളുടെ നിയന്ത്രണത്തിനു നടപടിയില്ല.
ദേശീയപാതയിൽ അപകടങ്ങൾ നടക്കാത്ത ദിവസമില്ലെന്നിരിക്കെ ആണ് ഈ അലംഭാവം.
പാതയിൽ ഇരുദിശകളിലേക്കും വാഹനങ്ങൾ കടന്നുപോകാൻ വരച്ച വരകളും മറ്റു സുരക്ഷാ വരകളും കാണാതായി. കോട്ടവാസൽ മുതൽ ആര്യങ്കാവ് റേഞ്ച് ഓഫിസ് കവല വരെ അതീവ സുരക്ഷ വേണമെന്നിരിക്കെ നടപടിയില്ലാത്തതു ചർച്ചയായിട്ടുണ്ട്. സീസൺ തുടങ്ങുന്നതോടെ അതിർത്തി കടന്നെത്തുന്ന തീർഥാടകരുടെ വാഹനങ്ങൾ ഗതാഗത പ്രതിസന്ധിയിൽപ്പെടാതിരിക്കാൻ മുന്നൊരുക്കങ്ങളും മറ്റും വേണം.ആര്യങ്കാവ്, കുളത്തൂപ്പുഴ ശ്രീധർമശാസ്താ ക്ഷേത്രങ്ങളിലേക്കും തുടർന്നു പമ്പയിലേക്കും തീർഥാടകരുടെ സുരക്ഷിത യാത്ര സുഗമമാക്കാൻ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കണം എന്നാണ് ആവശ്യം.
ഓണം, ക്രിസ്മസ് കാലത്തു മാത്രം നടത്താറുള്ള കൊല്ലം, തെങ്കാശി പൊലീസുകളുടെ യോഗം മണ്ഡലകാലം കണക്കിലെടുത്തും നടത്തി ഇരുഭാഗത്തെയും ഒരുക്കങ്ങൾ പരസ്പരം മനസ്സിലാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ആര്യങ്കാവ് റേഞ്ച് ഓഫിസ് കവലയിലെ എക്സൈസ് ചെക്പോസ്റ്റിൽ പരിശോധനയ്ക്കു നിർത്തിയിട്ട ബസിനു പിന്നിൽ നിർത്തിയ ബൈക്കിലെ യാത്രക്കാരനെ നിയന്ത്രണം വിട്ടെത്തിയ ചരക്കുലോറി ഇടിച്ചു തെറിപ്പിച്ച ശേഷം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചിരുന്നു.
കൂടാതെ കോട്ടവാസലിൽ നിയന്ത്രണം വിട്ട ചരക്കുലോറി വശത്തേക്കു മറിഞ്ഞതും നിയന്ത്രണം വിട്ട
തടി ലോറി പാതയിൽ മറിഞ്ഞു ഗതാഗതം മുടങ്ങിയതും അടുത്തിടെ ആണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

