ആറന്മുള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് മാസങ്ങളായി നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി അധികൃതർ നടപടികൾ ശക്തമാക്കി. സ്കൂൾ ഡൈനിങ് ഹാളിൽ പ്രവർത്തിക്കുന്ന അങ്കണവാടി അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്ന നിർദ്ദേശം ജില്ലാ പഞ്ചായത്ത്, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി.
2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂൾ വിദ്യാർഥികൾക്കായി പ്രത്യേക ഡൈനിങ് ഹാൾ നിർമിച്ചത്. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിലെ 250 വിദ്യാർഥികളിൽ 187 പേർ ഇവിടെയാണ് ഉച്ചഭക്ഷണം കഴിക്കുന്നത്.
എന്നാൽ, ഡൈനിങ് ഹാളിൽ അങ്കണവാടി കൂടി പ്രവർത്തിക്കുന്നതിനാൽ 50 കുട്ടികൾക്ക് പോലും ഒരേസമയം ഭക്ഷണം കഴിക്കാൻ ആവശ്യമായ സൗകര്യമില്ലാത്ത ദുരവസ്ഥയാണുള്ളത്. സ്കൂളിലെ പഴയ കെട്ടിടത്തിൽ ടൈൽ പാകുന്ന ജോലികൾ നടക്കുമ്പോൾ താൽക്കാലികമായാണ് അങ്കണവാടി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്.
എന്നാൽ, അന്ന് നൽകിയ ഉറപ്പ് എട്ടു വർഷം പിന്നിട്ടിട്ടും പാലിക്കപ്പെട്ടില്ല. ഏഴ് കുട്ടികൾ പഠിക്കുന്ന ഈ അങ്കണവാടിയുടെ അടുക്കള, പഠനമുറി, കളിയുപകരണങ്ങൾ എന്നിവയെല്ലാം ഈ ഒരു മുറിയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അങ്കണവാടി മാറ്റി സ്ഥാപിക്കാൻ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തുന്നതിലൂടെ സ്കൂൾ വിദ്യാർഥികളുടെയും അങ്കണവാടി കുട്ടികളുടെയും ദുരിതത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പഞ്ചായത്ത് തലത്തിൽ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

