കോട്ടയം∙ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് ഡിജോ കാപ്പൻ മാറി നിന്നത് വലിയ നഷ്ടമായെന്നും മുഖ്യധാരാ രാഷ്ട്രീയത്തിന് എന്തോ കുഴപ്പമുള്ളതു കൊണ്ടാണ് അദ്ദേഹത്തെ പോലുള്ളവർക്ക് മാറി നിൽക്കേണ്ടി വന്നതെന്നും പ്രഭാഷകനും എഴുത്തുകാരനുമായ എസ്.ഗോപാലകൃഷ്ണൻ പറഞ്ഞു. കോളജിൽ മൂന്നു കൊല്ലം സീനിയറായിരുന്നു ഡിജോ കാപ്പൻ.
എന്നാൽ കോഫി ഹൗസിൽ എല്ലാ ദിവസവും കണ്ടുമുട്ടുമായിരുന്നു. അക്കാലം മുതൽ മരിക്കുന്നതു വരെ ഡിജോ കാപ്പന്റെ സ്വഭാവത്തിൽ ഒരുതരത്തിലുമുള്ള വ്യത്യാസം വന്നിട്ടില്ല.
ഒരാൾ മുതിർന്നു എന്ന് പറയാറില്ലേ. ഇരുത്തം വന്ന പ്രകൃതം എന്നു പറയാറുള്ളതു പോലെ അന്നേ ആ പ്രകൃതം ഉള്ള ആളായിരുന്നു അദ്ദേഹം.
സുജനമര്യാദ, മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സ്, വിയോജിപ്പുകളോട് കയർക്കാതെ മറുപടി പറയാനുള്ള സംയമനം ഇതെല്ലാം ഡിജോയിൽ അന്നേ പ്രകടമായിരുന്നു.
ബസ് യാത്രക്കാരുടെ ഉപയോക്തൃ ആവശ്യങ്ങൾക്കായി എക്കാലവും ശക്തമായി പ്രവർത്തിച്ച വ്യക്തിയുമായിരുന്നു ഡിജോ. ലേഖനങ്ങൾ വായിച്ചു വിളിക്കുന്നതിനു പുറമേ ഡൽഹിയിൽ എത്തുമ്പോഴെല്ലാം ബന്ധപ്പെടാറുണ്ടായിരുന്നു അദ്ദേഹം.
ഉപഭോക്താക്കളുടെ അവകാശങ്ങൾക്കായി എന്നും ഉയർന്ന ശബ്ദം
കോട്ടയം ∙ ബസ് യാത്രക്കാരുടെ അവകാശങ്ങൾക്കായി എന്നും വാദിച്ചിരുന്ന ഡിജോ കാപ്പൻ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ മാനേജിങ് ട്രസ്റ്റിമാരിൽ ഒരാളായ ജയിംസ് വടക്കൻ പറഞ്ഞു.
ഡിജോ കാപ്പനും ഇതെ സംഘടനയുടെ മാനേജിങ് ട്രസ്റ്റിയായിരുന്നു.
മുൻപ് കെഎസ്ആർടിസി, പ്രൈവറ്റ് തുടങ്ങിയ ദീർഘദൂര ബസുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാതിരുന്നപ്പോൾ അതിനെതിരെ കോടതിയിൽ പോയിട്ടുണ്ട് അദ്ദേഹം. 1997ൽ സ്വകാര്യ ബസുകൾ സമരം നടത്തിയപ്പോൾ പെർമിറ്റുകൾ കയ്യിൽ വച്ച് സമരം നടത്താനാവില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച അദ്ദേഹം അനുകൂല ഉത്തരവ് നേടി.
കെഎസ്ആർടിസിയെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തുന്നതിനു വഴിതെളിച്ചത് മറ്റൊരു നേട്ടമാണ്. നാറ്റ്പാക്കിനെ ഉപയോഗിച്ചാണ് അന്ന് നിരക്ക് നിശ്ചയിച്ചത്.
കെഎസ്ആർടിസിയെ സംബന്ധിച്ച് ധവളപത്രവും അദ്ദേഹം പുറത്തിറക്കി. തുടർന്ന് കെഎസ്ആർടിസി ഈ രീതിയിൽ പ്രവർത്തിച്ചാൽ ജീവനക്കാർക്കു ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകാമെന്നു അദ്ദേഹം 1999ൽ മുന്നറിയിപ്പ് നൽകി.
ഇത് പിന്നീട് യാഥാർഥ്യമാകുകയും ചെയ്തു.
ശബരിമല തീർഥാടകരിൽ നിന്ന് കെഎസ്ആർടിസി അധിക നിരക്ക് ഈടാക്കുന്നതിന് എതിരെയും അദ്ദേഹം ശബ്ദമുയർത്തി. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാർ അധിക നിരക്ക് ഒഴിവാക്കിയെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അത് ആരുമറിയാതെ വീണ്ടും പുനഃസ്ഥാപിച്ചിരിക്കുകയാണ്.
ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണു ഡിജോ കാപ്പന്റെ സാന്നിധ്യം ഉപഭോക്താക്കൾ തിരിച്ചറിയേണ്ടതെന്ന് ജയിംസ് വടക്കൻ ചൂണ്ടിക്കാട്ടി.
സജീവരാഷ്ട്രീയം നിർത്തി ജനകീയ പ്രശ്നങ്ങളിലേക്ക്
കോട്ടയം∙ സജീവരാഷ്ട്രീയം നിർത്തിയാണ് ജനകീയ പ്രശ്നങ്ങളിലേക്ക് ഡിജോ കാപ്പൻ എടുത്തുചാടിയത്. സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷന് പുറമേ മറ്റ് പൗരാവകാശ പോരാട്ടങ്ങളുടെ ഭാഗമായി രൂപം കൊണ്ട
സംഘടനകളുടെ ഭാഗമായും ഡിജോ നിലകൊണ്ടു. പൊതുഗതാഗത സംരക്ഷണ സമിതി പ്രസിഡന്റ്, ശബരി റെയിൽവേ സെൻട്രൽ ആക്ഷൻ കൗൺസിൽ പ്രസിഡന്റ്, ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്സ് ആൻഡ് എൻവയൺമെന്റ്, പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് തുടങ്ങി നിരവധി രാഷ്ട്രീയേതര സംഘടനകളുടെ ചുമതലകൾക്കൊപ്പം വിവിധ കർഷക സംഘടനകളുടെ നേതൃതല ഉത്തരവാദിത്തങ്ങളും വഹിച്ചിരുന്നു.
കക്ഷി രാഷ്ട്രീയത്തിനതീതമായി വിപുലമായ സൗഹൃദ ബന്ധത്തിനുടമയായ ഡിജോ, സി.കെ.ജീവൻ സ്മാരക ട്രസ്റ്റിന്റെ സംഘാടകരിൽ ഒരാളായിരുന്നു.
നിരവധി നേതാക്കളുടെ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലും ഡിജോ കാപ്പന്റെ നിശബ്ദ പ്രവർത്തനങ്ങളും തന്ത്രങ്ങളും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെയും കെഎസ്ഇബിയുടെയും പ്രവർത്തനം ജനോപകാരപ്രദമാക്കി മാറ്റുന്നതിനുള്ള ഇടപെടലുകൾ തുടർച്ചയായി നടത്തി.
കെഎസ്ഇബിയുടെ വീഴ്ചകൾക്ക് ബിൽ തുക കൂട്ടുകയല്ല വേണ്ടതെന്ന് വാദിച്ച അദ്ദേഹം ഉപയോക്താക്കൾക്കായി പലതവണ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ മുൻപാകെ ഹാജരായി.
നേതൃത്വത്തിൽ എത്തിച്ചത് ബാലകൃഷ്ണ പിള്ള
കോട്ടയം ∙ 1983ൽ കെഎസ്സി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു ഡിജോ കാപ്പനെ കൈപിടിച്ച് നയിച്ചത് കേരള കോൺഗ്രസ് നേതാവ് ആർ. ബാലകൃഷ്ണ പിള്ളയായിരുന്നു.
അതിന് തൊട്ടുമുൻപു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡിജോയ്ക്ക് 56 വോട്ടും എതിർ സ്ഥാനാർഥിക്ക് 24 വോട്ടും ലഭിച്ചു. എന്നാൽ പ്രസിഡന്റ് സ്ഥാനം പലതും പറഞ്ഞ് പാർട്ടി വൈകിപ്പിച്ചു.
വീണ്ടും ഒരു തിരഞ്ഞെടുപ്പ് കൂടി നടത്തിയെങ്കിലും വിജയം തനിക്കൊപ്പമായിരുന്നുവെന്ന് ഡിജോ പറയുന്നു.
അത്തവണയും ഡിജോയെ സംഘടനാ നേതൃത്വം ഏൽപിക്കാൻ പാർട്ടി തയാറായില്ല. ഇതിനിടെ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് കെ.എം.മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസിൽ ലയിച്ചിരുന്നു.
അവർക്കായി മാറി നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ ഈ സംഭവങ്ങൾ അറിഞ്ഞ ബാലകൃഷ്ണപ്പിള്ള ഡിജോ കാപ്പനെ സംസ്ഥാന പ്രസിഡന്റാക്കാൻ മുൻകയ്യെടുത്തു.
പിന്നീട് പാർട്ടി പിളർന്നപ്പോൾ ഡിജോ ബാലകൃഷ്ണപ്പിള്ളയ്ക്കൊപ്പം നിന്നു. 1991 മുതൽ 98 വരെ കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

