നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിനു പിന്നിൽ അയൽരാജ്യമായ ചൈനയുടെ ഇടപെടലുകൾ ഉണ്ടോയെന്ന സംശയങ്ങൾ ബലപ്പെടുന്നു. ദുരന്തത്തിന് പിന്നിൽ ബോധപൂർവ്വമായ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും, പർവതമേഖലയിൽ ചൈനയുടേതുൾപ്പെടെയുള്ള വൻകിട
നിർമിതികൾ പ്രകൃതിക്ഷോഭത്തിന്റെ ആക്കം വർധിപ്പിച്ചുവെന്ന വാദത്തിനാണ് കൂടുതൽ പിന്തുണ ലഭിക്കുന്നത്. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘നേപ്പാൾ കറസ്പോണ്ടൻസ്’ പുറത്തുവിട്ട
വിവരങ്ങൾ പ്രകാരം, ത്രിശൂലിനദിയുടെ സ്വാഭാവിക ഒഴുക്കിന്റെ പാത മാറ്റിക്കൊണ്ട് ഗ്യാരോങ് പട്ടണം നിർമിച്ചതും ഷിയോകാങ് പ്രദേശത്ത് ജനവാസത്തിന് അനുമതി നൽകിയതും ഉൾപ്പെടെയുള്ള നടപടികൾ ഈ ദുരന്തത്തിന്റെ തീവ്രത ഇരട്ടിയാക്കി. ഇത്തരം നിർമാണപ്രവർത്തനങ്ങൾ മഞ്ഞുമലകൾ രൂപംകൊള്ളുന്ന സ്വാഭാവിക രീതികളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയെന്നും, ഇതാണ് പെട്ടെന്നുള്ള മിന്നൽപ്രളയത്തിന് വഴിവെച്ചതെന്നുമാണ് പ്രധാന ആരോപണം.
എന്നിരുന്നാലും, ഈ വാദങ്ങളെ പൂർണ്ണമായി സാധൂകരിക്കുന്ന ശാസ്ത്രീയമായ തെളിവുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ചൈന നിർമിച്ച ഗൈറോങ് നദീതുറമുഖം നേപ്പാൾ അതിർത്തി പ്രദേശങ്ങളിലേക്കുള്ള ജലപ്രവാഹത്തിന്റെ ശക്തി വർധിപ്പിച്ചതായും സൂചനയുണ്ട്.
ടിബറ്റിലെ യാർലുങ് സാങ്പോ നദിയിൽ സമീപകാലത്തായി നിർമിച്ച കൂറ്റൻ അണക്കെട്ട് പ്രദേശത്തെ ഭൂഗർഭ ഘടനയിൽ പ്രകമ്പനങ്ങളും മാറ്റങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ടിബറ്റിലെ ഒരു അണക്കെട്ട് തകർന്നതാണ് പ്രളയത്തിന് കാരണമെന്ന തരത്തിൽ ആദ്യം പ്രചരിച്ച അഭ്യൂഹങ്ങൾ പിന്നീട് കെട്ടടങ്ങിയിരുന്നു.
ടിബറ്റ്-നേപ്പാൾ-ഇന്ത്യ അതിർത്തികളിൽ നടക്കുന്ന ഇത്തരം വിപുലമായ നിർമാണപ്രവർത്തനങ്ങൾ കനത്ത ഹിമ-ജല ദുരന്തങ്ങൾക്ക് കാരണമായേക്കുമെന്ന് ഭൂഗർഭശാസ്ത്രജ്ഞർ മുൻകാലങ്ങളിലും ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നതാണ്. എന്നാൽ, ഈ മുന്നറിയിപ്പുകൾ എല്ലാം അവഗണിച്ചുകൊണ്ട് ചൈനീസ് ഭരണകൂടം സൈനിക പ്രാധാന്യമുള്ള നിർമാണങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു എന്നാണ് ആരോപണം.
ടിബറ്റിലെ ലാസയിൽനിന്നു നേപ്പാളിലേക്ക് നിർമാണം പുരോഗമിക്കുന്ന റെയിൽപാത കടന്നുപോകുന്നത് ഉറപ്പില്ലാത്ത പെർമാഫ്രോസ്റ്റ് അതായത് പർവതങ്ങളിൽ മണ്ണും പാറകളും ഉറഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലൂടെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇന്ത്യൻ അതിർത്തിക്കുള്ളിലും വിനോദസഞ്ചാര പദ്ധതികൾ, തീർഥാടന കേന്ദ്രങ്ങളുടെ വികസനം, സൈനിക പ്രാധാന്യമുള്ള പദ്ധതികൾ എന്നിവയുടെ ഭാഗമായി നടത്തുന്ന വിവിധ നിർമാണപ്രവർത്തനങ്ങൾക്കെതിരെയും ഇതിനകം തന്നെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

