ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും വർഷങ്ങളിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 7 പുതിയ എസ്യുവികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം.
ഹൈബ്രിഡ്, ഇലക്ട്രിക്, സി.എൻ.ജി, ഐ.സി.ഇ തുടങ്ങിയ വിവിധ പവർട്രെയിനുകളോടെയാണ് പുതിയ വാഹനങ്ങൾ എത്തുക. നിലവിൽ മാരുതി സുസുക്കിയുടെ ഏക ഇലക്ട്രിക് മോഡൽ ‘ഇ-വിറ്റാര’യാണ്.
ഇതിന് തൊട്ടുപിന്നാലെ മൂന്ന് നിര സീറ്റുകളുള്ള പുതിയ ഇലക്ട്രിക് എംപിവിയും വിപണിയിലെത്തും. ‘വൈഎംസി’ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ വാഹനം ഈ വർഷം അവസാനത്തോടെ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടർന്ന് അടുത്ത വർഷം ആദ്യത്തോടെ വാഹനം വിൽപ്പനയ്ക്കെത്തിയേക്കും. ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയതും വിലകുറഞ്ഞതുമായ 7 സീറ്റർ ഇലക്ട്രിക് മോഡലായിരിക്കും പുതിയ വൈഎംസി.
ഇതിന്റെ അടിസ്ഥാന വേരിയന്റിന് ഏകദേശം 14 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ‘ബാറ്ററി-ആസ്-എ-സർവീസ്’ എന്ന ബാറ്ററി വാടക പദ്ധതി വാഹനത്തിന്റെ പ്രാരംഭ ഉടമസ്ഥാവകാശ ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വൈഎംസിയുടെ അടിസ്ഥാനത്തിൽ ടൊയോട്ടയും ഭാവിയിൽ സ്വന്തം പതിപ്പ് പുറത്തിറക്കിയേക്കുമെന്ന് സൂചനയുണ്ട്. പുതിയ മാരുതി 7 സീറ്റർ ഇലക്ട്രിക് എംപിവിയുടെ ഔദ്യോഗിക സാങ്കേതിക വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എങ്കിലും, ഇ-വിറ്റാരയിൽ ഉപയോഗിച്ചിരിക്കുന്ന 49 കിലോവാട്ട്, 61 കിലോവാട്ട് ബാറ്ററി പാക്കുകൾ ഈ വാഹനത്തിലും ഉൾപ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളും മുൻവശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിനൊപ്പം ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനത്തിലാകും പ്രവർത്തിക്കുക.
ഒറ്റ ചാർജിൽ 500 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാൻ ഈ വാഹനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പരീക്ഷണയോട്ടം നടത്തിവരുന്ന ഈ വാഹനം പലതവണ ക്യാമറകളിൽപ്പെട്ടിട്ടുണ്ട്.
ഉയരം കൂടിയ ബോക്സി ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇ-വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട
മുൻ ബമ്പറും എയർ ഇൻടേക്കുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, എയറോഡൈനാമിക് ഡിസൈനിലുള്ള അലോയ് വീലുകളും വാഹനത്തിലുണ്ടാകും.
പിന്നിലെ വിൻഡ്സ്ക്രീനിന് ചുറ്റുമായി നൽകിയിരിക്കുന്ന ലംബമായി ക്രമീകരിച്ച ടെയിൽ ലാമ്പുകൾ മാരുതി എർട്ടിഗയിൽ നിന്ന് കടമെടുത്തതാണെന്നാണ് സൂചന. ആധുനിക ഫീച്ചറുകളോടെയാണ് പുതിയ ഇലക്ട്രിക് എംപിവി എത്തുന്നത്.
10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കാം. പ്രീമിയം സൗണ്ട് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഐ.ആർ.വി.എം, മുൻ-പിൻ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഒന്നിലധികം എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിൽ ലഭ്യമാകും.
കുടുംബ ഉപഭോക്താക്കളെ പൂർണ്ണമായും ലക്ഷ്യമിട്ടാണ് ഈ പുതിയ മോഡലിന്റെ വിപണി പ്രവേശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

