പ്രത്യയശാസ്ത്രപരമായ ശൂന്യതയാണ് കോൺഗ്രസിനെ എക്കാലത്തും വേട്ടയാടിയിട്ടുള്ളതെന്നും അതിന്റെ തെളിവാണ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ദേശീയഗീതം പൂർണമായി ആലപിച്ച സംഭവമെന്നും രാജ്യസഭാംഗം എ.എ. റഹീം വ്യക്തമാക്കി.
ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നതെങ്കിലും യഥാർത്ഥ സ്ഥിതി അതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം ഒഴികെയുള്ള കോൺഗ്രസ് ഭരണത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളായ കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചിട്ടുണ്ട്.
കോൺഗ്രസ് നിലവിൽ കടുത്ത പ്രത്യയശാസ്ത്ര പ്രതിസന്ധിയിലാണെന്നും എഐസിസി ആസ്ഥാനത്ത് ഇപ്പോൾ കസേരയിട്ടിരിക്കുന്നത് സംഘപരിവാറുകാരാണെന്നും എ.എ. റഹീം ആരോപിച്ചു.
മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും രബീന്ദ്രനാഥ ടാഗോറിനെയും കോൺഗ്രസ് നേതൃത്വം മറന്നുതുടങ്ങിയിരിക്കുന്നു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും എഐസിസി ആസ്ഥാനത്തും കണ്ടത് ഈ അപചയമാണ്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കോൺഗ്രസിന്റെ ഒരു സമുന്നതനായ നേതാവ് ഗണഗീതം വരെ പാടിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കിടയിലാണ് ഈ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായി പാടേണ്ടതില്ലെന്ന പാർട്ടി നിലപാടിന് വിരുദ്ധമായാണ് ഇവിടെ മുഴുവൻ വരികളും ആലപിക്കപ്പെട്ടത്.
ഗാനം പൂർത്തിയാക്കുന്നതിനിടയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും ഇടപെടാൻ ശ്രമിച്ചെങ്കിലും ഗായകർ വരികൾ പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ ന്യായീകരണവുമായി വിവിധ നേതാക്കൾ രംഗത്തെത്തുകയുണ്ടായി.
സംഘാടനത്തിലുണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്ന സൂചനകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. പാർട്ടി പ്രവർത്തകരല്ല, മറിച്ച് പുറത്തുനിന്നുള്ള ഗായകരാണ് ചടങ്ങിൽ ഗാനം അവതരിപ്പിച്ചത്.
ഇവർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ സാധിക്കാതെ വന്നതാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചത്. എന്നാൽ, കേരളത്തിൽ വന്ദേമാതരം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട
വിവാദങ്ങളിൽ കോൺഗ്രസ് നേതൃത്വം ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും എ.എ. റഹീം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

