വനംവകുപ്പ് അന്യായമായി ഏറ്റെടുത്ത് വനഭൂമിയായി വിജ്ഞാപനം ചെയ്ത കൃഷിഭൂമി തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് ഇന്ന് 11 വർഷം പൂർത്തിയാകുന്നു. 2015 ഓഗസ്റ്റ് 15നാണ്, പരേതനായ കാഞ്ഞിരത്തിനാൽ ജോർജിന്റെ മകൾ ട്രീസയുടെ ഭർത്താവായ കോഴിക്കോട് കരിങ്ങാട് കട്ടക്കയത്തിൽ ജെയിംസ് കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്.
മദ്രാസ് പ്രിസർവേഷൻ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ (എംപിപിഎഫ് ആക്ട്) പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂമിയുടെ ആധാരം ഫോറസ്റ്റ് ട്രിബ്യൂണൽ റദ്ദാക്കിയത്. എന്നാൽ യഥാർത്ഥ സർവേ നമ്പർ 238/1ന് പകരം മറ്റൊരു ഭൂമിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഫോറസ്റ്റ് ട്രിബ്യൂണലിന് മുമ്പിൽ കാണിച്ചുകൊടുത്തത്.
വനംവകുപ്പ് പിടിച്ചെടുത്തത് കൃഷിഭൂമിയാണെന്ന് റവന്യു, വിജിലൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായില്ല. വയനാട്ടിലെ മാധ്യമപ്രവർത്തകനായ ജോസ് കുര്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിച്ച ഹർജി പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് കോടതിയുടെ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ സെൽ (പിഐഎൽ) തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
കുടുംബത്തിന് നേരിടേണ്ടിവന്ന മനുഷ്യാവകാശ ലംഘനങ്ങളും നീതിനിഷേധവും സംബന്ധിച്ച് വിശദമായി പരിശോധിക്കുന്നതിനായി സുപ്രീം കോടതി പിഐഎൽ ബ്രാഞ്ച് കേരള സംസ്ഥാന നിയമസഹായ അതോറിറ്റിയുടെ (കെൽസ) സഹായം തേടിയിട്ടുമുണ്ട്. സുപ്രീം കോടതിയുടെ നേരിട്ടുള്ള ഇടപെടലിലും മന്ത്രിസഭാ തലത്തിലുള്ള ഉറപ്പുകളിലും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കെ.കെ.ജെയിംസും കുടുംബവും.
പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നാണ് മന്ത്രി ഷിബുബേബി ജോൺ നൽകിയിട്ടുള്ള ഉറപ്പ്. വിഷയം മന്ത്രിസഭയുടെ സജീവ പരിഗണനയിലാണെന്നും അനുകൂലമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി ടി.സിദ്ദീഖും ജെയിംസിനെ അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

