കൊല്ലം ∙ ഒളിംപിക്സിന് രാജ്യം സജ്ജമാകുമ്പോൾ എന്താണ് കൊല്ലം ഒരുക്കിയിട്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി. എൻഡിഎ കൊല്ലം കോർപറേഷൻ സ്ഥാനാർഥി സംഗമവും വികസനരേഖ പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.
ഒളിംപിക്സ് ഇന്ത്യയിൽ വരുമെന്ന് പറയുന്നത് സ്വപ്നമല്ല. അത് മോദിയുടെ കൽപനയാണ്.
2026 ലോ 2040 ലോ ഒളിംപിക്സ് കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഒളിംപിക്സ് ഗുജറാത്തിലും യുപിയിലും മഹാരാഷ്ട്രയിലും ബെംഗളൂരുവിലും മാത്രം ഒതുങ്ങിയാൽ മതിയോ? എന്നാൽ അതിന് നമ്മൾ എത്ര സജ്ജരാണ്? ഉന്നതരായ കളിക്കാർ ഇറങ്ങിയ കൊല്ലത്തെ ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? സമൂഹമാധ്യമത്തിലൂടെയാണ് അത് കണ്ടത്.
സ്റ്റേഡിയത്തിന്റെ നിലവിലെ സാഹചര്യം നേരിട്ട് കാണാൻ വയ്യ.
സിന്തറ്റിക് ട്രാക്ക് വന്നു എന്നതല്ലാതെ എന്താണ് അവിടെ നടന്നത്? കൊല്ലത്തെ ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ല. റെയിൽവേ സ്റ്റേഷൻ വികസനത്തിനും ബൈപാസ് വികസനത്തിനും മോദിയും ഗഡ്കരിയും വേണ്ടിവന്നു.
ഇതെല്ലാം ജനങ്ങളുടെ പണം കൊണ്ടാണ് നിർമിക്കുന്നത്. അല്ലാതെ മോദിയുടെയോ പിണറായി വിജയന്റെയോ വി.ഡി.സതീശന്റെയോ വീട്ടിൽ നിന്നല്ല.
കഴിഞ്ഞ 30 വർഷം കൊല്ലം ഭരിച്ചവരെ ചോദ്യം ചെയ്താൽ പോര. നിഷ്കാസനം ചെയ്യണമെന്നും മോദിയുടെ നന്മ കൊല്ലത്തും വരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.ജിതിൻ ദേവ്, പ്രകാശ് പാപ്പാടി, സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി, സംസ്ഥാന കമ്മിറ്റി അംഗം എ.ജി.ശ്രീകുമാർ, ബിഡിജെഎസ് ജനറൽ സെക്രട്ടറി എസ്.ഹരി, മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
ഇ.ഡി നോട്ടിസ് അയച്ചത് മറുപടിക്കു വേണ്ടി: സുരേഷ് ഗോപി
കൊല്ലം ∙ ഇവിടെ നിയമവും പൊലീസുമുണ്ടെന്നും ഇനി സിബിഐയും എൻഐഎയും ഇ.ഡിയും വരുമെന്നും അപ്പോൾ കിടന്ന് കയ്യും കാലുമിട്ട് അടിക്കരുതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ് അയച്ചത് നേരിട്ട് ഹാജരാകാൻ വേണ്ടിയല്ല. മറുപടി കൊടുക്കാൻ വേണ്ടിയാണ്.
കിഫ്ബിയായാലും എന്ത് ബി ആയാലും കണക്കു വേണം. പർച്ചേസ് അക്വിസിഷൻ എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിക്കാനാകും, പക്ഷേ സംവിധാനത്തിൽ അത് നടക്കില്ല.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തടക്കം തിരുവനന്തപുരത്ത് 4 സീറ്റുകൾ പിടിക്കും. നേമത്തെ അക്കൗണ്ട് പൂട്ടിച്ചു എന്നു തലയുയർത്തി ആർക്കും പറയാനാവില്ല.
രാഷ്ട്രീയ വിക്രിയയിലൂടെ ഞങ്ങൾ അതു നശിപ്പിച്ചു എന്നു മാത്രമേ നിങ്ങൾക്കു പറയാനാവൂ. നേമത്തെ സീറ്റ് ജനങ്ങൾ ബിജെപിക്കു തിരികെ നൽകും.
തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ വരികയും അടുത്ത 6 മാസത്തിനുള്ളിൽ ട്രിപ്പിൾ എൻജിൻ സർക്കാർ വരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ കൊല്ലം കോർപറേഷൻ സ്ഥാനാർഥി സംഗമവും വികസനരേഖ പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

