എറണാകുളം – കൊല്ലം റൂട്ടിൽ യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമായി വേണാട് എക്സ്പ്രസിനു മുൻപായി മറ്റൊരു ട്രെയിൻ കൂടി സർവീസ് ആരംഭിക്കാൻ സാധ്യതയൊരുങ്ങുന്നു. കേരളത്തിൽ ഏറ്റവുമധികം ട്രെയിൻ സർവീസുകളും പുതിയ സ്റ്റോപ്പുകളും നേടിയെടുക്കുകയും, ഒട്ടനവധി ട്രെയിനുകളുടെ റൂട്ടുകൾ ദീർഘിപ്പിച്ച് നൽകുകയും ചെയ്ത കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
റെയിൽവേയുമായി ബന്ധപ്പെട്ട നിരന്തര ഇടപെടലുകൾ കാരണം സമൂഹമാധ്യമങ്ങളിൽ ട്രോളുകളിലും വിശേഷണങ്ങളിലും നിറയുന്ന അദ്ദേഹം തന്റെ പ്രവർത്തനരീതികളെയും അനുഭവങ്ങളെയും കുറിച്ച് സംസാരിക്കുന്നു.
എറണാകുളം – കൊല്ലം റൂട്ടിലെ വൈകിട്ടത്തെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വേണാട് എക്സ്പ്രസിന് മുൻപൊരു ട്രെയിൻ അനുവദിക്കാൻ തീരുമാനമായിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി ഇങ്ങനെ: “കൊല്ലത്തേക്ക് വരുന്ന വേണാട് എക്സിൽ എറണാകുളത്തിന് ഇപ്പുറമുള്ള വിവിധ സ്റ്റേഷനുകളിൽ നിന്ന് കയറുന്നവരിൽ നല്ലൊരു പങ്കും മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലുള്ളവരാണ്. രാവിലെ ജോലിക്ക് പോയി തിരിച്ചുവരുന്നവരാണ് അധികവും.
രാവിലെ ഒരു പ്രതിസന്ധി ഉണ്ടായിരുന്നു. റെയിൽവേയിൽ സമ്മർദം ചെലുത്തി വേണാടിനു മുൻപൊരു മെമു സർവീസ് ആരംഭിച്ചാണ് അതിനുള്ള പരിഹാരം കണ്ടെത്തിയത്.
ആദ്യം 9 കോച്ചായിരുന്ന ആ മെമുവിൽ തിരക്ക് കൂടുതലായത് ചൂണ്ടിക്കാട്ടി ഇപ്പോൾ 12 കോച്ചാക്കി. രാവിലത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായപ്പോഴാണ് വൈകിട്ടത്തെ പ്രശ്നം.
വേണാടിൽ കയറാൻ പറ്റാത്ത രീതിയിൽ പല സ്റ്റേഷനുകളിലും തിക്കും തിരക്കുമാണ്. അതിന്റെ വിഡിയോകൾ യാത്രക്കാർ പല ഭാഗത്ത് നിന്നായി എനിക്ക് അയച്ചു തന്നു.
അത് കണ്ടപ്പോൾ ഏത് സമയത്തും ഒരു ആൾക്കൂട്ട ദുരന്തം ഉണ്ടായേക്കാമെന്ന് തോന്നി.
വേണാടിലെ ഓരോ കംപാർട്ട്മെന്റിലെയും തിരക്കിന്റെ ചിത്രങ്ങൾ ഞാൻ റെയിൽവേ മന്ത്രിക്ക് അയച്ചു കൊടുത്തു. റെയിൽവേ ബോർഡിനെയും ദക്ഷിണ റെയിൽവേയിലെ ഉദ്യോഗസ്ഥരെയും ഈ ചിത്രങ്ങൾ കാണിച്ചു.
രണ്ടാഴ്ചയ്ക്ക് മുൻപ് മന്ത്രിയുടെ ചേംബറിൽ പോയി കണ്ട് നേരിട്ട് സംസാരിച്ചു. എന്റെ മുന്നിൽ വച്ച് തന്നെ മന്ത്രി റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
രണ്ട് ദിവസം മുൻപ് ഡൽഹിയിലെത്തിയപ്പോൾ വീണ്ടും ഞാൻ കുറച്ചു വിഡിയോകളുമായി റെയിൽവേ ബോർഡിലേക്ക് പോയി. ഒടുവിൽ എറണാകുളത്ത് നിന്ന് കൊല്ലത്തേക്ക് വേണാടിനു മുൻപൊരു പാസഞ്ചർ ട്രെയിൻ അല്ലെങ്കിൽ മെമു എന്ന ധാരണയിലേക്ക് എത്തിയിട്ടുണ്ട്.
കൊല്ലം വരെ പോരാ, പുനലൂർ വരെ പോകണം എന്ന ആവശ്യം കൂടി ഞാൻ ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങളിലേക്ക് റെയിൽവേ കടന്നിട്ടുണ്ട്. മെമു എന്ന തീരുമാനത്തിലേക്കാണ് റെയിൽവേ നീങ്ങുന്നതെന്നാണ് വിവരം.” നിലമ്പൂർ – കോട്ടയം എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടാനുള്ള ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു.
“വേണാടും പാലരുവിയും പോയി കഴിഞ്ഞാൽ പിന്നെ പുലർച്ചെ അമൃത എക്സ്പ്രസാണ് സാധാരണക്കാർക്ക് സഞ്ചരിക്കാൻ കോട്ടയത്ത് നിന്ന് കായംകുളം ഭാഗത്തേക്കുള്ളത്. ഇതിനിടയിലുള്ളത് വന്ദേഭാരത് എക്സ്പ്രസാണ്.
നിലമ്പൂർ റോഡിൽ നിന്ന് കോട്ടയത്ത് എത്തി രാത്രി 10 മണിക്ക് സർവീസ് അവസാനിപ്പിക്കുന്ന നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് എന്നൊരു ട്രെയിനുണ്ട്. അത് കൊല്ലം വരെ നീട്ടണമെന്ന നിർദേശവുമായി കഴിഞ്ഞ ഒരു വർഷമായി ഞാൻ റെയിൽവേയ്ക്ക് പിന്നാലെ നടക്കുകയാണ്.
ഒരു കാരണവശാലും ആ ട്രെയിൻ കൊല്ലത്തേക്ക് നീട്ടാൻ പറ്റില്ലെന്നാണ് അവർ പറയുന്നത്. രാത്രി 10 മണിയ്ക്ക് ശേഷമാണ് കോട്ടയം മുതൽ കൊല്ലം വരെയുള്ള സെക്ടറുകളിൽ അറ്റകുറ്റപണികൾ നടത്തുന്നത് എന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ വിട്ടുകൊടുക്കാൻ ഞാൻ തയാറായില്ല, നിരന്തരം സമ്മർദം ചെലുത്തുകയാണ്. 10 മണിക്ക് കോട്ടയത്ത് എത്തി അവിടെ വെറുതേ കിടക്കുന്ന ഈ ട്രെയിൻ കൊല്ലം വരെ നീട്ടിയാൽ വേണാടിനു ശേഷമുള്ള യാത്രക്കാർക്കും ആ ട്രെയിനിൽ കയറി വരാൻ പറ്റുമെന്നും രാവിലെ സമയം തെറ്റിക്കാതെ തന്നെ കോട്ടയത്ത് തിരിച്ച് എത്താൻ പറ്റുമെന്നും എല്ലാം പറഞ്ഞു.
അതിനിടയിലാണ് വേണാട് എക്സ്പ്രസിനു മുന്നേയുള്ള ട്രെയിൻ എന്ന ആശയത്തിനു പിന്നാലെ പോകേണ്ടി വന്നത്. എന്നുകരുതി ഇത് ഉപേക്ഷിക്കില്ല.” റെയിൽവേയുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങളിലെ സ്ഥിരോത്സാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ മറുപടി: “യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഞാൻ ഇടപെടുന്നത്. റെയിൽവേ മന്ത്രിയെ കണ്ട് ഒരു നിവേദനം കൊടുത്താലോ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞാലോ ഒന്നും നടക്കില്ല.
റെയിൽവേ വലിയൊരു പ്രസ്ഥാനമാണ്. നമ്മൾ പറയുന്നതു പോലെ ഇന്ത്യയൊട്ടാകെ പലരും പല ആവശ്യങ്ങളും പറയും.
ഒരു കാര്യം പറയുമ്പോൾ മുൻഗണന കിട്ടണമെങ്കിൽ നിരന്തരമായി ഫോളോഅപ്പ് ചെയ്തു കൊണ്ടിരിക്കണം. ഫോളോഅപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒഴിയാൻ പറ്റാത്തൊരു അവസ്ഥയിലേക്ക് അവരെ എത്തിക്കുകയാണ്.
യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ശരിക്കും മനസിലാക്കിയെങ്കിൽ മാത്രമേ ആ ഫോളോഅപ്പുമായി മുന്നോട്ടു പോവാൻ കഴിയുകയുള്ളൂ. എറണാകുളം – വേളാങ്കണ്ണി ട്രെയിൻ എന്റെ ആവശ്യപ്രകാരമാണ് നടപ്പിലായത്.
ആദ്യം അത് ആഴ്ചയിൽ ഒന്നായിരുന്നു. ഇപ്പോൾ ആഴ്ചയിൽ രണ്ടായി.
പിന്നീട് സീസൺ സമയത്ത് ഒരു സ്പെഷൽ ട്രെയിനും വന്നു. ആ ട്രെയിൻ ദിവസേന ആക്കാനുള്ള വലിയ സമ്മർദം ചെലുത്തി കൊണ്ടിരിക്കുകയാണ്.
തിരുപ്പതിയിൽ പോകുന്ന യാത്രക്കാർക്ക് വേണ്ടി സമ്മർദം ചെലുത്തിയാണ് കൊല്ലം – തിരുപ്പതി എക്സ്പ്രസ് കൊണ്ടുവന്നത്. ആഴ്ചയിൽ രണ്ട് ദിവസമുള്ള ആ ട്രെയിനും ദിവസേന ആക്കാൻ ശ്രമിക്കുന്നുണ്ട്.
ഇതൊക്കെ ദിവസേന ഓടുന്നത് വരെ അതിന്റെ പിന്നാലെ ഞാനുണ്ടാകും. കൊല്ലം – ചെങ്കോട്ട
മീറ്റർ ഗേജ് ഉണ്ടായിരുന്നപ്പോൾ നമുക്കൊരു കോയമ്പത്തൂർ ട്രെയിനുണ്ടായിരുന്നു. ആ ട്രെയിൻ പിന്നീട് പുനരാരംഭിച്ചിട്ടില്ല.
അത് നേടിയെടുക്കാനായി അതിനു പിന്നാലെ ഞാൻ നിൽക്കുകയാണ്. കോയമ്പത്തൂരിൽ നിന്ന് ട്രെയിൻ തുടങ്ങാൻ സൗകര്യമില്ലെന്ന് പറഞ്ഞപ്പോൾ ഈറോഡിൽ നിന്ന് തുടങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പല ട്രെയിനുകളുടെയും റൂട്ടുകൾ നീട്ടാനായി ചോദിച്ചിട്ടുണ്ട്. പുതിയ ട്രെയിനുകളും ചോദിച്ചിട്ടുണ്ട്.
കൊല്ലം – വിശാഖപട്ടണം ട്രെയിനും ദിവസേന ആക്കണമെന്ന് റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിനിൽ യാത്ര ചെയ്താലെ നമ്മുടെ നാട്ടിലെ യാത്രക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ പറ്റുകയുള്ളൂ.
രാത്രി മലബാറിലും മാവേലിയിലുമൊക്കെ ജനറൽ കംപാർട്ട്മെന്റിൽ ഉള്ള തിരക്കുകൾ നേരിട്ട് ഞാൻ മനസിലാക്കിയിട്ടുണ്ട്. നിരന്തരം കത്തുകൾ അയക്കണം, നിരന്തരം ഫോണിൽ സംസാരിക്കണം, നേരിട്ടു കണ്ടും സമ്മർദം ചെലുത്തണം.” ട്രോളുകളെക്കുറിച്ചുള്ള സമീപനം എന്തെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: “എന്നെ കളിയാക്കുന്നതൊന്നും ഗൗനിക്കാറില്ല.
ഞാൻ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണ്. പാവപ്പെട്ട, ദുരിതം അനുഭവിക്കുന്ന യാത്രക്കാർക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്.
പക്ഷേ എന്നെ പല തരത്തിൽ കളിയാക്കുകയും ട്രോളുകൾ പടച്ചുവിടുകയുമൊക്കെയാണ് പതിവ്. എനിക്ക് അതൊന്നും വിഷയമല്ല.
ഒരു ട്രെയിൻ താമസിച്ചാൽ, ഒരു ട്രെയിൻ പിടിച്ചിട്ടാൽ, അപ്പോൾ ആ ട്രെയിനിലെ ഒരു യാത്രക്കാരനെങ്കിലും എന്നെ വിളിക്കാറുണ്ട്, അല്ലെങ്കിൽ മെസേജ് അയക്കാറുണ്ട്. പല യാത്രക്കാരും അവരുേടതായ നിർദേശങ്ങൾ എനിക്ക് നൽകാറുണ്ട്.” മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും സമീപിക്കുന്നതിനെക്കുറിച്ച്: “തമിഴ്നാടിന്റെ പല ഭാഗത്ത് നിന്നുള്ള ആളുകളും യാത്രക്കാരുടെ സംഘടനകളും എന്നെ സമീപിക്കാറുണ്ട്.
കൊട്ടാരക്കരയിലെയും ചെങ്ങന്നൂരിലെയും ഓഫിസുകളിലാണ് ഇവരിൽ പലരും കാണാനെത്തുന്നത്. ചിലരൊക്കെ വന്ന് നിവേദനം തന്ന് ഷാളൊക്കെ അണിയിക്കും.
ഞാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ അവർക്കൊരു അദ്ഭുതം പോലെയാണ്. വേളാങ്കണ്ണി ട്രെയിൻ തുടങ്ങിയപ്പോൾ ചെങ്കോട്ട
മുതൽ നാഗപട്ടണം വരെ എല്ലാ സ്റ്റേഷനുകളിലും എനിക്ക് തമിഴ്നാട്ടുകാർ സ്വീകരണമൊരുക്കിയിരുന്നു. നടത്തുന്ന ഇടപെടലൊക്കെ അവർ എങ്ങനെയോ അറിയുന്നുണ്ട്.
വേളാങ്കണ്ണി റെയിൽവേ സ്റ്റേഷൻ വികസനത്തിന് വിജയപുരം രൂപത ബിഷപ് എനിക്കൊരു നിവേദനം നൽകിയിരുന്നു. മധുര ഡിവിഷന്റെ യോഗത്തിൽ തമിഴ്നാട്ടിലെ എംപിമാരുമായി ചേർന്ന് ഈ വിഷയം ഉന്നയിച്ചു.
ട്രെയിനുകളുടെ കാര്യങ്ങളിൽ മാത്രമല്ല, സ്റ്റേഷൻ വികസനത്തിനും നമ്മൾ സജീവമായി ഇടപെടണം.” ചങ്ങനാശ്ശേരി സ്റ്റേഷനിൽ ജനശതാബ്ദിക്ക് സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു: “കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദിക്ക് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് ഇല്ലായിരുന്നു.
മന്നം ജയന്തിക്കും എൻഎസ്എസ് ബജറ്റ് സമ്മേളനത്തിനും മലബാറിൽ നിന്നും വരുന്ന എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികൾ, കരയോഗം ഭാരവാഹികൾ അടക്കമുള്ളവർ ഒന്നുകിൽ കോട്ടയത്ത് ഇറങ്ങണം, അല്ലെങ്കിൽ തിരുവല്ലയിൽ ഇറങ്ങി പെരുന്നയിലേക്ക് പോകണം. കഴിഞ്ഞ കുറേ കാലമായി അവിടെ വരുന്നവർ ചങ്ങനാശ്ശേരിയിൽ ഞങ്ങൾക്കൊരു സ്റ്റോപ് വേണമെന്ന് എന്നോട് പറഞ്ഞിരുന്നു.
അവർ പറയുന്നത് ന്യായമാണെന്ന് എനിക്ക് തോന്നുകയും സമ്മർദം ചെലുത്തുകയും ചെയ്തു. എന്നാൽ ചങ്ങനാശ്ശേരിക്കും തിരുവല്ലയ്ക്കും ഇടയ്ക്ക് ജനശതാബ്ദിക്ക് ഒരു സ്റ്റോപ് സാങ്കേതികമായി പ്രയാസമുള്ള കാര്യമാണ്.
ട്രെയിൻ നിർത്തണമെങ്കിൽ 5 മിനിറ്റ് മുന്നേ അത് സ്ലോ ചെയ്യണം. ഒരു മിനിറ്റ് നിർത്തിയ ശേഷം ട്രെയിൻ എടുത്താൽ പിന്നെ ഏഴ് മിനിറ്റ് കഴിഞ്ഞെങ്കിൽ മാത്രമേ പഴയ സ്പീഡിലേക്ക് എത്തൂ.
ഇങ്ങനെ പല സാങ്കേതിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. നമ്മൾ പെട്ടെന്നൊരു സ്റ്റോപ്പെന്ന് പറയുമ്പോൾ ഉള്ളൊരു പ്രശ്നമാണിത്.
ഒരു ട്രെയിനിനു സ്റ്റോപ് അനുവദിക്കുന്നത് മറ്റ് ട്രെയിനുകളുടെ സമയക്രമങ്ങളെയും ബാധിക്കും. ഒരുപാട് സാങ്കേതിക പ്രശ്നങ്ങൾ റെയിൽവേ പറഞ്ഞെങ്കിലും ഒടുവിൽ ജനശതാബ്ദിക്ക് ചങ്ങനാശ്ശേരിയിൽ സ്റ്റോപ് കിട്ടി.
ഇങ്ങനെ ഓരോ സ്ഥലത്തെയും പ്രത്യേകതകൾ ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും ആളുകൾക്ക് വേണ്ടി സ്റ്റോപ്പിനായി സമ്മർദം ചെലുത്തുന്നത്. സ്റ്റോപ് തരാതിരിക്കാൻ റെയിൽവേയ്ക്ക് അവരുേടതായ പല ന്യായങ്ങളും കാണും.
എന്നാൽ അവരുടെ നിലപാടിനെ തിരുത്തി നമുക്ക് അനുകൂലമായി കൊണ്ടുവരും.” രാഷ്ട്രീയ അവകാശവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി: “ഇപ്പോൾ രാജ്യം ഭരിക്കുന്നത് ബിജെപിയാണല്ലോ. സ്വാഭാവികമായും അവരുടെയൊരു അവകാശവാദം കാണും.
അവരുടെ സർക്കാരാണ് കൊണ്ടുവന്നത്, മോദിയാണ് അനുവദിച്ചത്, അശ്വിനി വൈഷ്ണവാണ് ഫണ്ട് തന്നത് എന്നൊക്കെ അവർ പറയും. അവർ പറഞ്ഞു കൊണ്ടേയിരിക്കും, ചെയ്യാനുള്ളത് ഞാൻ ചെയ്തു കൊണ്ടേയിരിക്കാം.
ആരെങ്കിലും അവകാശവാദം ഉന്നയിക്കുന്നെന്ന് കരുതി റെയിൽ യാത്രക്കാരുടെ പ്രശ്നങ്ങളിൽ നിന്ന് മാറിനിൽക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല. ലോക്സഭയിലെ മുതിർന്ന അംഗം എന്ന നിലയിൽ റെയിൽവേയിലെ പല ഉദ്യോഗസ്ഥരെയും ദീർഘകാലമായി എനിക്ക് പരിചയമുണ്ട്.
ഞാൻ പറയുന്ന പല കാര്യങ്ങളും റെയിൽവേ ബോർഡ് ഗൗരവമായി എടുക്കാറുമുണ്ട്. ഏത് സർക്കാരും ഈ വിഷയത്തിൽ എനിക്കൊരു പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

