തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വവുമായുണ്ടായ സംഘർഷത്തിൽ എംഎല്എ രമ്യ ഹരിദാസിനെതിരെ കൂടുതൽ അച്ചടക്ക നടപടികൾ ഉണ്ടായേക്കില്ല. സംഭവത്തിൽ പാളയം പ്രദീപിനെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിന് കെപിസിസി ഔദ്യോഗിക നിർദേശം നൽകുമെന്നാണ് വിവരം.
പ്രദീപിനെ ഒപ്പം കൂട്ടുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഈ നിർദേശം. നേതാക്കൾക്ക് മുന്നിൽ പ്രദീപിനെതിരെ വ്യാപകമായി പരാതികൾ എത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ എംഎൽഎ ഇന്നലെ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കടുത്ത നടപടികൾ ഒഴിവാക്കി പരമാവധി സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. സംഘർഷവുമായി ബന്ധപ്പെട്ട് നേരത്തെ കെപിസിസി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
രമ്യയുടെ സഹായി പാളയം പ്രദീപ്, കോൺഗ്രസ് കൂന്തല്ലൂർ മണ്ഡലം വൈസ് പ്രസിഡണ്ട് സജാദ് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. എംഎൽഎയോടൊപ്പം സഹായിയായി പ്രദീപ് തുടരുന്നത് പാർട്ടി വിലക്കിയേക്കും.
ഈ കയ്യാങ്കളി സംഘടനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയതിനെ തുടർന്നാണ് നേതൃത്വം അടിയന്തര നടപടി സ്വീകരിച്ചത്. മണ്ഡലത്തിലെ എല്ലാ കാര്യങ്ങളിലും രമ്യ ഹരിദാസിനൊപ്പം പാളയം പ്രദീപ് ഇടപെടുന്നുവെന്ന് ജില്ലാ പഞ്ചായത്ത് അംഗം സജാദ് മുട്ടപ്പലം അടക്കമുള്ളവർ പരാതി ഉന്നയിച്ചിരുന്നു.
എന്നാൽ സജാദ് വീട്ടിലേക്ക് വിളിച്ചുവരുത്തി തങ്ങളെ മർദ്ദിച്ചുവെന്ന രമ്യയുടെയും പ്രദീപിന്റെയും പരാതിയും അന്വേഷണ സമിതി പരിശോധിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി.
ഇരുവിഭാഗത്തിന്റെയും വീഴ്ചകൾ പരിഗണിച്ചും സമവായത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ നടപടികൾ സ്വീകരിച്ചത്. മുമ്പ് ആലത്തൂരിൽ പാളയം പ്രദീപ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.
ആലത്തൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പ്രദീപിന്റെ അമിതമായ ഇടപെടലാണെന്നും പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു. പ്രദീപ് ഔദ്യോഗിക സ്റ്റാഫ് ആണെന്നായിരുന്നു രമ്യയുടെ വിശദീകരണം.
എന്നാൽ നിയമസഭാ രേഖകളിൽ പ്രദീപിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. രമ്യയ്ക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകണമെന്ന ആവശ്യവും നേതൃത്വത്തിന് മുന്നിൽ ഉയർന്നിരുന്നു.
എങ്കിലും എംഎൽഎ എന്ന പദവി പരിഗണിച്ചാണ് നേതൃത്വം കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

