കണ്ണൂർ ∙ മരക്കാർകണ്ടിയിൽ മലിനജല ശുചീകരണ പ്ലാന്റ് നിർമാണത്തിന് സ്വകാര്യ കമ്പനിക്ക് കോർപറേഷൻ നൽകിയ ടെൻഡർ റദ്ദാക്കി. ചീഫ് സെക്രട്ടറി എ.
ജയതിലക് അധ്യക്ഷനായ സംസ്ഥാന അമൃത് ഹൈ പവർ സ്റ്റിയറിങ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഗുരുതരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 140 കോടി രൂപയുടെ ടെൻഡർ റദ്ദാക്കിയത്.
ടെൻഡറുമായി ബന്ധപ്പെട്ട് കോർപറേഷൻ മേയർ വൻ അഴിമതി നടത്തിയെന്നാരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു.
നിർമാണം നടത്തുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ കൃത്യമായി ടെൻഡറിൽ പറഞ്ഞിട്ടില്ലെന്ന് കമ്മിറ്റി കണ്ടെത്തി.
സാങ്കേതിക കാര്യങ്ങൾ, ഡിസൈൻ, തുക എന്നിവയെല്ലാം മാറാം. ചില നിബന്ധനകൾ കാരണം പരിമിതമായ കമ്പനികൾക്ക് മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിച്ചത്.
ഇത് ടെൻഡറിനെ സംശയത്തിന്റെ നിഴലിലാക്കുന്നു. ടെൻഡറിലെ പാളിച്ച മൂലം ഖജനാവിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നും യോഗത്തിൽ കണ്ടെത്തി.
ന്യൂനതകൾ ഉള്ളതിനാൽ ടെൻഡർ റദ്ദാക്കുന്നുവെന്നും പ്ലാന്റ് നിർമാണം വാട്ടർ അതോറിറ്റി വഴി നടപ്പാക്കണമെന്നും യോഗത്തിൽ തീരുമാനമായി. മരക്കാർകണ്ടിയിൽ മലിനജല ശുചീകരണ പ്ലാന്റ് നിർമാണത്തിന് സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയതിന് പിന്നിൽ കോടികളുടെ ഇടപാടാണ് നടന്നതെന്നാരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് രംഗത്തെത്തിയിരുന്നു.
എന്നാൽ നിബന്ധനകൾ പാലിച്ചാണ് ടെൻഡർ നൽകിയതെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈ പവർ കമ്മിറ്റിയാണെന്നുമാണ് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞത്. ടെൻഡർ റദ്ദാക്കിയതിന് പിന്നാലെ സിപിഎം കോർപറേഷനിലേക്ക് മാർച്ച് നടത്തി.
കണ്ണൂർ കോർപറേഷനിലെ അഴിമതിക്കരാർ റദ്ദാക്കിയ പിണറായി സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടായിരുന്നു മാർച്ച്. 40 കോടിയുടെ പദ്ധതി 140 കോടി ആയതെങ്ങനെയെന്ന് കണ്ണൂർ മേയർ ഉത്തരം പറയണം, കണ്ണൂർ കോർപറേഷനിലെ കൊള്ള സംഘത്തെ ഒറ്റപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുമായാണ് മാർച്ച് നടത്തിയത്.
കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

