കൊല്ലം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതോടെ യുഡിഎഫ് ക്യാംപിൽ പ്രതീക്ഷ, എൽഡിഎഫിൽ വീണ്ടും കണക്കുകൂട്ടലിന്റെ ദിനങ്ങൾ. പാർട്ടി പ്രതീക്ഷയർപ്പിച്ചിരിക്കുന്ന മണ്ഡലത്തിലെ ജനവിധി എന്താകുമെന്ന ആകാംക്ഷയോടെ ബിജെപി.
എല്ലാ എക്സിറ്റ് പോളുകളും സംസ്ഥാനത്തു യുഡിഎഫ് അധികാരത്തിൽ വരുമെന്നു പ്രവചിക്കുന്നതിന്റെ ചുവടുപിടിച്ചാണു കൊല്ലം ജില്ലയിലെ കണക്കും. ജില്ലയിലെ 11 സീറ്റിൽ 5 മുതൽ 7 സീറ്റുകളാണ് യുഡിഎഫിന് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
ഉറപ്പായും വിജയിക്കുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്ന കരുനാഗപ്പള്ളി, കുണ്ടറ, കൊല്ലം, ചവറ, കുന്നത്തൂർ മണ്ഡലങ്ങൾക്കു പുറമേ, പത്തനാപുരം, കൊട്ടാരക്കര, ചടയമംഗലം എന്നിവയിൽ രണ്ടെണ്ണം കൂടി കിട്ടിയേക്കാമെന്നാണു പ്രവചനം. ഇരവിപുരത്തും മുന്നണിക്കു പ്രതീക്ഷയുണ്ട്.
അതേസമയം, 4 മുതൽ 6 സീറ്റുകളാണു ജില്ലയിൽ എൽഡിഎഫിനു പ്രവചിക്കുന്നത്.
പുനലൂർ, പത്തനാപുരം, ചാത്തന്നൂർ, കൊട്ടാരക്കര, ചടയമംഗലം, ഇരവിപുരം എന്നിവയാവാം ഇവ. ഇതിൽ പത്തനാപുരത്തും കൊട്ടാരക്കരയിലും ശക്തമായ മത്സരമാണെങ്കിലും എൽഡിഎഫിനു കൂടുതൽ സാധ്യത പ്രവചിക്കുന്നു.
അതേസമയം, കരുനാഗപ്പള്ളി, കുണ്ടറ എന്നിവ ഒഴിച്ചു ബാക്കി 9 ലും വിജയ പ്രതീക്ഷയാണു സിപിഎം നേതൃത്വം പങ്കുവയ്ക്കുന്നത്.
ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തുന്ന ചാത്തന്നൂർ ഉറച്ച സീറ്റായി എക്സിറ്റ് പോൾ പറയാതിരുന്നതാണു പാർട്ടിയുടെ ഉറക്കം കെടുത്തുന്നത്. പക്ഷേ, 2 തവണ രണ്ടാം സ്ഥാനത്തെത്തിയ ഇക്കുറി വിജയം ഉറപ്പാണെന്നാണു പാർട്ടി നേതൃത്വത്തിന്റെ അവകാശവാദം.
ചില എക്സിറ്റ് പോളുകൾ ഒന്നു മുതൽ 3 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്നതിൽ ചാത്തന്നൂരും ഉണ്ടെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു.
2016 ൽ പതിനൊന്നിൽ പതിനൊന്നും 2021ൽ ഒൻപതും നേടിയ ഇടതുമുന്നണിക്ക് ഇക്കുറി ഒരു സീറ്റ് കുറഞ്ഞാൽ പോലും അതു ക്ഷീണമാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പതിനൊന്നിൽ ഒൻപതിടത്തു ലീഡ് ചെയ്തപ്പോൾ പിന്നാലെ കഴിഞ്ഞ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഏഴിടത്തു മുന്നിലെത്തി അടിത്തറ ഏതാണ്ട് ഭദ്രമെന്ന് ഉറപ്പിച്ചതാണ്.
പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് നേടിയ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ചാൽ സിപിഎമ്മും ഇടതുമുന്നണി നേതൃത്വവും വെട്ടിലാകും. അങ്ങനെയുണ്ടാകില്ലെന്നു നേതൃത്വം അവകാശപ്പെടുമ്പോഴും എക്സിറ്റ് പോൾ ഫലങ്ങൾ അവരുടെ ഉറക്കം കെടുത്തുന്നുണ്ട്.
കഴിഞ്ഞ തവണ ലഭിച്ച രണ്ടിൽ നിന്നു ചുരുങ്ങിയത് 6 സീറ്റെങ്കിലും കൊല്ലത്തു നിന്നു കിട്ടണമെന്നാണു യുഡിഎഫ് നേതൃത്വത്തിന്റെ കണക്ക്.
എങ്കിൽ മാത്രമേ, സർക്കാർ രൂപീകരിക്കാൻ അതു മുതൽക്കൂട്ടാകൂ. കരുനാഗപ്പള്ളിക്കും കുണ്ടറയ്ക്കും പുറമേ കഴിഞ്ഞ നേരിയ വ്യത്യാസത്തിനു തോൽവി സമ്മതിച്ച കൊല്ലം, ചവറ, കുന്നത്തൂർ എന്നിവിടങ്ങളിൽ കണക്കുതീർക്കാനാവുമെന്ന ശുഭപ്രതീക്ഷയിലുമാണു യുഡിഎഫ് ക്യാംപ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

