കാൽ നനയ്ക്കാൻ കടലിലിറങ്ങുമ്പോൾത്തന്നെ കാത്തിരിക്കുന്നത് ആഴമേറിയ കുഴികളാണെങ്കിലോ? തീരത്തോടു ചേർന്നുതന്നെ കടലിന്റെ ആഴം കുത്തനെ വർധിക്കുന്ന കൊല്ലം ബീച്ചിലെ അപകടസാധ്യത ശാസ്ത്രീയമായി വിലയിരുത്താൻ ഗണിത പരിശോധന നടത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം നിർണായകമാകുന്നു. കടലിന്റെ അടിത്തട്ടിന്റെ ഘടന, തീരത്തു നിന്നുള്ള ദൂരത്തിനനുസരിച്ച് ആഴത്തിലുണ്ടാകുന്ന വ്യത്യാസം, അപകടസാധ്യത കൂടുതലുള്ള മേഖലകൾ എന്നിവ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
തുടർന്ന് ജിയോ ട്യൂബ് സ്ഥാപിക്കാനാണ് പദ്ധതി. കൊല്ലം ബീച്ച് കടലെടുക്കുന്നതിനെ പെട്ടെന്ന് പ്രതിരോധിക്കാൻ കഴിയില്ലെന്ന് കലക്ടർ ആനി ജൂല തോമസ് പറഞ്ഞു.
കടൽ ക്ഷോഭിക്കുന്ന കാലത്ത് ഇത്തരം പരിശോധന നടത്താൻ കഴിയില്ല. നവംബർ മാസത്തിൽ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്.
കൂടാതെ, തുരുമ്പെടുക്കാത്ത കമ്പി വേലി ഉപയോഗിച്ച് ഫെൻസിങ് നിർമിക്കും. കയറുകെട്ടി സന്ദർശകരെ നിയന്ത്രിക്കുന്ന നിലവിലെ രീതി കാര്യക്ഷമമല്ലെന്നും കലക്ടർ പറഞ്ഞു.
സാധാരണ ബീച്ചുകളിൽ തീരത്തുനിന്ന് കടലിലേക്കു നീങ്ങുന്നതിനനുസരിച്ച് ആഴം ക്രമേണ വർധിക്കുമ്പോൾ കൊല്ലം ബീച്ചിൽ ചില ഭാഗങ്ങളിൽ കടലിന്റെ അടിത്തട്ട് പെട്ടെന്നു താഴുന്നതാണ് പ്രധാന അപകടമെന്നാണ് വിലയിരുത്തൽ. തീരത്തോടു ചേർന്ന ഭാഗത്തുതന്നെ ആഴം കൂടുതലായതിനാൽ തിരയിൽപ്പെട്ടാൽ സുരക്ഷിതമായി കരയിലേക്കു തിരിച്ചെത്തുക പ്രയാസമാകാം.
വെള്ളത്തിൽ ഇറങ്ങുന്നവരുടെ കാലുതെറ്റുന്നതിനും തിരയിൽപ്പെട്ട് ആഴത്തിലേക്കു വീഴുന്നതിനും ഇതു കാരണമാകാം. ആഴം എത്രയെന്ന് കൃത്യമായി തിരിച്ചറിയുകയാണ് ശാസ്ത്രീയ പരിശോധനയുടെ പ്രധാന ലക്ഷ്യം.
വെള്ളത്തിന്റെ അരികിൽ ഏകദേശം ഒന്നര മീറ്റർ ആഴവും തുടർന്ന് രണ്ടു മീറ്റർ മുന്നോട്ടു നീങ്ങുമ്പോൾ മൂന്നു മീറ്ററിലധികവും ആഴമുണ്ടാകുന്ന സാഹചര്യം ബീച്ചിലുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ കണക്കുകൾ എല്ലാ ഭാഗങ്ങൾക്കും ഒരുപോലെ ബാധകണമെന്നില്ല.
തിരമാല, വേലിയേറ്റം, വേലിയിറക്കം, മണലിന്റെ നീക്കം എന്നിവയനുസരിച്ച് ആഴത്തിൽ വ്യത്യാസമുണ്ടാകാം. പുതിയ പരിശോധനയിലൂടെ നിലവിലെ സ്ഥിതി കൃത്യമായി രേഖപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
കടലിന്റെ ആഴം അളക്കുന്നതിനും അടിത്തട്ടിന്റെ ഭൂപടം തയാറാക്കുന്നതിനും ഹൈഡ്രോഗ്രഫിക് സർവേ ഉൾപ്പെടെയുള്ള ശാസ്ത്രീയ രീതികൾ ഉപയോഗിക്കാറുണ്ട്. ഉപകരണങ്ങൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിന്റെ രൂപം രേഖപ്പെടുത്തി അളവുകൾ വിശകലനം ചെയ്യുന്നതാണ് ഈ രീതികളുടെ അടിസ്ഥാനം.
പരിശോധനയിൽ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് തീരത്തോടു ചേർന്നുള്ള അപകടകരമായ ഭാഗങ്ങൾ തിരിച്ചറിയാനും സന്ദർശകർ കടലിലിറങ്ങുന്നത് നിയന്ത്രിക്കേണ്ട മേഖലകൾ നിർണയിക്കാനും സാധിക്കും.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ, സുരക്ഷാ കയർ നീട്ടേണ്ടതോ മാറ്റേണ്ടതോ ആയ ഭാഗങ്ങൾ, ലൈഫ് ഗാർഡുകളുടെ നിരീക്ഷണം ശക്തമാക്കേണ്ട
മേഖലകൾ എന്നിവ തീരുമാനിക്കുന്നതിനും പഠനം സഹായകമാകും. എന്നാൽ കടലിന്റെ ആഴം അളക്കുന്നതു കൊണ്ടുമാത്രം അപകടത്തിന്റെ എല്ലാ കാരണങ്ങളും കണ്ടെത്താനാവില്ല.
തിരമാലകളുടെ ശക്തി, അടിയൊഴുക്ക്, കാലാവസ്ഥ, തീരശോഷണം തുടങ്ങിയ ഘടകങ്ങളും വിലയിരുത്തേണ്ടതുണ്ട്. കടലിന്റെ ആഴത്തിലെ വ്യത്യാസത്തിനൊപ്പം തീരശോഷണവും കൊല്ലം ബീച്ചിന്റെ സുരക്ഷയെ ബാധിക്കുന്നതായാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം വരെ 100 മീറ്ററിൽ അധികം വീതിയുണ്ടായിരുന്ന മണൽപ്പരപ്പ് ചില ഭാഗങ്ങളിൽ ഏകദേശം 50 മീറ്ററായി ചുരുങ്ങിയതായി കണ്ടെത്തിയിരുന്നു. കടലിനടിയിൽ സ്ഥാപിക്കുന്ന ഭീമൻ മണൽച്ചാക്കുകളെന്ന് ജിയോ ട്യൂബുകളെ ലളിതമായി വിശേഷിപ്പിക്കാം.
ശക്തിയുള്ള പ്രത്യേക തുണികൊണ്ടു നിർമിച്ച വലിയ കുഴലുകളിൽ മണൽ നിറച്ചാണ് ഇവ തയാറാക്കുന്നത്. തീരത്തിന് സമാന്തരമായി കടലിനടിയിൽ സ്ഥാപിക്കുന്ന ഈ കുഴലുകൾ തിരമാലകളുടെ ശക്തി കുറയ്ക്കുന്നതിയിലൂടെ തീര സംരക്ഷണമാണ് ലക്ഷ്യമിടുന്നത്.
കൊല്ലം ബീച്ചിൽ ഏകദേശം 150–200 മീറ്റർ അകലെ ജിയോ ട്യൂബുകൾ സ്ഥാപിക്കാനാണ് ശുപാർശ. കടലിന് സമാന്തരമായി ഏകദേശം 5 മീറ്റർ വ്യാസത്തിൽ 200 മീറ്റർ വരെ നീളത്തിലാണ് തിരുവനന്തപുരം പൂന്തുറയിൽ ജിയോ ട്യൂബുകൾ സ്ഥാപിച്ചത്.
ഈ ട്യൂബിൽ മണൽ നിറച്ചാണ് തിരയിൽ പ്രതിരോധം സൃഷ്ടിക്കുന്നത്. 100 മീറ്റർ അകലത്തിൽ മൂന്ന് ട്യൂബുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.
ശാസ്ത്രീയ പരിശോധനയിലൂടെ ട്യൂബുകൾ എവിടെ, എങ്ങനെ സ്ഥാപിക്കണം എന്നത് കണ്ടെത്താൻ കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

