സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടിയുമായി പൊലീസ്. ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക വേട്ടയുടെ ഭാഗമായി വ്യാപകമായി ഗുണ്ടകളെ പിടികൂടിത്തുടങ്ങി.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഇതിനിടയിലാണ് ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുന്നത്.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ വളപട്ടണം പൊലീസ് അർജുൻ ആയങ്കിയുടെ എട്ട് സുഹൃത്തുക്കളെ കരുതൽ തടങ്കലിലാക്കി. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചോദ്യം ചെയ്യൽ.
രണ്ടുദിവസം മുൻപ് അർജുൻ ആയങ്കി കണ്ണൂർ അഴീക്കോട് എത്തിയിരുന്നതായും പൊലീസിന് സംശയമുണ്ട്. മലപ്പുറം ജില്ലയിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് എടപ്പാളിലെത്തിയ പ്രതിയുമായി ബന്ധമുള്ള അഞ്ചുപേരെ ചങ്ങരംകുളം, തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
കൂടാതെ, ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നും പ്രതിയുമായി ബന്ധമുള്ള ഷൈജു ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത് സുരേഷ്, ആദിത്യൻ എന്നീ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിൽ ഷൈജുവിനെതിരെ സമൂഹമാധ്യമത്തിലൂടെ ആഭ്യന്തരമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റ് പങ്കുവെച്ചതിന് സൈബർ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി വിവിധ ജില്ലകളിലും അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

