കൊല്ലം ∙ കൊല്ലത്തെ റെയിൽവേ സ്റ്റേഷൻ വളപ്പിൽ സ്ഥിതി ചെയ്യുന്ന ചീനക്കൊട്ടാരത്തിന്റെ സംരക്ഷണത്തിനു വഴിതെളിയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എൻ.കെ.പ്രേമചന്ദ്രൻ എംപിയും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ഇന്നലെ ചീനക്കൊട്ടാരം സന്ദർശിച്ചു. വർഷങ്ങളായി അവഗണിക്കപ്പെട്ടു നാശത്തിന്റെ വക്കിലെത്തിയ കെട്ടിടം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കൃത്യമായ പരിശോധനയും മൂല്യനിർണയവും നടക്കേണ്ടതുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നേരത്തേ വിഷയം ചർച്ച ചെയ്തിരുന്നു.
നാളെയും ചർച്ച നടത്തും.
കെട്ടിടം ഇടിഞ്ഞു വീഴാൻ പോകുന്ന നിലയിലേക്കെത്തിയ പശ്ചാത്തലത്തിലാണ് സന്ദർശനം നടത്താൻ തീരുമാനിച്ചത്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഇതിനെ ഉപയോഗപ്പെടുത്തണം.
റെയിൽവേയുടെ ഉടമസ്ഥതയിൽ തന്നെ നിലനിർത്തിയ ശേഷം ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ എന്തു ചെയ്യാൻ കഴിയുമെന്നു പരിശോധിക്കും. ചീനക്കൊട്ടാരം റെയിൽവേ മ്യൂസിയമാക്കി മാറ്റണമെന്നും റെയിൽവേയുടെയോ ടൂറിസം വകുപ്പിന്റെയോ നേതൃത്വത്തിൽ സർക്കാർ ഉടമസ്ഥതയിൽ തന്നെ നിലനിർത്തണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.
തിരുവനന്തപുരത്തു നിന്നു റോഡ് മാർഗം എത്തിയിരുന്ന തിരുവിതാംകൂർ രാജാക്കന്മാർ വിശ്രമിക്കാനായി നിർമിച്ചതാണു ചീനക്കൊട്ടാരം. 1904 ൽ ശ്രീമൂലം തിരുനാളാണു കൊട്ടാരം നിർമിച്ചത്. ഏഴു മുറികളുള്ള കെട്ടിടം പുറംകാഴ്ചയിൽ ഇരുനിലയായി തോന്നുമെങ്കിലും ഒറ്റനില മാത്രമാണുള്ളത്.
ചീനക്കൊട്ടാരമെന്നാണു പേരെങ്കിലും ചൈനയുമായി ബന്ധമൊന്നുമില്ല. റെയിൽവേയുടെ പൈതൃക കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട
കെട്ടിടം സംരക്ഷിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
നിലവിൽ ചിന്നക്കട മേൽപാലത്തിനു മുകളിൽ നിന്നു നോക്കിയാൽ കാട് മൂടിക്കിടക്കുന്ന കെട്ടിടമായാണു കാണാൻ സാധിക്കുക.
മേൽക്കൂര തകരുകയും ചെയ്തിട്ടുണ്ട്. റെയിൽവേ ഗോഡൗണിനു സമീപം സ്ഥിതി ചെയ്യുന്ന കൊട്ടാരം പെയ്ന്റ് അടക്കമുള്ള വിവിധ വസ്തുക്കൾ സൂക്ഷിക്കാനുള്ള ഗോഡൗൺ ആയാണു നിലവിൽ ഉപയോഗിക്കുന്നത്. കെട്ടിടത്തിലെ എല്ലാ മുറികളിലും റെയിൽവേയുടെ സാധനങ്ങൾ നിറച്ചിരിക്കുകയാണ്.
‘പഴയ സ്റ്റേഷൻ കെട്ടിടം പൊളിച്ചത് വേദനിപ്പിച്ചു’
കൊല്ലം ∙ റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടോളം പഴക്കമുണ്ടായിരുന്ന പഴയ സ്റ്റേഷൻ കെട്ടിടം പൊളിച്ചതു വേദനിപ്പിച്ചുവെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഈയിടെയാണു കെട്ടിടം പൊളിച്ചതായി അറിഞ്ഞത്. പഴയ സിനിമകളിൽ മാത്രമാണ് ഇനി ആ കെട്ടിടം കാണാൻ സാധിക്കുക. അതു സ്റ്റേഷൻ വളപ്പിൽ തന്നെ നിലനിർത്തി, ചരിത്ര സ്മാരകമായി സൂക്ഷിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ മൾട്ടി ലെവൽ കാർ പാർക്കിങ് മന്ത്രിയുമായി ആലോചിച്ച ശേഷം 15ന് ശേഷമുള്ള ഏതെങ്കിലും ദിവസം ഉദ്ഘാടനം ചെയ്യുമെന്നും വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

