കൊല്ലം ∙ കുറച്ചുകാലം മുൻപു വരെ ഉത്സവ നോട്ടിസുകളിലെ പ്രധാന ഇനമായിരുന്നു ബാലെ എന്ന നൃത്ത– നാടകം. നായകനും നായികയും പ്രതിനായകനും ഉൾപ്പെടെ എല്ലാവരും പാട്ടിലൂടെ വർത്തമാനം പറയുന്ന കലാരൂപം.
പാട്ടുകാരും പക്കമേളക്കാരും വേദിയുടെ വശത്തിരുന്നു പാടുന്നതിന് അനുസരിച്ചായിരുന്നു കഥയാടൽ. ഒന്നോ രണ്ടോ വാക്കുകളിൽ ചെറിയ ഡയലോഗും.
സിനിമയിൽ എന്ന പോലെ ഇടയ്ക്കിടെ സീൻ മാറും.
രണ്ടര മണിക്കൂറോളം നീളുന്ന ബാലെയിൽ 20–23 സീൻ ഉണ്ടാകും. കൊട്ടാരവും കാടും കായലും വീടും ഒക്കെയാണ് സെറ്റ്.
അന്നൊക്കെ നാടകത്തിൽ ഒന്നോ രണ്ടോ സീൻ മാത്രമേ ഉണ്ടാവുകയുള്ളൂ. കൊമ്പൻ മീശയും വാളും പരിചയും തിളങ്ങുന്ന ആടയാഭരണങ്ങളുമായി കഥാപാത്രങ്ങൾ എത്തും.
കഥാപ്രസംഗം എന്ന പോലെ പ്രധാന നർത്തകന്റെ പേരിനായിരുന്നു പ്രാമുഖ്യം.
ഗുരു ഗോപിനാഥ്, ചങ്ങനാശേരി ജയകേരളയുടെ സ്ഥാപകൻ തൃപ്പുണിത്തുറ അരവിന്ദാക്ഷ മേനോൻ, കലാമണ്ഡലം ഗംഗാധരൻ മാസ്റ്റർ, കൊല്ലത്തെ ആദ്യകാല ബാലെ സമിതി ഉടമയായ ധർമരാജ് മദ്രാസ്, ചാത്തന്നൂർ ഡാൻസർ പത്മൻ…അങ്ങനെ ഒത്തിരിപ്പേരുണ്ടായിരുന്നു. മിക്കവരുടേതും ‘കുടുംബ സമിതികൾ’ എന്ന പ്രത്യേകതയുമുണ്ട്.
ഭാര്യയും മക്കളും സഹോദരങ്ങളും ഒക്കെ ചേർന്നായിരുന്നു അവതരണം.
പതിനഞ്ചാം നൂറ്റാണ്ടിൽ രൂപം കൊണ്ട്, ഫ്രാൻസിലും റഷ്യയിലും ഇറ്റലിയിലും വികാസം പ്രാപിച്ച ബാലെ കേരളത്തിൽ വളർന്നതു ക്ഷേത്ര മുറ്റത്താണ്. സാധാരണക്കാരായിരുന്നു ആസ്വാദകർ.
രാമായണവും മഹാഭാരതവും പുരാണകഥകളും ചരിത്ര സംഭവങ്ങളും പൂഴിമണ്ണിൽ പായ വിരിച്ചും കടലാസ് നിരത്തിയും ഉറക്കമൊഴിഞ്ഞിരുന്ന് അവർ കാണും. ഇട്ടിരിക്കുന്ന ചെരുപ്പൂരി അതിനു മുകളിലിരുന്നും ബാലെ കാണാൻ ഏറെ പേരുണ്ടാകും.
ഒരേ കഥ ഒരു വേദിയിൽ പലതവണ അവതരിപ്പിച്ചാലും അവർക്ക് മടുപ്പുണ്ടാകില്ല.
ആ പ്രതാപകാലം മാറിയെങ്കിലും ബാലെയുടെ പകിട്ടു പോയിട്ടില്ല. കാലത്തിന് അനുസരിച്ച മാറ്റം ഏറെയുണ്ടാവുകയും ചെയ്തു.
പാട്ടും പിന്നണിയും റെക്കോഡ് ആയി മാറി. മുഴുനീള പാട്ടിനു പകരം സംഭാഷണം കൂടി.
3 പ്രൊജക്ടറുകൾ ഉപയോഗിച്ചു വേദിയിലും ഇരുവശത്തുമായി ദൃശ്യങ്ങൾ നിറഞ്ഞു.
ചിത്രങ്ങൾ നിറഞ്ഞ പിൻ കർട്ടനു പകരം എൽഇഡി ചുവരിൽ ദൃശ്യങ്ങൾ…. തലമുറമാറ്റം ബാലെക്ക് ഉണ്ടായെങ്കിലും കഥയ്ക്ക് മാറ്റമില്ല. നളനും ദമയന്തിയും ഹരിച്ചന്ദ്രനും രാവണനും ദശരഥനുമൊക്കെ വേദിയിൽ നിറഞ്ഞു കളിക്കുന്നു.
ഉത്സവകാലത്ത് മാത്രം തിരശീല ഉയരുന്ന ബാലെക്ക് ഇത് ഉറക്കമില്ലാത്ത രാവുകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

