തിരുവനന്തപുരം ∙ റൂട്ട് മാറി സർവീസ് നടത്തുകയാണെന്നും ടിക്കറ്റ് വരുമാനം പങ്കുവയ്ക്കുന്നില്ലെന്നും മേയർ ആരോപണമുയർത്തിയതിലൂടെ വിവാദത്തിലായ ഇലക്ട്രിക് ബസുകളുടെ ബാറ്ററി മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികളിൽ നിന്ന് കെഎസ്ആർടിസിക്ക് ഒഴിയാനാവില്ലെന്ന് രേഖ. 2023 ഫെബ്രുവരി 27ന് സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും കോർപറേഷനും കെഎസ്ആർടിസിയും തമ്മിൽ ഒപ്പിട്ട കരാർ കാലാവധി 7 വർഷമാണ്.
ഈ കാലയളവിനിടെ ബസിന്റെ മുഴുവൻ അറ്റകുറ്റപ്പണികളും കെഎസ്ആർടിസി നടത്തണമെന്ന് കരാറിൽ പന്ത്രണ്ടാം വ്യവസ്ഥയായി രേഖപ്പെടുത്തിയിട്ടുണ്ട്. കോർപറേഷനോ സ്മാർട് സിറ്റിക്കോ ബാധ്യത ഇല്ലാത്ത വിധം ബാറ്ററി, സ്പെയർ പാർട്സ് എന്നിവ മാറ്റാമെന്നും അത്യാവശ്യ അറ്റകുറ്റപ്പണി നടത്താമെന്നുമാണു കെഎസ്ആർടിസി സമ്മതിച്ചിട്ടുള്ളത്.
കെഎസ്ആർടിസി കരാർ ലംഘിക്കുകയാണെന്ന മേയറുടെ വാദത്തെ, കോർപറേഷൻ ആവശ്യപ്പെട്ടാൽ ബസുകൾ തിരികെ നൽകാമെന്ന മറുവാദം ഉയർത്തിയാണ് ഗതാഗതമന്ത്രി പ്രതിരോധിച്ചത്. 7 വർഷം തികയും മുൻപ് ബസുകൾ കൈമാറിയാൽ കരാർ ലംഘനമാകുമെന്നാണു കണക്കാക്കുന്നത്.
5–7 വർഷത്തിനിടെ ബസുകളുടെ ബാറ്ററി മാറ്റേണ്ടി വരുമെന്നാണ് കണക്ക്.
ബസുകൾ കെഎസ്ആർടിസി കൈകാര്യം ചെയ്തു തുടങ്ങിയിട്ട് 3 വർഷമേ ആകുന്നുള്ളൂ. ഒന്നിന് 90.92 ലക്ഷം രൂപ നിരക്കിൽ 53 ബസുകളും 92.56 ലക്ഷം രൂപ നിരക്കിൽ 60 ബസുകളുമാണ് കെഎസ്ആർടിസി വാങ്ങിയത്.അതേസമയം, ഇ ബസുകളുടെ നടത്തിപ്പിനായുള്ള കരാറിന്റെ ലംഘനം സംബന്ധിച്ച് ആദ്യ കൗൺസിൽ യോഗത്തിൽ ഭരണസമിതി അജണ്ട
അവതരിപ്പിച്ചേക്കുമെന്നാണു വിവരം. അടുത്ത ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മേയർ വി.വി.രാജേഷ് ഇക്കാര്യം നേരിട്ട് സൂചിപ്പിക്കുമെന്നും വിവരമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

