തലശ്ശേരി ∙ തീരദേശ ഹൈവേയ്ക്കായി സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥരെ മെയിൻറോഡിൽ മട്ടാമ്പ്രത്ത് വലിയങ്ങാടിയിലെ വ്യാപാരികളും ചുമട്ടു തൊഴിലാളികളും തടഞ്ഞു തിരിച്ചയച്ചു. സംഘർഷാവസ്ഥ ഉടലെടുത്തതിനെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് പ്രശ്നം ചർച്ച ചെയ്യുന്നതിന് വേദിയൊരുക്കാമെന്ന നിർദേശം മുന്നോട്ടുവച്ചു.
പിന്നീട് സർവേ ഉദ്യോഗസ്ഥർ തിരിച്ചുപോയി.
ദേശീയപാതയിൽ സൈദാർപള്ളി മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗമാണ് നഗരത്തിലെ വലിയങ്ങാടി. ഇവിടെ പതിറ്റാണ്ടുകളായി വ്യാപാരം ചെയ്യുന്നവരെ ഇറക്കിവിട്ടുള്ള ഹൈവേ നിർമാണം അനുവദിക്കില്ലെന്ന് സമരക്കാർ പറഞ്ഞു.
തീരത്തുകൂടി 3 റോഡുകൾ ഉണ്ടെന്നിരിക്കെ അതു വികസിപ്പിച്ചു കടൽ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാൻ പാകത്തിൽ തീരദേശ ഹൈവേ നിർമിക്കാതെ ആയിരക്കണക്കിന് വ്യാപാരി കുടുംബങ്ങളെയും തൊഴിലാളികളെയും തെരുവാധാരമാക്കി വലിയങ്ങാടിയിലൂടെ പൈതൃക കെട്ടിടങ്ങൾ തകർത്തുതന്നെ ഹൈവേ സ്ഥാപിക്കണമെന്നത് ആരുടെ നിർദേശമാണെന്ന് തൊഴിലാളികൾ ചോദിച്ചു.
നിലവിലുള്ള അലൈൻമെന്റ് മാറ്റുകയോ ബദൽ സംവിധാനം ഒരുക്കുകയോ വേണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടു. ഈ ആവശ്യം മുഖ്യമന്ത്രി, സ്പീക്കർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ചർച്ച ചെയ്യാമെന്ന് അറിയിച്ചതായും അതിനിടയിൽ ധൃതിയിൽ സർവേ നടത്തുന്നത് സംശയാസ്പദമാണെന്ന് സമരക്കാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

