സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം ഈടാക്കി, കുപ്പി തിരിച്ചേൽപിക്കുമ്പോൾ തുക തിരികെ നൽകുന്ന ഡിപ്പോസിറ്റ് റീഫണ്ട് സ്കീം പദ്ധതി ബെവ്കോയുടെ എല്ലാ ഔട്ട്ലറ്റുകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച നിർദേശം മന്ത്രി എം.ലിജു വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് അറിയിച്ചത്.
സിഎംഡി യോഗേഷ് ഗുപ്ത ഉൾപ്പെടെയുള്ള ബവ്കോ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. പദ്ധതി വ്യാപനം സംബന്ധിച്ച സാങ്കേതിക സാധ്യതാ പഠനവും പ്രശ്നപരിഹാര മാർഗങ്ങളും ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ സിഎംഡിയോട് മന്ത്രി ആവശ്യപ്പെട്ടു.
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് താൽക്കാലികമായാണ് പദ്ധതി നിർത്തിവെക്കാൻ സിഎംഡി സർക്കുലർ ഇറക്കിയതെന്നും, ആ തിരക്കുകൾ ഒഴിഞ്ഞ സാഹചര്യത്തിൽ പദ്ധതി പുനരാരംഭിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഔട്ട്ലറ്റുകളിലെ സ്ഥലപരിമിതി, ജീവനക്കാർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ, കച്ചവടത്തിലുണ്ടായ കുറവ്, നികുതി സംബന്ധമായ കാര്യങ്ങൾ എന്നിവയാണ് പദ്ധതി പിൻവലിക്കാൻ കാരണമായതെന്ന് സിഎംഡി യോഗേഷ് ഗുപ്ത യോഗത്തിൽ വിശദീകരിച്ചു.
എന്നാൽ, ചെറിയ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഇത്രയും മാതൃകാപരമായ ഒരു പരിസ്ഥിതി സൗഹൃദ പദ്ധതി അവസാനിപ്പിക്കുന്നത് ശരിയല്ലെന്ന് മന്ത്രി നിലപാടെടുത്തു. പ്ലാസ്റ്റിക് മാലിന്യ നിർമാർജനം ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയമായതിനാൽ, പദ്ധതി വിജയകരമായി നടപ്പാക്കാൻ ആവശ്യമായ എല്ലാവിധ സർക്കാർ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ബെവ്കോ ഔട്ട്ലറ്റുകളിൽ നിന്നും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന ക്ലീൻ കേരള കമ്പനി പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തുകയുണ്ടായി. ഇതുവരെ തിരഞ്ഞെടുത്ത 20 ഔട്ലെറ്റുകളിൽനിന്ന് ഒന്നേകാൽ കോടിയോളം കാലിക്കുപ്പികൾ വിജയകരമായി ശേഖരിച്ചതായി കമ്പനി അധികൃതർ യോഗത്തെ അറിയിച്ചു.
ഔട്ട്ലറ്റുകളിൽ ഉപഭോക്താക്കൾ എത്തിക്കുന്ന കാലിക്കുപ്പികൾ യാതൊരു താമസമവുമില്ലാതെ കൃത്യസമയത്ത് ശേഖരിക്കാൻ ക്ലീൻ കേരള കമ്പനിക്ക് മന്ത്രി നിർദേശം നൽകി. വരും ദിവസങ്ങളിൽ പദ്ധതി കൂടുതൽ ഔട്ട്ലറ്റുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടെൻഡർ നടപടികൾ പൂർത്തിയാക്കി കൂടുതൽ ഏജൻസികളെ ഉൾപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
അതിനിടെ, ഡിപ്പോസിറ്റ് റീഫണ്ട് സ്കീം തുടരുമെന്ന മന്ത്രിയുടെ നിലപാടിനെ പ്രശംസിച്ച് മുൻ എക്സൈസ് മന്ത്രി എം.ബി.രാജേഷ് രംഗത്തുവന്നു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന് ഗുണകരമായ ശരിയായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും, പ്ലാസ്റ്റിക് മലിനീകരണം ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഈ പദ്ധതി കൃത്യസമയത്ത് ഇടപെട്ട് നിലനിർത്തിയ മന്ത്രി എം.ലിജുവിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

