കൊച്ചി ∙ അറബിക്കടലിന്റെ റാണിക്ക് അക്ഷരങ്ങളുടെയും ആശയങ്ങളുടെയും അഭിമാനമുദ്ര ചാർത്തിയ മനോരമ ഹോർത്തൂസിന് ഇന്നു മലയാളത്തിന്റെ മോഹൻലാൽ കൊടിയിറക്കും. രാജേന്ദ്രമൈതാനവും സുഭാഷ് പാർക്കും ആൾക്കടലാക്കി നാലുദിനം നീണ്ട
കലാ–സാഹിത്യോത്സവത്തിനാണു തിരശീല വീഴുന്നത്. വൈകിട്ട് 7ന് ദർബാർ ഹാൾ ഗ്രൗണ്ടിലാണു സമാപന സമ്മേളനം.
മലയാളത്തിന്റെ മഹാഗായകൻ കെ.ജെ.യേശുദാസിനുള്ള ‘ഹോർത്തൂസ് ഹാൾ ഓഫ് ഫെയിം’ ആദരമുദ്ര ചടങ്ങിൽ മുഖ്യാതിഥിയായെത്തുന്ന നടൻ മോഹൻലാൽ സമർപ്പിക്കും.
അമേരിക്കയിൽ കഴിയുന്ന യേശുദാസിനു വേണ്ടി മകൻ വിജയ് യേശുദാസ് ആദരമുദ്ര ഏറ്റുവാങ്ങും. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ മലയാള മനോരമ ആദരിക്കും.
തുടർന്നു വേദിയിൽ യേശുദാസ് ആദരസന്ധ്യ– ‘ഒരു സ്വരം മാത്രം’. യേശുദാസിന്റെ അനശ്വരഗാനങ്ങൾ പ്രശസ്ത ഗായകർ അവതരിപ്പിക്കും.
സമാപനച്ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മൂലം പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഹോർത്തൂസിന്റെ മൂന്നാം ദിനവും വേദികളിലേക്കു കലാസാഹിത്യ പ്രേമികൾ അണമുറിയാതെ ഒഴുകിയെത്തുകയായിരുന്നു. രാഷ്ട്രീയ, സാഹിത്യ, കലാ സാംസ്കാരിക പ്രഗല്ഭരുടെ നിര സെഷനുകളെ സമ്പന്നമാക്കി.
മലയാള സിനിമയിൽ അഭിനയിച്ചത് ഏറ്റവും വലിയ അവാർഡ്: കമൽഹാസൻ
കൊച്ചി ∙ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ് മലയാള സിനിമയിൽ അഭിനയിച്ചതാണെന്ന് നടൻ കമൽഹാസൻ.
പ്രേംനസീറിനെയും സത്യൻ മാസ്റ്ററെയും തൊടാൻ കഴിഞ്ഞു. ഇതിലും വലിയൊരു അവാർഡ് കിട്ടാനുണ്ടോ?– ഹോർത്തൂസ് വേദിയിൽ ‘സാഗരസംഗമം– ടു ലൈവ്സ് ഓഫ് ജീനിയസ്’ എന്ന സംവാദത്തിൽ മക്കൾ നീതി മയ്യം അധ്യക്ഷനും എംപിയുമായ കമൽഹാസൻ ചോദിച്ചു.
നടി മഞ്ജു വാരിയരും സംബന്ധിച്ചു.
ലോകം ചുറ്റിക്കണ്ട ആളെന്ന നിലയിലാണ് ആളുകൾ ‘ഉലകനായകൻ’ എന്നു വിളിക്കുന്നത്.
പക്ഷേ ലോകമെത്ര വലുതാണ്. അതുകൊണ്ട് ഉലകനായകനെന്നൊക്കെ കേൾക്കുമ്പോൾ നാണം തോന്നും– കമൽ പറഞ്ഞു.
ലേഡി സൂപ്പർ സ്റ്റാറെന്ന വിളി പഥ്യമല്ലെന്ന് മഞ്ജുവും പറഞ്ഞു.‘എന്റെ രാഷ്ട്രീയം വരുമാനം ഉണ്ടാക്കാനുള്ള മാർഗമല്ല. ഞാൻ മറന്നുപോയ ഒരു കടമയാണത്.
മുൻപു ജനങ്ങളെക്കുറിച്ചു ചിന്തിക്കാതെ സിനിമയിൽ ജോലി ചെയ്യുകയും പണമുണ്ടാക്കുകയുമായിരുന്നു. ഇപ്പോൾ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കുന്നു’– കമൽ പറഞ്ഞു.
അപർണ സെന്നിനെ പ്രണയിക്കാനാണ് കമൽഹാസൻ ബംഗാളി പഠിച്ചതെന്നു കേട്ടിട്ടുണ്ടെന്ന ചോദ്യത്തിന് പ്രണയത്തിനു ഭാഷ ആവശ്യമില്ലെന്നും താനിപ്പോഴും പ്രണയത്തിലാണെന്നും കമൽ പ്രതികരിച്ചു.
മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മോഡറേറ്ററായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

