നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് ഔദ്യോഗിക അനുമതി ലഭിച്ചു.
ഔട്ടർ ആങ്കറേജിംഗ് സൗകര്യമുള്ള രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ക്രൂ ചെയ്ഞ്ച് അനുവദിച്ചുകൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് വിഴിഞ്ഞത്തിനും ഇതിനുള്ള വഴി തുറന്നത്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ, സമയപരിധി, ഫീസ് ഘടന എന്നിവയുൾപ്പെടെയുള്ള വിവിധ നിയന്ത്രണങ്ങളോടെയാണ് പുതിയ ഉത്തരവ് നടപ്പിലാക്കുന്നത്.
ക്രൂ ചെയ്ഞ്ച് നടപടികൾ പുനരാരംഭിക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് വീണ്ടും കോടികളുടെ അധിക വരുമാനം ലഭ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുറമുഖത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാന്നിധ്യമാണ് വിഴിഞ്ഞത്തിന്റെ പ്രധാന സവിശേഷത.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി മറ്റ് തുറമുഖങ്ങൾ അടച്ചിട്ട സമയത്തും വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ച് വിജയകരമായി നടത്തിയിരുന്നു.
അന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഷിപ്പിങ് ഏജൻസികൾ തങ്ങളുടെ കപ്പലുകൾ വിഴിഞ്ഞത്ത് എത്തിച്ചിരുന്നു. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിൽ നിന്നും ജീവനക്കാരെ കരയിലെത്തിക്കാനും തിരികെ കയറ്റാനുമായി ടഗുകളാണ് ഉപയോഗിച്ചിരുന്നത്.
2020-22 കാലയളവിൽ മാത്രം 736 മദർ വെസലുകളും സൂപ്പർ ടാങ്കറുകളും ഇവിടെ ക്രൂ ചെയ്ഞ്ചിനായി എത്തിച്ചേർന്നിരുന്നു. ഈ പ്രവർത്തനങ്ങളുടെ വിജയത്തെ തുടർന്ന് സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് ഔദ്യോഗികമായി രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിംഗ് പദവി നൽകി ആദരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ 12,500 ജീവനക്കാർ ഇവിടെ ക്രൂ ചെയ്ഞ്ച് പൂർത്തിയാക്കിയിരുന്നു. എന്നാൽ പിന്നീട് ചില നിയമപരമായ നടപടികളിൽപ്പെട്ട് ഈ സേവനം നിലയ്ക്കുകയായിരുന്നു.
നിലവിൽ തുറമുഖത്തിന്റെ പ്രധാന പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിനൊപ്പം ക്രൂ ചെയ്ഞ്ച് സേവനങ്ങളിലൂടെയും വൻതോതിൽ സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

