സംസ്ഥാനത്ത് വലിയ വികസന മുന്നേറ്റങ്ങൾക്ക് കളമൊരുങ്ങുന്നുവെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്.
‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ പ്രമുഖ തുറമുഖ നഗരമാക്കി മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വി.കെ.ഫൈസൽ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഫ്യൂച്ചർ കാലിക്കറ്റ് 360’ വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിൽ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയുടെ പഠനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നും, അത് പൂർത്തിയാകുന്ന മുറയ്ക്ക് യാതൊരു കാലതാമസവുമില്ലാതെ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.
തുറമുഖ വികസനവും വ്യവസായ സാധ്യതകളും
കോഴിക്കോട്ടെ മുഴുവൻ തുറമുഖങ്ങളും വികസിപ്പിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ്, കണ്ടെയ്നർ ഫെലിസിറ്റേഷൻ സെന്റർ, ട്രാൻസ്ഷിപ്മെന്റ് ഉൾപ്പെടെ ഒട്ടനവധി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്ന പദ്ധതികളാണ് തുറമുഖങ്ങളോടനുബന്ധിച്ച് നടപ്പിലാക്കുക.
തുറമുഖങ്ങളുടെ ഈ വികസനം നഗരത്തിന്റെ കൂടി വളർച്ചയായി മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ആവശ്യത്തിന് സ്ഥലം ലഭ്യമാകുന്ന പക്ഷം കോഴിക്കോട്ട് ക്രൂസ് ടെർമിനൽ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് രാജ്യാന്തര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ഏവിയേഷൻ ഹബുകളിൽ കോഴിക്കോടിന് പ്രത്യേക പ്രാധാന്യമുണ്ടായിരിക്കും. നഗരത്തിൽനിന്ന് എയർപോർട്ടിലേക്ക് അതിവേഗം എത്തിച്ചേരുന്നതിനുള്ള പുതിയ യാത്രാ സംവിധാനങ്ങളും എയർപോർട്ടുമായി ബന്ധപ്പെട്ട
മറ്റ് വികസന പദ്ധതികളും നടപ്പിലാക്കും. എം.ടി.
വാസുദേവൻ നായർ കൾചറൽ പാർക്ക്
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട്ട് നിർമ്മിക്കുന്ന കൾചറൽ പാർക്ക് ലോകനിലവാരത്തിലുള്ള ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രമാക്കി മാറ്റും.
ആധുനിക തിയറ്ററുകൾ, ആർട്ട് എക്സിബിഷൻ ഗാലറികൾ, തനത് കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക വേദികൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ടാകും. കോഴിക്കോടിന്റെ പൈതൃകം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന പ്രധാന കേന്ദ്രമായി ഇത് മാറുമെന്നും, ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും മൂന്ന് മാസത്തിനകം പ്രവൃത്തികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഐടി മേഖലയിലും നോളജ് വാലിയിലും വൻ കുതിപ്പ്
തിരുവനന്തപുരത്തെ ടെക്നോ പാർക്കിനെയും എറണാകുളത്തെ ഇൻഫോ പാർക്കിനെയും വെല്ലുന്ന രീതിയിലുള്ള സൈബർ പാർക്ക് കോഴിക്കോട്ട് യാഥാർഥ്യമാക്കും. ലോകത്തെ പ്രമുഖ സർവകലാശാലകളുടെ ക്യാംപസുകൾ ഉൾക്കൊള്ളുന്ന നോളജ് വാലി പദ്ധതിക്കായി സ്ഥലം ലഭ്യമായാൽ കോഴിക്കോടിനെയും പരിഗണിക്കും.
മാങ്കാവ് പാലം ഉൾപ്പെടെയുള്ള പ്രധാന പാലങ്ങളുടെ വികസനത്തിന് ഉയർന്ന മുൻഗണന നൽകും. വികസന പ്രവർത്തനങ്ങൾക്ക് കോഴിക്കോട് എൻഐടിയുടെ സാങ്കേതിക സഹായം പൂർണ്ണമായും പ്രയോജനപ്പെടുത്തുമെന്നും, കോഴിക്കോടിനെക്കുറിച്ചുള്ള ജനങ്ങളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ കൃഷി മന്ത്രി ടി.സിദ്ദിഖ്, എം.കെ രാഘവൻ എംപി, എംഎൽഎമാരായ വി.കെ.ഫൈസൽ ബാബു, കെ. ജയന്ത്, കെ.
പ്രവീൺ കുമാർ, മുൻ മന്ത്രി എം.കെ. മുനീർ, അസിസ്റ്റന്റ് കലക്ടർ മാളവിക ജി നായർ, നടൻ ജോയ് മാത്യു തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

