തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശിയായ കെ.കെ. പ്രദീപ് (40) എട്ടു വർഷമായി അനുഷ്ഠിച്ചുവന്ന അപൂർവ വ്രതത്തിന് സമാപനം കുറിച്ചു.
സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ അധികാരമൊഴിയാതെ താടിയും മുടിയും മുറിക്കില്ലെന്നായിരുന്നു പ്രദീപിന്റെ ശപഥം. 2018-ൽ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രദീപ് എത്തിയത്.
ശപഥത്തിന്റെ ഭാഗമായി കഴിഞ്ഞ എട്ടു വർഷക്കാലം ഇദ്ദേഹം മുടിയോ താടിയോ വെട്ടിയിരുന്നില്ല. അയ്യപ്പഭക്തരെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വർഷത്തോളം കേരളത്തിലുടനീളം ഓട്ടോറിക്ഷയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച് പ്രചാരണപ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
വ്രതനിഷ്ഠ പൂർത്തിയായതിനെ തുടർന്ന് ഇന്നലെ താടിയുടെയും മുടിയുടെയും അറ്റം മുറിച്ച് പ്രദീപ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിനുശേഷം നാട്ടുകാർക്കായി പായസ വിതരണവും നടത്തി.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം, പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് പ്രദീപിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

