തളിപ്പറമ്പ് ∙ തള്ളണമെന്ന് സർക്കാർ അപേക്ഷ നൽകിയ, പൊലീസ് വാഹനം ആക്രമിച്ച കേസിൽ വിചാരണ ആരംഭിച്ചു. പയ്യന്നൂരിലെ സിപിഎം പ്രവർത്തകർ പ്രതികളായ കേസാണിത്.
2015 സെപ്റ്റംബർ 17ന് രാത്രി 8ന് രാമന്തളി കുന്നുരുവിൽ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച് പരുക്കേൽപിക്കുകയും പൊലീസ് വാഹനം തകർക്കുകയും ചെയ്ത കേസിലാണ് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.പ്രശാന്ത് മുൻപാകെ വിചാരണ ആരംഭിച്ചത്. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 13 പ്രതികളാണുള്ളത്.
പൊതുജന താൽപര്യമെന്ന പേരിൽ ഈ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, കലക്ടർ മുഖേന നൽകിയ അപേക്ഷ പരിഗണിച്ച ജഡ്ജി കെ.എൻ.പ്രശാന്ത് എന്ത് പൊതുജന താൽപര്യമാണ് ഇതിലുള്ളതെന്നു ചോദിച്ച് കഴിഞ്ഞ നവംബർ 25ന് അപേക്ഷ തള്ളി, പ്രതികൾ വിചാരണ നേരിടണമെന്നു വിധിക്കുകയായിരുന്നു.
പയ്യന്നൂരിൽ സിപിഎം, എസ്ഡിപിഐ സംഘട്ടനത്തെ തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന അന്നത്തെ പഴയങ്ങാടി എസ്ഐ കെ.പി.ഷൈന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുന്നരുവിൽ ആക്രമിക്കപ്പെട്ടത്.
എസ്ഐ ഷൈൻ, പൊലീസുകാരായ പ്രമോദ്, ടി.വി.സുനിൽകുമാർ എന്നിവർക്ക് ഇരുമ്പുവടി കൊണ്ട് മർദനമേൽക്കുകയും പൊലീസ് വാഹനം അടിച്ച് തകർത്ത് 60,000 രൂപയുടെ നഷ്ടം വരുത്തിയെന്നുമാണു കേസ്.
സിപിഎം ലോക്കൽ സെക്രട്ടറി ടി.വി.അനൂപ്, സത്യൻ, ജിതിൻ, ദിനേശൻ തുടങ്ങിയവരാണു കേസിലെ പ്രതികൾ. കൊലപാതക കേസിലെ പ്രതികൾ ഉൾപ്പെടെ ഇതിലുണ്ടെന്ന് കേസ് തള്ളാനുള്ള വാദം കേട്ട
ശേഷം കോടതി അന്നത്തെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് തള്ളാനുള്ള സർക്കാർ അപേക്ഷ കോടതി തള്ളിയത് സംസ്ഥാന സർക്കാരിനും തിരിച്ചടിയായിരുന്നു. തുടർന്നാണ് കേസ് വിചാരണയിലേക്കു നീണ്ടത്.
മർദനമേറ്റ അന്നത്തെ എസ്ഐ ഷൈൻ, പൊലീസുകാരനായ പ്രമോദ് എന്നിവരെയാണ് കഴിഞ്ഞദിവസം വിസ്തരിച്ചത്. കേസ് ഇനി ജൂലൈ 8ന് പരിഗണിക്കും.
പ്രതികൾക്കുവേണ്ടി അഭിഭാഷകരായ ടി.വി.വിനീഷ്, ഷാനവാസ് എന്നിവരും വാദി ഭാഗത്തിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശനുമാണു ഹാജരാകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

