പുനലൂർ ∙ പുനലൂർ നഗരസഭാ പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുവാൻ പ്രത്യേക സാധ്യതകൾ പ്രയോജനപ്പെടുത്തി സമ്പൂർണ പ്രശ്ന പരിഹാരത്തിന് നഗരസഭാ കൗൺസിൽ തീരുമാനം. കല്ലടയാർ പുനലൂർ നഗരമധ്യത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഇതുവരെ കല്ലടയാറ്റിൽ നിന്നുള്ള ജലം പ്രയോജനപ്പെടുത്തി ശുദ്ധജലപ്രശ്നം സമ്പൂർണമായി പരിഹരിക്കാൻ സാധിക്കാതിരുന്ന പശ്ചാത്തലത്തിലാണ് നഗരസഭാ കൗൺസിലിന്റെ പുതിയ ഇടപെടൽ. നഗരസഭയിലെ ശുദ്ധജല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും നഗരസഭാ അധ്യക്ഷൻ എം.എ.രാജഗോപാൽ അറിയിച്ചു.
വേ
ണ്ടത് 12 ദശലക്ഷം ലീറ്റർ ശുദ്ധജലം
36 വാർഡുകളുള്ള നഗരസഭാ പ്രദേശത്ത് പ്രതിദിനം ആവശ്യമുള്ളത് ഏകദേശം 12 ദശലക്ഷം ലിറ്റർ ശുദ്ധജലമാണ്.
2016ൽ പുനലൂരിൽ നിലവിലുള്ള കുടിവെള്ള പദ്ധതിയിൽ നിന്നു 4.5 ദശലക്ഷം ലീറ്റർ വെള്ളം മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ നഗരസഭ സർക്കാരിനെ സമീപിക്കുകയും പുതിയ ഒരു കുടിവെള്ള പദ്ധതിക്ക് വേണ്ടി പ്രോജക്ട് സമർപ്പിക്കുകയും ചെയ്തു.
പദ്ധതി പൂർത്തിയാകാൻ കാലതാമസം നേരിടും എന്നുള്ളതിനാൽ അതുവരെ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നു പ്രതിദിനം 5 ദശലക്ഷം ലീറ്റർ വെള്ളം നൽകാമെന്ന് ജല അതോറിറ്റി സമ്മതിക്കുകയും ഇതിന്റെ ഭാഗമായി നഗരസഭ നാല് കോടിയിലധികം രൂപ മുടക്കി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്ക് സ്ഥാപിച്ചിരിക്കുന്ന പനംകുറ്റിമലയിൽ നിന്നു പൈപ്പ് ലൈൻ സ്ഥാപിച്ച് ഹൈസ്കൂളിന് സമീപമുള്ള പുനലൂർ കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്കിലേക്ക് വെള്ളം എത്തിക്കുകയും ചെയ്തു. എന്നാൽ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലേക്കും കൊല്ലം കോർപറേഷനിലേക്കും ശുദ്ധജല എത്തിക്കുന്ന പദ്ധതി കൂടി ആരംഭിച്ചപ്പോൾ പുനലൂരിനും കരവാളൂർ പഞ്ചായത്തിനും വെള്ളം എത്തിക്കുന്ന വട്ടമൺ ടാങ്കിൽ പര്യാപ്തമായ വെള്ളം ഇല്ലാത്ത സാഹചര്യമാണ് പലപ്പോഴും ഉണ്ടാകുന്നത്. മറ്റു പഞ്ചായത്തുകളിലും കോർപറേഷനിലും സ്ഥാപിച്ചിരിക്കുന്ന ടാങ്കുകൾ ആദ്യം നിറയുകയും വട്ടമൺ ടാങ്കിലേക്ക് അവസാനം വെള്ളം എത്തുകയുമാണ് ചെയ്യുന്നത്.
അവസാനം വെള്ളം എത്തുന്നതിനാൽ ടാങ്ക് പൂർണമായും നിറയ്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതുമൂലം പുനലൂരിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്തിരുന്ന 5 ദശലക്ഷം വെള്ളം ലഭിക്കാതെ വരുന്നതാണ് ഇന്ന് പുനലൂർ നേരിടുന്ന പ്രധാന പ്രശ്നം.
ജപ്പാൻ, മഞ്ഞമൺകാല പദ്ധതികളിൽ നിന്ന് ശുദ്ധജലം എത്തിക്കാൻ ശ്രമിക്കും
ജപ്പാൻ ശുദ്ധജല പദ്ധതിയുടെ ജലശുദ്ധീകരണ ശാലയിൽ നിന്നു വെള്ളം നേരിട്ട് വട്ടമൺ ടാങ്കിലേക്ക് പമ്പ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ ജല അതോറിറ്റിക്ക് കത്ത് നൽകാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു.
സാമ്പത്തിക ചെലവ് ജലഅതോറിറ്റിക്ക് വഹിക്കാൻ കഴിയാതെ വന്നാൽ നഗരസഭ നൽകുമെന്നും തീരുമാനിച്ചു. കൂടാതെ പുതിയ ശുദ്ധജല പദ്ധതി യാഥാർഥ്യമാകുന്നതു വരെ വിളക്കുടി പഞ്ചായത്തിലെ മഞ്ഞമൺകാല ശുദ്ധജല പദ്ധതിയിൽ നിന്ന് ആരംപുന്ന, പത്തേക്കർ, ചെമ്മന്തൂർ, കോളജ് വാർഡുകളിലേക്ക് വെള്ളം ലഭ്യമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. മണിയാർ, പരവട്ടം, കേളങ്കാവ്, അഷ്ടമംഗലം മേഖലയിലേക്ക് ശുദ്ധജലം എത്തിക്കാൻ കരവാളൂർ പഞ്ചായത്തിന്റെ അതിർത്തിയിലേക്ക് പൈപ്പ് ലൈൻ വിന്യസിക്കാൻ തുക വകയിരുത്തുന്നതിനും തീരുമാനിച്ചു.
നഗരസഭയുടെ തീരുമാനങ്ങൾക്ക് സർക്കാരിന്റെ അനുമതി ലഭിച്ചാൽ പ്രദേശത്തെ ശുദ്ധജല ദൗർലഭ്യം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് എം.എ. രാജഗോപാൽ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

