കരിവെള്ളൂർ ∙ ‘ഇവർ ഞങ്ങളുടെ അമ്മയും സഹോദരിയുമാണ്, ഇരുവരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമ്മളല്ലെ മുന്നിട്ടിറങ്ങേണ്ടത്’ – കൂക്കാനം യുവജനവേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വനിതാ കൂട്ടായ്മയുടെ വാക്കുകളിൽ നിറയുന്നത് പ്രിയപ്പെട്ടവരോടുള്ള ആഴത്തിലുള്ള സ്നേഹമാണ്. ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൂക്കാനത്തെ പി.
പ്രജിഷ (37), അമ്മ പി. പത്മിനി (56) എന്നിവരുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിലാണ് ഈ വനിതാ കൂട്ടായ്മ.
ഇരുവരുടെയും തുടർന്നുള്ള ചികിത്സാ ചെലവുകൾക്കായി ആക്രി സാധനങ്ങൾ ശേഖരിച്ചാണ് ഇവർ മാതൃകാപരമായ ധനസമാഹരണം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ വൈകിട്ട് 7 വരെ പ്രദേശത്തെ മുഴുവൻ വീടുകളിലും നേരിട്ടെത്തിയാണ് സംഘം ആക്രി വസ്തുക്കൾ ശേഖരിച്ചത്.
പിന്നീട് ഇവ വിപണിയിൽ വിറ്റഴിച്ചതിലൂടെ 23,500 രൂപ സമാഹരിക്കാൻ സാധിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രജിഷയുടെയും പത്മിനിയുടെയും ചികിത്സയ്ക്കായി ഏകദേശം 75 ലക്ഷം രൂപയോളം ആവശ്യമായി വരും.
നാടിന്റെ മുഴുവൻ സഹകരണത്തോടെ ഇതിനകം ഒരു കർമ്മസമിതി രൂപീകരിച്ച് ധനസമാഹരണം പുരോഗമിക്കുന്നതിനിടയിലാണ് ഈ മാതൃകാപരമായ ചുവടുവെപ്പുമായി വനിതകളും രംഗത്തിറങ്ങിയത്. വരും ദിവസങ്ങളിലും കൂടുതൽ വേറിട്ട
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പണം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് വനിതാ വേദി. സന്നദ്ധ പ്രവർത്തനങ്ങൾക്ക് സെക്രട്ടറി കെ.
വി. സൂര്യ, പ്രസിഡന്റ് കെ.
സുനിത എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

