കട്ടപ്പന ∙ ശക്തമായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കട്ടപ്പന നഗരസഭ, അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് നാശമുണ്ടായത്.
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഇടപ്പൂക്കുളം ഇലഞ്ഞിപുത്തൻവീട് ശ്രീജേഷിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ ശക്തമായ കാറ്റിൽ നിലംപൊത്തി. സംസ്ഥാന പാതയുടെ ഭാഗമായ മേരികുളം-കുമളി റൂട്ടിൽ പുല്ലുമേടിനു സമീപം മരം ഒടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
ഇതെത്തുടർന്ന് ബസ് സർവീസുകൾ ഉൾപ്പെടെ മുടങ്ങി. ഏറെ നേരത്തെ ശ്രമഫലമായാണ് മരം വെട്ടിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
കട്ടപ്പന നഗരസഭാ ഓഫിസ് കാര്യാലയത്തിനു സമീപത്തെ എടിഎസ് അരീന ടർഫ് ശക്തമായ കാറ്റിലും മഴയിലും തകർന്നു.
പള്ളിക്കവലയിലെ സിഎസ്ഐ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ക്യൂട്ട് എന്ന വ്യാപാര സ്ഥാപനത്തിന്റെ വലിയ മൂന്ന് ഗ്ലാസുകൾ കാറ്റിൽ നശിച്ചു.
ശക്തമായ കാറ്റിൽ നഗരസഭാ മേഖലയിൽ വിവിധയിടങ്ങളിൽ കൃഷികൾ ഉൾപ്പെടെ നശിച്ചു. സുവർണഗിരി, കൊച്ചുതോവാള, പുളിയൻമല, പുതിയ ബസ് സ്റ്റാൻഡ് തുടങ്ങിയ മേഖലകളിൽ മരം വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
ഉപ്പുതറ, അയ്യപ്പൻകോവിൽ മേഖലകളിൽ മരങ്ങൾ ഒടിഞ്ഞ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടി.
വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും 33 കെവി ലൈനിന്റെ ഉൾപ്പെടെ ഇൻസുലേറ്ററുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ മിന്നലേറ്റ്് ട്രാൻസ്ഫോമറുകൾക്കും കേടുപാടുകൾ സംഭവിച്ചു.
ഇതെത്തുടർന്ന് കണ്ണംപടി മേഖലയിലെ ആദിവാസി ഉന്നതികൾ, തോട്ടം മേഖലകളായ ചീന്തലാർ, ലോൺട്രി, പുല്ലുമേട്, ഇടപ്പൂക്കുളം തുടങ്ങിയ പ്രദേശങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

