സംസ്ഥാനത്തെ ജയിൽ സ്ഥാപനങ്ങളുടെ പേര് മാറ്റാൻ ആഭ്യന്തരവകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നു. നിലവിലുള്ള ‘ജെയ്ൽ’ എന്ന പദം പൂർണ്ണമായും ഒഴിവാക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി സെൻട്രൽ ജയിലിന്റെ പേര് ഇനി മുതൽ ‘കറക്ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ’ എന്നായിരിക്കും അറിയപ്പെടുക. കൂടാതെ, ജില്ലാ ജയിൽ മുതൽ സബ് ജയിൽ വരെയുള്ളവയെ ‘ട്രാൻസിറ്റ് ജസ്റ്റിസ് ഹോമുകൾ’ എന്ന് പുനർനാമകരണം ചെയ്യും.
ജയിൽ സംവിധാനങ്ങളുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട ഔദ്യോഗിക ശുപാർശ ജയിൽ ഡിജിപി എസ്.ശ്രീജിത്ത് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു സമർപ്പിച്ചു.
പ്രിസൺസ് ഹെഡ്ക്വാർട്ടേഴ്സിന്റെ പേര് ‘ഡിപ്പാർട്മെന്റ് ഓഫ് കറക്ഷനൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ്’ എന്നാക്കി മാറ്റാനാണ് നിർദ്ദേശം. ‘പ്രിസൺ’ അല്ലെങ്കിൽ ‘ജെയ്ൽ’ എന്നീ പദങ്ങൾ തടവുകാരുടെ തിരുത്തൽ, പുനരധിവാസ പ്രക്രിയ എന്നീ പ്രധാന ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന മാറ്റം.
ഈ പേരുകൾ സമൂഹത്തിൽ ഭയം സൃഷ്ടിക്കുന്നതോടൊപ്പം തെറ്റായ പ്രതിഛായ ഉണ്ടാക്കുന്നുണ്ടെന്നും ഡിജിപിയുടെ ശുപാർശയിൽ വ്യക്തമാക്കുന്നു. പ്രധാന പേരുമാറ്റങ്ങൾ താഴെ പറയുന്ന വിധത്തിലാണ്:
* പ്രിസൺ ഹെഡ്ക്വാർട്ടേഴ്സ് – ഡിപ്പാർട്മെന്റ് ഓഫ് കറക്ഷനൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ്
* സെൻട്രൽ പ്രിസൺ – കറക്ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ
* ഹൈ സെക്യൂരിറ്റി പ്രിസൺ – മാക്സിമം കറക്ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ
* ഓപ്പൺ പ്രിസൺ – കറക്ഷനൽ ആൻഡ് മാനേജ്മെന്റ് ഓപ്പൺ ഹോം
* ജില്ലാ ജയിൽ – ജില്ലാ ട്രാൻസിറ്റ് ജസ്റ്റിസ് ഹോം
* വനിതാ പ്രിസൺ – ട്രാൻസിറ്റ് ജസ്റ്റിസ് ഹോം ഫോർ വിമൻ
* വനിതാ ഓപ്പൺ പ്രിസൺ – കറക്ഷനൽ ആൻഡ് മാനേജ്മെന്റ് ഓപ്പൺ ഹോം ഫോർ വിമൻ
* സബ് ജയിൽ – ട്രാൻസിറ്റ് ജസ്റ്റിസ് ഹോം
* സ്പെഷൽ സബ് ജയിൽ – സ്പെഷൽ ട്രാൻസിറ്റ് ജസ്റ്റിസ് ഹോം
ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മുൻ സർക്കാർ വർധിപ്പിച്ച തടവുകാരുടെ വേതനം പുതിയ സർക്കാർ നൽകി.
തടവുകാരെ 3 വിഭാഗങ്ങളായി തിരിച്ച് യഥാക്രമം 620, 560, 530 രൂപ വീതമാണു ജനുവരിയിൽ ദിവസവേതനം ഉയർത്തിയിരുന്നത്. പരമാവധി 350 രൂപ നൽകണമെന്ന ജയിൽവകുപ്പിന്റെ ശുപാർശ മറികടന്നാണ് ഈ തുക 620 രൂപ വരെയാക്കി നിശ്ചയിച്ചത്.
എങ്കിലും തുടക്കത്തിൽ ഫണ്ട് അനുവദിച്ചിരുന്നില്ല. തുടർന്ന് പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ജൂലൈ മാസത്തിലാണ് തടവുകാർക്കു വേതനം നൽകാനുള്ള തുക അനുവദിച്ചത്.
തടവുകാരെ കർശനമായി 8 മണിക്കൂർ ജോലി ചെയ്യിക്കണമെന്ന് ജയിൽ ഡയറക്ടർ ഉദ്യോഗസ്ഥർക്കു രേഖാമൂലം നിർദ്ദേശം നൽകിയിട്ടുമുണ്ട്.

