കൊച്ചി∙ കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. മുൻ വർഷത്തെക്കാൾ 3% വർധനയുണ്ട്.
കേരളത്തിൽ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടൺ ആണ്– മുൻ വർഷത്തെക്കാൾ 2% കൂടുതൽ. കേരളത്തിൽ ഏറ്റവും കൂടുതൽ കിട്ടിയ മത്തി, ലഭ്യതയിൽ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ് (2.70 ലക്ഷം ടൺ). കണവ–കൂന്തൽ വർഗങ്ങൾ, മത്തി, കിളിമീൻ, പാമ്പാട
എന്നിവയാണു പിന്നാലെ.
കേരളം മൂന്നാമത്
ശക്തമായ മഴയും കപ്പൽ അപകടവും കാരണം മേയ്, ജൂൺ മാസങ്ങളിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിനങ്ങളിൽ കുറവുണ്ടായിട്ടും മൊത്തം മത്സ്യ ലഭ്യത കുറയാതെ പിടിച്ചുനിന്നു. 2% വർധനയോടെ രാജ്യത്തു മൂന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.
രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചതു തമിഴ്നാടാണ്. 6.85 ലക്ഷം ടൺ.
ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത് എറണാകുളം ജില്ലയിലാണ്.
കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഹാർബറുകളിൽ മുന്നിൽ നീണ്ടകരയും, രണ്ടാമതു മുനമ്പവും.
കേരളത്തിൽ മത്തി കൂടി
കേരളത്തിൽ ഏറ്റവുമധികം പിടിച്ച ഇനം മത്തിയാണ്– 1.68 ലക്ഷം ടൺ.
മത്തി ലഭ്യത 13% വർധിച്ചു. സംസ്ഥാനത്ത് 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്.
അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണു തൊട്ടു പിന്നിൽ. തിരിയാൻ, ചെമ്മീൻ, പാമ്പാട
എന്നിവ കുറഞ്ഞു.
പണംവാരി മത്സ്യം
സമുദ്രമത്സ്യ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വർധന. ഇന്ത്യയിലാകെ ലാൻഡിങ് സെന്ററുകളിലെ വിറ്റുവരവ് 69,254 കോടി രൂപയും (വർധന 10.45%) ചില്ലറ വിപണിയിൽ 97,702 കോടി രൂപയുമാണ്.
(വർധന 8.43%). കേരളത്തിൽ യഥാക്രമം 12,665 കോടി രൂപയും (17.8% വർധന), 16,681 കോടി രൂപയും (11.1% വർധന).
വിപണന കാര്യക്ഷമതയിൽ കേരളം രാജ്യത്ത് ഒന്നാമതാണ് (72.83%). സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ്, ഇക്കണോമിക്സ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗം തയാറാക്കിയ വാർഷിക റിപ്പോർട്ട് ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ് പ്രകാശനം ചെയ്തു.
സമുദ്ര ഉഷ്ണതരംഗം മത്സ്യലഭ്യതയിൽ പ്രതിഫലിച്ചിട്ടില്ല
കൊച്ചി∙ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും ഒമാൻ വരെയും സമുദ്രോപരിതല താപനില ഉയർന്ന് സമുദ്ര ഉഷ്ണതരംഗം വ്യാപിക്കുന്നതായി മുന്നറിയിപ്പ് ഉണ്ടെങ്കിലും മത്സ്യലഭ്യതയിൽ അതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയിട്ടില്ല.
ഈ വർഷം ജനുവരി– മാർച്ചിലെ സിഎംഎഫ്ആർഐയുടെ കണക്ക് അനുസരിച്ച് മത്സ്യലഭ്യത മുൻവർഷത്തെ അതേ തോതിലാണ്. ഏപ്രിലിലെ കണക്ക് കൂടി വിലയിരുത്തിയാലേ യഥാർഥ ചിത്രം വ്യക്തമാകൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

