കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന വാഹനങ്ങളിൽ നിന്നും പ്രവേശന ഫീസ് ഈടാക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്.
‘നിശ്ചിതസമയം കഴിഞ്ഞശേഷം തിരികെപ്പോകുന്ന വാഹനങ്ങളിൽനിന്ന് ഫീസ് ഈടാക്കുന്ന രീതി മറ്റു വിമാനത്താവളങ്ങളിൽ ഉണ്ടെങ്കിലും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിൽനിന്നും ഫീസ് ഈടാക്കുന്നത് കണ്ണൂരിൽ മാത്രമാണ്.’ എംഎൽഎ വ്യക്തമാക്കി. യോഗത്തിൽ പാലക്കയം തട്ടിലെ അനധികൃത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട
വിഷയവും ചർച്ചയായി. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് കലക്ടർ പി.വിഷ്ണുരാജ് അറിയിച്ചു.
പെരുമ്പ മുതൽ കോത്തായിമുക്ക് വരെയുള്ള പഴയ ദേശീയപാതയിലെ അനധികൃത വാഹന പാർക്കിങ് ഗുരുതരമായ ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎ യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയത്തിൽ പൊലീസും ആർടിഒയും സംയുക്തമായി പരിശോധന നടത്തും.
കൂടാതെ, പെരിങ്ങോം വയക്കര, എരമം കുറ്റൂർ പഞ്ചായത്തുകളിലെ മിച്ചഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തഹസിൽദാറെ യോഗം ചുമതലപ്പെടുത്തി. വളപട്ടണം പാലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി, പാലത്തിലെ പഴയ ടാറിങ് ഇളക്കിമാറ്റി പുതിയത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ.വി.സുമേഷ് എംഎൽഎയുടെ പ്രതിനിധി കിരൺ ആവശ്യപ്പെട്ടു.
വാടിക്കൽ – മാട്ടൂൽ തീരദേശ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നിർദേശത്തെ തുടർന്ന് 20 ലക്ഷം രൂപ വകയിരുത്തി പദ്ധതി തയാറാക്കിയിട്ടുണ്ട്. ഡിപിസിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ ആരംഭിക്കും.
യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രതിനിധി അജിത്ത് മാട്ടൂൽ, തലശ്ശേരി സബ് കലക്ടർ രവി മീണ, അസിസ്റ്റന്റ് കലക്ടർ എസ്.സ്വാതി, എഡിഎം ഇൻചാർജ് കെ.ബാലഗോപാലൻ, ജില്ലാ പ്ലാനിങ് ഓഫിസർ ടി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. മേലെചൊവ്വ, മട്ടന്നൂർ റോഡ് ജംക് ഷനിൽ മേൽപാലം നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കലും കെട്ടിടങ്ങളുടെ മൂല്യനിർണയപ്രവൃത്തിയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് ടി.ഒ.മോഹനൻ എംഎൽഎ ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന എട്ടിന് പൊതുമരാമത്ത് വകുപ്പും റവന്യു വിഭാഗവും ചേർന്ന് സംയുക്ത പരിശോധന നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

