കൊച്ചിയിലെ പൊന്നുരുന്നിക്ക് സമീപം ചക്കരപ്പറമ്പിൽ സന്ധ്യയും കുടുംബവും മൂന്ന് വർഷത്തോളമായി ഉപയോഗിച്ചുവന്ന നടപ്പവകാശം അയൽവാസി മതിൽ കെട്ടി അടച്ചു. സ്വന്തം സ്ഥലമാണെന്നും കോടതിവിധിയുണ്ടെന്നും അവകാശപ്പെട്ടാണ് അയൽവാസി കഴിഞ്ഞ ദിവസം പെട്ടെന്ന് ഈ നടപടി സ്വീകരിച്ചത്.
സൊസൈറ്റി വായ്പയിലാണ് തങ്ങൾ സ്ഥലം വാങ്ങിയതെന്നും കൃത്യമായി വഴി രേഖപ്പെടുത്തിയ ആധാരമാണ് കൈവശമുള്ളതെന്നും സന്ധ്യയും കുടുംബവും വ്യക്തമാക്കുന്നു. സന്ധ്യ ജോലിസ്ഥലത്തേക്കും മകൻ സ്കൂളിലേക്കും പോയ സമയത്താണ് നടപ്പുവഴിയിൽ മതിൽ നിർമിച്ചത്.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സന്ധ്യയ്ക്ക് വീട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടായി. സന്ധ്യയുടെ ഭർത്താവ് പാലക്കാട് പെയിന്റിങ് തൊഴിലാളിയാണ്, മകൾ മൂവാറ്റുപുഴയിൽ കോളജ് വിദ്യാർഥിനിയുമാണ്.
കനത്ത മഴയത്ത് വീടിനുള്ളിലേക്ക് കയറാനാവാതെ വലഞ്ഞ കുടുംബത്തിന്, വാർഡ് കൗൺസിലർ ബിന്ദു വിജുവും പാലാരിവട്ടം പൊലീസും ചേർന്ന് ബുധനാഴ്ച രാത്രി അയൽപക്കത്തെ പറമ്പിലൂടെ താൽക്കാലികമായി വീട്ടിലെത്താൻ സൗകര്യം ഒരുക്കി നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ സ്വന്തം വീടിന്റെയും തൊട്ടടുത്ത വീടിന്റെയും ടെറസുകൾ താണ്ടിയാണ് സന്ധ്യയ്ക്ക് സാഹസികമായി പുറത്തിറങ്ങാൻ സാധിച്ചത്.
വിഷയത്തിൽ പാലാരിവട്ടം പൊലീസ് ഇരുവിഭാഗത്തെയും വിളിച്ച് സംസാരിച്ചെങ്കിലും കോടതി ഉത്തരവുള്ളതിനാൽ നിയമവഴിയേ പരിഹാരം തേടാനായിരുന്നു ലഭിച്ച നിർദേശം. തുടർന്ന് വീട്ടിലേക്ക് പ്രവേശിക്കാനാകാതെ കുടുംബം ദുരിതത്തിലായ വിവരം അറിഞ്ഞുകൊണ്ട് കൗൺസിലർ ബിന്ദു വിജു, മുൻ കൗൺസിലർമാർ, നാട്ടുകാർ എന്നിവരോടൊപ്പം ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.
തുടർന്ന് അവിടെ തടസമായി തീർത്ത താൽക്കാലിക മതിൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം പൊക്കിയെടുത്ത് മാറ്റി കുടുംബത്തിന് വീട്ടിലേക്കുള്ള വഴി തുറന്നുനൽകുകയായിരുന്നു. “മനുഷ്യരുടെ അടിസ്ഥാനപരമായ നടപ്പവകാശം തടയുന്നത് വലിയ മര്യാദകേടാണ്,” എന്ന് ഉമ തോമസ് പ്രതികരിച്ചു.
ഏതെങ്കിലും തരത്തിൽ വഴിയിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ വീട്ടുകാരോടും ജനപ്രതിനിധികളോടും സംസാരിക്കാമായിരുന്നുവെന്നും സന്ധ്യ ജോലിക്ക് പോയ സമയം നോക്കി വഴി കൊട്ടിയടച്ചത് ശരിയായ രീതിയല്ലെന്നും അവർ വ്യക്തമാക്കി. പ്രശ്നത്തിൽ എന്ത് നിയമനടപടികൾ നേരിടേണ്ടി വന്നാലും അത് താൻ ഏറ്റെടുത്തു കൊള്ളാമെന്നും ജനങ്ങളുടെ നടപ്പവകാശം സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

