സംസ്ഥാനത്തെ പൊതുആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും മാതൃ-ശിശു സംരക്ഷണ നിലവാരവും ഉയർത്തുന്നതിന്റെ ഭാഗമായി കൂടുതൽ സർക്കാർ ആശുപത്രികൾക്ക് കേന്ദ്ര സർക്കാരിന്റെ ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ ‘ലക്ഷ്യ’ , ‘എൻ.ക്യു.എ.എസ്’ സർട്ടിഫിക്കേഷനുകൾ ലഭിച്ചു. മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക, പ്രസവാനന്തര ശുശ്രൂഷ, അണുബാധ നിയന്ത്രണം, ലേബർ റൂമുകളുടെയും ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തിയേറ്ററുകളുടെയും ഗുണനിലവാരം ഉയർത്തുക എന്നിവ മുൻനിർത്തി നടപ്പാക്കുന്ന പദ്ധതിയാണിത്.
പുതിയ പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്ത് എൻ.ക്യു.എ.എസ് അംഗീകാരമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 361 ആയി ഉയർന്നു. 13 ജില്ലാ ആശുപത്രികൾ, 8 താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 53 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 181 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 92 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കുമാണ് അംഗീകാരമുള്ളത്.
എൻ.ക്യു.എ.എസ്/ലക്ഷ്യ അംഗീകാരങ്ങൾക്ക് മൂന്ന് വർഷത്തെ കാലാവധിയാണുള്ളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ തലത്തിലും വർഷം തോറും സംസ്ഥാന തലത്തിലും പുനഃപരിശോധനയുണ്ടാകും.
അംഗീകാരം നേടുന്ന കുടുംബാരോഗ്യ/നഗര പ്രാഥമിക കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് 18,000 രൂപ വീതവും, മറ്റ് ആശുപത്രികൾക്ക് കിടക്കയൊന്നിന് 10,000 രൂപ വീതവും വാർഷിക ഇൻസെന്റീവ് ലഭിക്കും. പ്രമുഖ സ്ഥാപനങ്ങളുടെ വിശദമായ സ്കോറുകൾ താഴെ പറയുന്നവയാണ്: നെയ്യാറ്റിൻകര ജനറൽ ആശുപത്രി (തിരുവനന്തപുരം): എൻ.ക്യു.എ.എസ് അംഗീകാരത്തിന് പുറമെ (98.25%), ലക്ഷ്യ പദ്ധതിയിൽ ഓപ്പറേഷൻ തിയേറ്ററിന് 98.11 ശതമാനവും ലേബർ റൂമിന് 99.69 ശതമാനവും സ്കോർ നേടി.
ചെങ്ങന്നൂർ ജില്ലാ ആശുപത്രി (ആലപ്പുഴ): ഓപ്പറേഷൻ തിയേറ്ററിന് 90.06%, ലേബർ റൂമിന് 91.64%. ഐ.എം.സി.എച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്: ഓപ്പറേഷൻ തിയേറ്ററിന് 98.84%, ലേബർ റൂമിന് 96.50% എന്ന മികച്ച സ്കോറോടെ പുനഃഅംഗീകാരം നേടി.
ഇതോടെ സംസ്ഥാനത്ത് ആകെ 20 ആശുപത്രികൾക്ക് (3 മെഡിക്കൽ കോളേജുകൾ, 13 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ) ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. കൊല്ലം വിക്ടോറിയ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി (95.91%), കൊല്ലം പാരിപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം (93.32%), തൃശൂർ നാട്ടിക പി.എച്ച്.സി (96.23%), മലപ്പുറം കൂരിയാട് യു.പി.എച്ച്.സി (96.49%) എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് ലഭിച്ചു.
കൊല്ലം ചവറ (91.41%), ചാത്തന്നൂർ (96.83%) പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ അംഗീകാരം സ്വന്തമാക്കി. ഇവയ്ക്ക് പുറമെ ആലപ്പുഴയിലെ കഞ്ഞിപ്പാടം, കുന്നുമ്മ, ചാലടി; കോട്ടയത്തെ തോട്ടപ്പള്ളി; മലപ്പുറത്തെ രായിരിമംഗലം, മൂലക്കൽ, പുൽപ്പറ്റ; വയനാട്ടിലെ ചുളുക്ക, കുന്നംപേട്ട; കണ്ണൂരിലെ മാവടി, എടൂർ എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും തിളക്കമാർന്ന വിജയം നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

