തലശ്ശേരി ∙ ഓടുന്ന ട്രെയിൻ റീൽസ് ചിത്രീകരണത്തിനായി ചുവപ്പ് ലൈറ്റ് തെളിച്ച് നിർത്തിച്ചു; 2 പ്ലസ്ടു വിദ്യാർഥികളെ ആർപിഎഫ് പിടികൂടി. കഴിഞ്ഞദിവസം പുലർച്ചെ 2.45ന് കുയ്യാലി റെയിൽവേ ഗേറ്റിനു സമീപത്താണ് സംഭവം.
എറണാകുളം – ഓഖ എക്സ്പ്രസ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ വിട്ടയുടൻ ചുവപ്പ് ലൈറ്റ് കത്തുന്നതുകണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ഉടൻ ഗേറ്റ്മാനെയും സ്റ്റേഷൻ മാസ്റ്ററെയും വിവരമറിയിച്ചു.
തുടർന്ന് ആർപിഎഫ് എസ്ഐ കെ.വി.മനോജ് കുമാറും ഹെഡ് കോൺസ്റ്റബിൾ പ്രദീപനും സ്ഥലത്തെത്തി റെയിൽവേ പോയിന്റ്സ്മാൻ ഷിജിലിന്റെയും ഗേറ്റ്മാൻ മഹേഷിന്റെയും സഹായത്തോടെ വിദ്യാർഥികളെ പിടികൂടി.
ആർപിഎഫിനെ കണ്ട ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തു പുഴയായതിനാൽ കടന്നുകളയാനായില്ല.
പാനൂരിനു സമീപത്തുള്ള വിദ്യാർഥികളാണു പിടിയിലായത്. രക്ഷിതാക്കളെ വിളിച്ചുവരുത്തി വിദ്യാർഥികളെ ജാമ്യത്തിൽവിട്ടു.
റെയിൽവേ സ്ഥലത്ത് അതിക്രമിച്ചു കടക്കൽ, ട്രെയിൻ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. റെയിൽവേ ട്രാക്കിനു സമീപത്ത് മീൻ പിടിക്കാനെത്തിയതാണെന്നാണ് വിദ്യാർഥികൾ ഉദ്യോഗസ്ഥരോടു പറഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

