തിരുവനന്തപുരം ∙ വിമാനം വഴി ലഹരി കടത്തിയ ഓസ്ട്രേലിയൻ പൗരനെ രക്ഷിച്ചെടുക്കുന്നതിനു തെളിവു നശിപ്പിക്കാൻ ഗൂഢമാർഗങ്ങളിലൂടെ സഞ്ചരിച്ച ആന്റണി രാജുവിനെയും കോടതി ജീവനക്കാരൻ കെ.എസ്.ജോസിനെയും കുടുക്കിയതു സംസാരിക്കുന്ന തെളിവുകൾ. 1990, ഏപ്രിൽ 4: ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സാൽവഡോർ സർവലി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ. പരിശോധനയിൽ അടിവസ്ത്രത്തിനുള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ, 55 ഗ്രാമും 6.5 ഗ്രാമും ഉള്ള 2 ഹഷീഷ് പൊതികൾ.
വലിയതുറ സ്റ്റേഷനിലെ സിഐ കെ.കെ.ജയമോഹന്റെ നേതൃത്വത്തിൽ ആൻഡ്രുവിനെ അറസ്റ്റ് ചെയ്തു. 3 തൊണ്ടിമുതലിനും 3 മഹസർ തയാറാക്കി.
പിറ്റേന്നു തൊണ്ടിമുതലുകൾ വഞ്ചിയൂർ രണ്ടാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഒപ്പം ആൻഡ്രുവിന്റെ പാന്റും ഷർട്ടും പഴ്സും ഉൾപ്പെടെ 50 സാധനങ്ങൾ വേറെയും തൊണ്ടിമുറിയിൽ ഏൽപിച്ചു.
1990, ഓഗസ്റ്റ് 9: ആൻഡ്രുവിൽനിന്ന് പൊലീസ് പിടിച്ചെടുത്ത വസ്തുക്കളിൽ തൊണ്ടിമുതലിൽ ഉൾപ്പെടാത്ത 50 സാധനങ്ങൾ തിരികെ വേണമെന്ന് അഭിഭാഷക സെലിൻ വിൽഫ്രഡ് മജിസ്ട്രേട്ട് കോടതിയിൽ ആവശ്യപ്പെട്ടു.
ഇതു കോടതി അംഗീകരിച്ചു. ആന്റണി രാജുവാണ് സാധനങ്ങൾ ഏറ്റുവാങ്ങിയത്.
ഇവയുടെ പട്ടികയിൽ ‘കടുംനീല നിറത്തിലുള്ള, ബനിയൻ തുണിയിൽ തുന്നിയ മുഷിഞ്ഞ ജട്ടി’യും ഏറ്റുവാങ്ങിയതായി അദ്ദേഹം എഴുതി ഒപ്പിട്ടു നൽകി.1990, ഡിസംബർ 5: തൊണ്ടിമുറിയിൽനിന്നു വാങ്ങിയ അടിവസ്ത്രം തിരികെ ഏൽപിച്ചു. മറ്റു സാധനങ്ങൾ വാങ്ങിയപ്പോൾ അബദ്ധത്തിൽ അടിവസ്ത്രവും കൂടി കൊണ്ടുപോയെന്ന വിശദീകരണവും രേഖാമൂലം ആന്റണി രാജു എഴുതി ഒപ്പിട്ടു നൽകി.
1990, ഡിസംബർ 12: വഞ്ചിയൂർ സെഷൻസ് കോടതിയിലെ വാദത്തിനിടെ താൻ അടിവസ്ത്രം ഇടാറില്ലെന്ന് പ്രതി അവകാശപ്പെട്ടു.
അതിനാൽ തൊണ്ടിമുതലായ അടിവസ്ത്രം ആൻഡ്രുവിന് ധരിക്കാൻ കൊടുക്കണമെന്നു പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. അടിവസ്ത്രം വലുപ്പം കുറച്ചു തിരികെ നൽകിയതിന്റെ ധൈര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
കോടതി അത് അംഗീകരിക്കാതെ 10 വർഷം തടവുശിക്ഷ വിധിച്ചു.1991 ജനുവരി 5: ഹൈക്കോടതിയിൽ അപ്പീൽ. ആൻഡ്രു അടിവസ്ത്രം ധരിക്കാറില്ലെന്നു വാദിച്ച പ്രതിഭാഗം തൊണ്ടിമുതലായ അടിവസ്ത്രം ധരിക്കാൻ നൽകണമെന്നും ആവശ്യപ്പെട്ടു.
ഇതു കോടതി അംഗീകരിച്ചു. അടിവസ്ത്രം ആൻഡ്രുവിന്റെ മുട്ടിനു മുകളിൽ വരെയേ എത്തിയുള്ളൂ.
പൊലീസ് കൃത്രിമ തെളിവ് ഹാജരാക്കി വിദേശ പൗരനെ ചതിക്കുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.
കോടതി കുറ്റവിമുക്തനാക്കിയതോടെ ആൻഡ്രു ഓസ്ട്രേലിയയിലേക്കു മടങ്ങി.മതിയായ തെളിവില്ലാതെ അറസ്റ്റ് ചെയ്തെന്ന് കെ.കെ.ജയമോഹനനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കോടതിയുടെ പരാമർശം. ഡിജിപി രാജ്ഗോപാൽ നാരായണനെ കണ്ട
ജയമോഹൻ, തൊണ്ടിമുതലിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്ന് അറിയിച്ചു. ഡിജിപി ഇക്കാര്യം ഹൈക്കോടതിയുടെ വിജിലൻസിനെ അറിയിച്ചു.
1991 ഏപ്രിൽ: ഹൈക്കോടതി വിജിലൻസ് സംഘം തെളിവുകൾ ശേഖരിച്ചു.
അടിവസ്ത്രവും തൊണ്ടിമുതൽ വാങ്ങിയപ്പോഴും തിരിച്ചേൽപിച്ചപ്പോഴും ആന്റണി രാജു എഴുതി ഒപ്പിട്ടു നൽകിയ കൈപ്പടയും ഫൊറൻസിക് ലാബിലേക്ക് അയച്ചു. 85–90 സെന്റിമീറ്റർ അരവണ്ണമുള്ള അടിവസ്ത്രം വെട്ടിത്തയ്ച്ച് 70 സെന്റീമീറ്റർ ആക്കിയെന്ന് കണ്ടെത്തി.
കൈപ്പട ആന്റണി രാജുവിന്റേതാണെന്ന് ശാസ്ത്രീയമായി ഉറപ്പിച്ചു.
തുടർന്ന് ഈ തട്ടിപ്പ് പൊലീസാണ് അന്വേഷിക്കേണ്ടതെന്ന് ഹൈക്കോടതി വിജിലൻസ് വഞ്ചിയൂർ സെഷൻസ് കോടതിയെ അറിയിച്ചു.
1994 ഒക്ടോബർ 5: സെഷൻസ് കോടതി ശിരസ്തദാർ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പുരോഗതി ഉണ്ടായില്ല.1995 ജൂലൈ 24: സിബിഐയിൽനിന്ന് കേരള പൊലീസിന് ഫാക്സ് സന്ദേശം ലഭിക്കുന്നു.
കൊലക്കേസിൽ ഓസ്ട്രേലിയയിലെ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന ആൻഡ്രുവിന്റെ വെളിപ്പെടുത്തലായിരുന്നു അതിൽ. കേരളത്തിലെ ഹഷീഷ് കേസിൽ അടിവസ്ത്രത്തിൽ തട്ടിപ്പു നടത്തി കേസിൽനിന്നു രക്ഷപ്പെട്ടെന്നാണ് സഹതടവുകാരനോട് ആൻഡ്രു വെളിപ്പെടുത്തിയത്.
സഹതടവുകാരൻ വഴി ഇന്റർപോളിനു ലഭിച്ച വിവരം സിബിഐ വഴി കേരള പൊലീസിന് ലഭിച്ചു. അപ്പോഴും പൊലീസ് അന്വേഷണം എങ്ങും എത്തിയിരുന്നില്ല.
ഉടൻ ദക്ഷിണമേഖല ഐജി ടി.പി.സെൻകുമാർ ഇടപെട്ട് അന്വേഷണം നാർകോട്ടിക് ഡിവൈഎസ്പി പി.ഡി.പ്രഭയെ ഏൽപിച്ചു.2006 മാർച്ച് 29: ആന്റണി രാജുവിനും കെ.എസ്.ജോസിനുമെതിരെ കുറ്റപത്രം.
അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ ആന്റണി രാജുവിനെതിരെ വൻ പ്രതിഷേധം. കേരള കോൺഗ്രസ്(ജെ) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ആന്റണി രാജുവിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റിൽ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.
കേസിന്റെ പശ്ചാത്തലത്തിൽ ആന്റണി രാജുവിനെ ഒഴിവാക്കി വി.സുരേന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കി.
വിധിയറിയാൻ വൻ ആൾത്തിരക്ക്
നെടുമങ്ങാട് ∙ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ വിധി അറിയാനായി രാവിലെ മുതൽ നെടുമങ്ങാട് കോടതി സമുച്ചയത്തിൽ വലിയ തിരക്കായിരുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലായിരുന്നു കേസ്.
11ന് കേസ് പരിഗണിക്കുന്നതിനു മുൻപു തന്നെ ഒന്നാം പ്രതി കെ.എസ്.ജോസും രണ്ടാം പ്രതി ആന്റണി രാജു എംഎൽഎയും കോടതിയിൽ എത്തിയിരുന്നു. ആദ്യം ചില കേസുകൾ മാറ്റിവച്ച ശേഷമാണു വിധി പ്രഖ്യാപനത്തിലേക്കു കടന്നത്.
പ്രതികൾ ഇരുവരും പ്രതിക്കൂട്ടിൽ കയറിയതിനു പിന്നാലെ മജിസ്ട്രേട്ട് വിധി വായിച്ചു; ജോസും ആന്റണി രാജുവും കുറ്റക്കാർ. പ്രതികൾക്കു മേൽ ചുമത്തിയിരുന്ന ഐപിസി 420, 217, 468 വകുപ്പുകൾ ഒഴിവാക്കി.
ഐപിസി 120 ബി, 201, 193, 409, 34 വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതിയുടെ വിധിന്യായം.
ഐപിസി 409 വകുപ്പ് ഉള്ളതിനെ തുടർന്ന് വിധിക്കു പിന്നാലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എ.മൻമോഹൻ ശിക്ഷ വിധിക്കുന്നത് സിജെഎം കോടതിയിലേക്ക് മാറ്റണമെന്ന് ഹർജി ഫയൽ ചെയ്തു. നെടുമങ്ങാട് ജുഡീഷ്യൽ കോടതിയിൽ 3 വർഷം തടവും 10,000 രൂപയും മാത്രമാണ് വിധിക്കാവുന്ന പരമാവധി ശിക്ഷ.
പ്രതികൾക്കുവേണ്ടി അഭിഭാഷകരായ കോവളം ബി.അജിത് കുമാർ, അമ്പലത്തറ സി.ശ്യാംമോഹൻ, ജയിൻ എന്നിവരും അഭിപ്രായം അറിയിച്ചു. അൽപസമയത്തിനു ശേഷം കേസ് പരിഗണിക്കുമെന്നു പറഞ്ഞു കോടതി മറ്റ് കേസുകളിലേക്ക് കടന്നു.
കേസ് വീണ്ടും പരിഗണിച്ചപ്പോൾ വാദം തുടർന്നു.
പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും അവരുടെ വാദം പൂർത്തിയാക്കിയതോടെ കേസ് ഉച്ചയ്ക്ക് ശേഷം 2.45ന് പരിഗണിക്കുമെന്ന് മജിസ്ട്രേട്ട് അറിയിച്ചു. പിന്നാലെ മണിക്കൂറുകൾ നീണ്ട
കാത്തിരിപ്പ്. വൈകിട്ട് 5നാണ് ശിക്ഷ വിധിക്കാനായി മജിസ്ട്രേട്ട് ചേംബറിൽ എത്തിയത്.
വിധി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികളുടെ അഭിഭാഷകർ ജാമ്യാപേക്ഷ നൽകി; രണ്ട് പേർക്കും ജാമ്യം. ഒപ്പിട്ട് ശേഷം രണ്ടു പേർക്കും കോടതിക്കു പുറത്തേക്ക് ഇറങ്ങാൻ പിന്നെയും അരമണിക്കൂറിലധികം വേണ്ടിവന്നു.
കോടതി വളപ്പിൽ കോൺഗ്രസ് പ്രതിഷേധം; ഒരാൾക്ക് പരുക്ക്
നെടുമങ്ങാട് ∙ കോടതി വിധിക്ക് ശേഷം ആന്റണി രാജു എംഎൽഎയും അദ്ദേഹത്തിന്റെ ഗൺമാൻ എസ്.വിനോദ് കുമാറും പുറത്തിറങ്ങിയപ്പോൾ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
പൊലീസിന്റെ ലാത്തിയടിയേറ്റ് ഒരു പ്രവർത്തകനു പരുക്കേറ്റു. വിധി പ്രസ്താവിച്ചപ്പോൾ തന്നെ ശക്തമായ പ്രതിഷേധം ആരംഭിച്ചു.
ആന്റണി രാജുവിനെ തടയുമെന്നു പ്രഖ്യാപിച്ച് പ്രവർത്തകർ കോടതി സമുച്ചയത്തിന്റെ മുന്നിൽ നിലയുറപ്പിച്ചു.
മുൻകൂട്ടി അറിഞ്ഞ് ഇരുവരെയും കോടതിക്കുള്ളിൽ നിന്ന് പൊലീസ് വലയത്തിൽ ആണു പുറത്തേക്ക് എത്തിച്ചത്. പ്രവർത്തകരെ പൊലീസ് മാറ്റി കാറിനുള്ളിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ പ്രതിഷേധം വീണ്ടും കടുത്തു.
കാർ മുന്നോട്ട് എടുത്തപ്പോൾ പ്രതിഷേധം വാഹനത്തിന് മുന്നിലായി. ഇതിനിടെ പൊലീസ് ലാത്തിവീശിയും പിടിച്ചു മാറ്റിയും വാഹനത്തിനു മുന്നിൽ നിന്ന് ഏറെ പ്രയാസപ്പെട്ടു പ്രവർത്തകരെ മാറ്റി.
കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത് നെടുമങ്ങാട് കാറിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ പൊലീസ് ലാത്തിവീശി. പരുക്കേറ്റ അഭിജിത് നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഉച്ചയോടെ ആന്റണി രാജുവും ഗൺമാൻ വിനോദ് കുമാറും പുറത്തിറങ്ങി തിരികെ കോടതിയിലേക്ക് കയറിയപ്പോൾ അഭിജിത്തും മറ്റൊരു പ്രവർത്തകനും ചേർന്ന് പ്രതിഷേധ ബാനർ കാട്ടി മുദ്രാവാക്യം വിളിച്ചു.
ഈ സമയം അഭിജിത്തിനെ ഗൺമാൻ പിടിച്ചു തള്ളിയതായി പ്രവർത്തകർ ആരോപിച്ചു. തുടർന്നാണ് കൂടുതൽ പ്രവർത്തകർ പ്രതിഷേധവുമായി കോടതി പരിസരത്തേക്ക് എത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

