ചെറുതോണി∙ ആഹാര സാധനങ്ങളിൽ മായം ചേർക്കുന്നതു സംബന്ധിച്ച് ഇടുക്കി താലൂക്ക് സഭയിൽ അംഗങ്ങളുടെ പരാതി. ഓണത്തോടനുബന്ധിച്ചു നടത്തിയ പരിശോധനയിൽ 5 കേസുകൾ റജിസ്റ്റർ ചെയ്തതായി ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം യോഗത്തെ അറിയിച്ചു. കടലയിൽ മായം ചേർത്തതിനു അഹമ്മദാബാദ് ഗീവർധൻ ഫാക്ടറി, മാനദണ്ഡങ്ങൾ പാലിക്കാതെ റസ്ക് വിൽപന നടത്തിയതിനു ഏലപ്പാറ ഭാസ്കര ഹോട്ടൽ ആൻഡ് ബേക്കറി, അറക്കുളത്ത് നിർമിക്കുന്ന ശരവണൻ പപ്പടം, സിന്തറ്റിക് വിനഗർ നിർമിക്കുന്ന ആലുവ ഇടത്തല കുഴിവേലിപ്പടിയിൽ മരോട്ടിക്കൽ ട്രേഡേഴ്സ്, മായം ചേർത്ത ഈന്തപ്പഴം കണ്ടെത്തിയ തൊടുപുഴ വെങ്ങല്ലൂരിലെ അജ്മൽ ഇന്റർനാഷനൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.
കുളമാവ് ഡാമിനു മുകളിൽ ഗതാഗത തടസ്സമായി സ്ഥാപിച്ചിട്ടുള്ള ഹബ് മാറ്റി സ്ഥാപിക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തിനെതിരെയും അംഗങ്ങൾ പ്രതിഷേധിച്ചു.
അടുത്ത മാസത്തെ മീറ്റിങ്ങിനു മുൻപ് നടപടിയുണ്ടാകാത്ത പക്ഷം കുളമാവ് ഡാമിനു മുകളിൽ ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി അംഗം സണ്ണി ഇല്ലിക്കൽ നിരാഹാര സമരം ആരംഭിക്കുമെന്ന് യോഗത്തിൽ തഹസിൽദാരെ അറിയിച്ചു.
ഇടുക്കി താലൂക്കിൽ വനം വകുപ്പിന്റെ കീഴിലുള്ള വ്യൂ പോയിന്റുകൾ സന്ദർശകർക്കായി ദിശാസൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും മന്ത്രപ്പാറ വ്യൂ പോയിന്റിൽ സന്ദർശനം അനുവദിക്കണമെന്നുമുള്ള മുൻ കമ്മിറ്റിയിലെ ആവശ്യം നടപ്പായില്ലെന്നും യോഗത്തിൽ അംഗങ്ങൾ അറിയിച്ചു. ഇക്കാര്യത്തിൽ വീണ്ടും കത്ത് അയയ്ക്കുന്നതിനും യോഗം തീരുമാനിച്ചു.
ചെറുതോണി – ഇടുക്കി റൂട്ടിൽ വാഹനാപകടങ്ങൾ തുടർക്കഥയായതിനാൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ ആർടിഒയ്ക്കും നാഷനൽ ഹൈവേ അതോറിറ്റിക്കും നോട്ടിസ് അയയ്ക്കാനും തഹസിൽദാർ നിർദേശിച്ചു. ഔസേപ്പച്ചൻ ഇടക്കുളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തഹസിൽദാർ റെനി ജോസ്, സണ്ണി ഇല്ലിക്കൽ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

