കാഞ്ഞിരപ്പള്ളി ∙ വീട്ടിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകവും ആത്മഹത്യയുമാണെന്നു പൊലീസ്. യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതായാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
നെടുങ്കണ്ടം കല്ലാർ തുരുത്തിയിൽ ഷേർലി മാത്യു (45), കോട്ടയം കുമ്മനം ആലുംമൂട് കുരുട്ടുപറമ്പിൽ ജോബ് സക്കറിയ (38) എന്നിവരെയാണു ഷേർലിയുടെ കുളപ്പുറത്തുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും സംബന്ധിച്ച തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.
ഞായറാഴ്ച വൈകിട്ടു വീട്ടിലെത്തിയ ജോബ് ഷേർലിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തിപ്പരുക്കേൽപിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു നിഗമനമെന്നും പൊലീസ് അറിയിച്ചു.
ജോബുമായി വഴക്കുണ്ടാക്കിയെന്നും തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഷേർലി മറ്റൊരു സുഹൃത്തിനെ ഞായറാഴ്ച വൈകിട്ട് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇദ്ദേഹം രാത്രി തിരികെ വിളിച്ചെങ്കിലും ഷേർലി ഫോൺ എടുക്കാതെ വന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോൾ വീടിന്റെ കിടപ്പുമുറിയിൽ നിലത്ത് ഷേർലിയെ രക്തം വാർന്നു മരിച്ചനിലയിലും ഹാളിൽ സ്റ്റെയർകെയ്സ് കമ്പിയിൽ ജോബിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. എട്ടുമാസമായി ജോബ് ഷേർലിയോടൊപ്പം ഈ വീട്ടിൽ ഉണ്ടായിരുന്നെന്നും ബന്ധുവാണെന്നാണ് അറിയിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു.
ഭർത്താവു മരിച്ചതോടെയാണു ഷേർലി കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിയത്. മുക്കാലിയിൽ വാടകയ്ക്കു താമസിച്ച ശേഷം കുളപ്പുറത്തു സ്ഥലംവാങ്ങി വീടു വയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ച, ഇവരുടെ നേരത്തേയുള്ള ബന്ധത്തിലെ മകൻ ഇവിടെ എത്തിയിരുന്നതായും നാട്ടുകാർ പറയുന്നുണ്ട്. ഷേർലിയെ കൊലപ്പെടുത്തിയ ആയുധം കണ്ടെത്താനായിട്ടില്ല.
നേരറിയാക്കഥകൾ; ചുരുളഴിയാത്ത ചോദ്യങ്ങൾ
കാഞ്ഞിരപ്പള്ളി ∙ കേട്ടത് പല കഥകൾ.
പക്ഷേ, അതിൽ സത്യമേത്, കളവേത് എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിലാണു നാട്ടുകാർ. ഒരു മതിലിന്റെ വ്യത്യാസത്തിലുള്ള വീട്ടുകാർക്കുപോലും മരിച്ച രണ്ടുപേരെയും പറ്റി കൃത്യമായ വിവരങ്ങൾ അറിയില്ല. എട്ടുമാസം മുൻപാണു ഷേർലി, കൂവപ്പള്ളിക്കു സമീപം കുളപ്പുറത്തു സ്ഥലം വാങ്ങി വലിയ വീട് വച്ചത്.
അതിനുശേഷം ഇതേ ഹൗസിങ് ലെയ്നിൽ പുതിയ പല വീടുകളും വന്നു. എന്നാൽ ഷേർലി ആരാണെന്ന് ഇവിടെയുള്ള ആർക്കും വ്യക്തമായ അറിവില്ല. ഭർത്താവ് മരിച്ചുപോയി, ഭർത്താവ് ഉണ്ട്, മക്കൾ വിദേശത്താണ്, ഒരു മകൾ മരിച്ചു പോയി തുടങ്ങി പല ‘കഥ’കളാണു പലരോടും പറഞ്ഞിട്ടുള്ളത്.
കൂടെയുള്ള ജോബ് സഹോദരനാണെന്നും അയൽവാസികളോടു പറഞ്ഞിട്ടുണ്ട്.ജോബ് കോട്ടയത്ത് ട്യൂഷൻ സെന്റർ നടത്തുകയാണെന്നും അയൽക്കാരോടു പറഞ്ഞിരുന്നു. വീടുനിർമാണ സമയത്ത് ഷേർലിക്ക് ഒപ്പമുണ്ടായിരുന്ന ഒരാൾ ഭർത്താവാണെന്നും പറഞ്ഞിരുന്നു.
പരാതി, ചികിത്സ
ഷേർലി പണം നൽകാനുണ്ടെന്നു ജോബും ജോബ് തനിക്കു പണം നൽകാനുണ്ടെന്നും ഷേർലിയും പൊലീസിൽ പരാതിപ്പെട്ടിരുന്നു.
ബന്ധം വഷളായതോടെ ജോബ് ഒരു മാസത്തോളമായി കുളപ്പുറത്തെ വീട്ടിലേക്കു വരാറില്ലെന്നു പറയപ്പെടുന്നു. ഇതിനിടെ ഷേർലിക്ക്, പെട്ടെന്നു ദേഷ്യം വരുന്നത് ഉൾപ്പെടെ മാനസിക പ്രശ്നങ്ങൾ ഉണ്ടായെന്നും പൊലീസ് പറയുന്നു.
ഇതോടെ മുൻ ബന്ധത്തിലെ മകനും ജോബും ചേർന്നു ഷേർലിയെ കൊച്ചിയിൽ ചികിത്സയ്ക്കു കൊണ്ടുപോയിരുന്നതായും പൊലീസ് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

