കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ മഹാശിലാസ്മാരകങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിൽ പുരാവസ്തു വകുപ്പിന് നശീകരണമില്ലാത്ത ശേഷിപ്പുകൾ ലഭിച്ചു. കരിവെള്ളൂർ ചെമ്പോട്ടിക്കുന്ന് പെരികമന ഇല്ലപറമ്പിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ഏകദേശം 2500 വർഷം മുൻപ് ജീവിച്ചിരുന്നവരുടെ എല്ലുകളും അക്കാലത്ത് ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളുമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഈ നിർണായക കണ്ടെത്തലുകൾ പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തിലേക്ക് മാറ്റുമെന്ന് അധികൃതർ വ്യക്തമാക്കി.
രണ്ടാഴ്ച മുൻപാണ് ഈ പ്രദേശത്തെ കുടക്കല്ലുകളുടെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചത്. പ്രവർത്തനങ്ങളുടെ ആദ്യദിനങ്ങളിൽ തന്നെ അപൂർവമായ രണ്ട് കൽപാളികൾ ഇവിടെ നിന്നും ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ 7 കുടക്കല്ലുകളും ഒരു തൊപ്പിക്കല്ലും കണ്ടെത്തുകയും, ഇതിൽ 3 കുടക്കല്ലുകൾ വിജയകരമായി പുനഃസ്ഥാപിക്കുകയും ചെയ്തു. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥനും പഴശ്ശിരാജ പുരാവസ്തു മ്യൂസിയം ഓഫിസറുമായ കെ.കൃഷ്ണരാജിന്റെ മേൽനോട്ടത്തിലുള്ള പത്തംഗ സംഘമാണ് ഈ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ശാസ്ത്രീയ പരിശോധനകൾക്കും നേതൃത്വം നൽകിയത്.
അതേസമയം, ചരിത്രപരമായ ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ച പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരെയും സ്ഥലമുടമയായ പെരികമന നാരായണൻ നമ്പൂതിരിയെയും ചിതം പൈതൃക ഗവേഷണസംഘം കൂട്ടായ്മ ആദരിച്ചു. കരിവെള്ളൂരിൽ നടന്ന ചടങ്ങ് വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വി.മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ.ഇ.ശ്രീധരൻ, ഡോ.ഇ.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

