വൈപ്പിൻ∙ വാഹനങ്ങൾ തിങ്ങി നിറഞ്ഞ് നീങ്ങുന്ന സംസ്ഥാനപാതയിൽ ഒരിടവേളയ്ക്കു ശേഷം മരണപ്പാച്ചിലുമായി മണൽ ലോറികളും കണ്ടെയ്നർ വാഹനങ്ങളും.ഇതേ തുടർന്ന് ഇവ ഉൾപ്പെടുന്ന അപകടങ്ങളും പതിവായ. നേരത്തെ മണൽ ലോറികൾ പലവട്ടം അപകടങ്ങൾ ഉണ്ടാക്കുകയും എടവനക്കാട് ചാത്തങ്ങാട് സ്കൂട്ടർ യാത്രികനായ യുവാവിന് ജീവൻ നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് ജനരോഷം ഉയർന്നിരുന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു നടത്തിയ സമരത്തെ തുടർന്ന് തിരക്കേറിയ വൈപ്പിൻ റൂട്ട് ഒഴിവാക്കിയിരുന്ന ലോറികൾ ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
എന്നാൽ ഇപ്പോഴും വേഗം കുറയ്ക്കാനോ അപകടങ്ങൾ ഒഴിവാക്കാനോ ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാർ ശ്രദ്ധ പുലർത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ സംസ്ഥാന പാതയിൽ മുരുക്കുംപാടം ശ്മശാനത്തിന് മുന്നിൽ വച്ച് ബൈക്ക് യാത്രികനായ ഞാറയ്ക്കൽ മൂന്നാംകുറ്റ് അക്ഷയിനെ (30) മണൽ ലോറി ഇടിച്ചു തെറിപ്പിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്.
ദേശീയപാതയുടെ നിർമാണത്തിനായി പുതുവൈപ്പ് എൽഎൻജി ബീച്ചിൽ നിന്നാണ് മണലുമായി കൂറ്റൻ ലോറികൾ കടന്നുപോകുന്നത്.
പകൽ എണ്ണത്തിൽ കുറവായിരിക്കുമെങ്കിലും സന്ധ്യ മയങ്ങുന്നതോടെ നിരനിരയായി ഡസൻ കണക്കിന് ലോറികളാണ് സർവീസിന് ഇറങ്ങുക. ഇവയെ മറികടന്നു പോകാൻ മറ്റു വാഹനങ്ങൾക്ക് കഴിയാത്ത സ്ഥിതിയാണ്.
സമയക്രമം പാലിക്കേണ്ട സ്വകാര്യ ബസുകളും മറ്റും ഓവർടേക്കിങ്ങിന് ശ്രമിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു.
നടപ്പാത നിർമാണത്തെ തുടർന്ന് റോഡിന് പലയിടത്തും വീതി കുറഞ്ഞതിനാൽ ചെറുവാഹനങ്ങൾക്കാണ് ലോറികളുടെ സാന്നിധ്യം കൂടുതൽ അപകടഭീഷണി ഉയർത്തുന്നത്.
ഇതര സംസ്ഥാനക്കാരായ ചെറുപ്പക്കാരാണ് ഇത്തരം ലോറികളിലെ ഡ്രൈവർമാർ. ചെവിയിൽ ഇയർ ഫോണും തിരുകി ക്യാബിന്റെ ചില്ലുകൾ ഉയർത്തി വച്ചാണ് ഇവർ വാഹനമോടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
രേഖകൾ ഇല്ലാത്തതും നമ്പർ പ്ലേറ്റ് നീക്കം ചെയ്തുമായ വാഹനങ്ങളും കൂട്ടത്തിൽ ഉണ്ടെങ്കിലും പൊലീസോ മോട്ടർ വാഹന വകുപ്പോ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രതിഷേധമുയർത്തുന്നവരെ പാട്ടിലാക്കാൻ ബന്ധപ്പെട്ടവർ സജീവമായി രംഗത്തുള്ളതിനാൽ പൊതുപ്രവർത്തകർ പോലും പൊതുജന പ്രതിഷേധം കണ്ടില്ലെന്നു നടിച്ച് നിശബ്ദരാകാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

