ചവറയിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണാഭരണങ്ങൾ അതിവിദഗ്ധമായി കവർന്ന സ്ത്രീയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് അറസ്റ്റിലായത്.
ഇന്നലെ പകൽ 11ന് കൊല്ലക കന്നിമൂല കിഴക്കേതിൽ സതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കുട്ടി വീടിനകത്തിരുന്നു കളിക്കുകയും അമ്മ ശ്യാമ പുറത്ത് തുണി അലക്കുകയുമായിരുന്നു.
ഈ സമയം ഇവിടെ എത്തിയ ഹസീന ശ്യാമ കാണാതെ തുറന്നു കിടന്ന അടുക്കളവാതിൽവഴി അകത്തു കടക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന അരഞ്ഞാണവും 9 ഗ്രാം തൂക്കം വരുന്ന മാലയും ഊരിയെടുത്ത് മുൻവാതിൽ തുറന്ന് പുറത്തേക്കു പോകുകയായിരുന്നു.
മോഷ്ടാക്കൾ എത്തി കുട്ടിയുടെ സ്വർണാഭരണങ്ങൾ കവർന്നതാകാമെന്ന നിഗമനത്തിൽ വീട്ടുകാർ ചവറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയും സമീപപ്രദേശങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചും വഴിയാത്രക്കാരോട് അന്വേഷിച്ചും മോഷണം നടത്തിയ സ്ത്രീയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തുകയായിരുന്നു.
കവർന്ന സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളിയിലെ ഒരു ജ്വല്ലറിയിൽ വിറ്റ് 2 ലക്ഷം രൂപയുമായി മടങ്ങിവരുന്നതിനിടെ ഹസീന പൊലീസ് വലയിലാകുകയായിരുന്നു. നേരത്തേ സതീഷിന്റെ വീട്ടുകാരുമായി ഹസീനയ്ക്കു പരിചയമുണ്ടായിരുന്നു.
അന്ന് ഇവർ സ്വർണം പണയം വയ്ക്കാൻ വാങ്ങുകയും പലതവണ നിർബന്ധിച്ചതോടെ മടക്കി നൽകുകയും ചെയ്തിരുന്നു. ഹസീനയെ റിമാൻഡ് ചെയ്തു.
എസ്എച്ച്ഒ സുജോ ജോർജ് ആന്റണി, എസ്ഐ ബി.ഓമനക്കുട്ടൻ, ഗ്രേഡ് എസ്ഐ ഷാജിമോൻ, എസ്സിപിഒ വി.പ്രദീപ്, സിപിഒ ആര്യ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

