കൊല്ലം∙ മൈലാപ്പൂര്–ഡോൺ ബോസ്കോ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഒച്ചിഴയുന്ന വേഗം. തൃക്കോവിൽവട്ടം, മയ്യനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തു കൂടി കടന്നു പോകുന്ന 5 കിലോ മീറ്റർ ദൂരമുള്ള ഈ റോഡിനായി 3 കോടി രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചത്.
2 ഘട്ടങ്ങളിലായാണ് നിർമാണം.തൃക്കോവിൽവട്ടം പഞ്ചായത്തിലെ 18ാം വാർഡിലെ ആദ്യഘട്ട നിർമാണമാണ് രണ്ട് മാസമായി മുടങ്ങിക്കിടക്കുന്നത്.
മൈലാപ്പൂര് പള്ളി ജംക്ഷൻ മുതൽ സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് സമീപം വരെ മെറ്റൽ നിരത്തുന്ന ജോലികൾ നടത്തിയ ശേഷം നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. കരാറുകാരനെ പഞ്ചായത്ത് അംഗം ഒട്ടേറെ തവണ ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല.
നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ കലക്ടർക്കും എംഎൽഎയ്ക്കും പരാതി നൽകും.
ഡോൺബോസ്കോ –കെഐപി ഒാഫിസ് ഭാഗത്തേക്കുള്ള റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണ് അടുത്ത ഘട്ടത്തിൽ നടത്തേണ്ടത്. ഇതിനായി ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ എടുത്തില്ല.
ബിഎം ആൻഡ് ബിസി മാതൃകയിലുള്ള ഹൈടെക് റോഡാണ് 5 കിലോമീറ്ററിൽ നിർമിക്കുന്നത്.പ്രദേശവാസികളുടെയും റൈസിങ് കൊട്ടിയം ഉൾപ്പെടെയുള്ള സാമൂഹിക സാംസ്കാരിക സംഘടനകളുടെ നിരന്തരമുള്ള സമരങ്ങൾക്ക് ഒടുവിൽ റോഡ് നിർമാണത്തിനായി ഫണ്ട് അനുവദിക്കപ്പെട്ടത്.
ഇതുവഴി കൊല്ലം–പരവൂർ ഭാഗത്തേക്ക് ഒട്ടേറെ സ്വകാര്യ ബസുകളാണ് സർവീസ് നടത്തി കൊണ്ടിരുന്നത്. റോഡ് മോശമായതോടെ ബസ് സർവീസും നിലച്ചു.
കുണ്ടും കുഴിയുമായ റോഡിലൂടെ സവാരി പോകാൻ ഒാട്ടോ റിക്ഷകളും വരാറായതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. ഒടുവിലാണ് സമരവുമായി ജനം തെരുവിലിറങ്ങിയത്.
ഒടുവിൽ ഫണ്ട് അനുവദിക്കുകയും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കുകയും ചെയ്തു. അടിയന്തരമായി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

