കുമ്പളം ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് ഞായറാഴ്ച വൈകിട്ടോടെ അതിരൂക്ഷമായി.
ഓണാഘോഷത്തോടനുബന്ധിച്ചു ആരംഭിച്ച തിരക്ക് അവധി ദിവസത്തിന്റെ സമാപനത്തോടെ പാരമ്യത്തിലെത്തുകയായിരുന്നു. അരൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ നിര കുമ്പളം ജംക്ഷനും പിന്നിട്ട് നീണ്ടുകിടക്കുകയാണ്.
ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങി. ഓണാവധി കഴിഞ്ഞുള്ള മടക്കയാത്രയുടെ തിരക്കും ടോൾ പ്ലാസയിലെ സാങ്കേതിക തടസ്സങ്ങളുമാണ് യാത്രാദുരിതത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.
നിലവിൽ ടോൾ പ്ലാസയിൽ നേരിട്ടുള്ള പണമിടപാടുകൾ ഇല്ലെങ്കിലും, ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ യൂപിഐ സംവിധാനം വഴി തുക അടയ്ക്കുന്നത് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ തടഞ്ഞിടാൻ കഴിയാതെ കടത്തിവിടേണ്ടി വരുന്നത് ദേശീയപാത അതോറിറ്റിയ്ക്ക് (എൻഎച്ച്എഐ) വലിയ തോതിൽ വരുമാന നഷ്ടമുണ്ടാക്കുന്നതായും അധികൃതർ വ്യക്തമാക്കുന്നു.
പ്രതിദിനം ഏകദേശം 30,000 മുതൽ 38,000 വരെ വാഹനങ്ങളാണ് കുമ്പളം ടോൾ പ്ലാസയിലൂടെ കടന്നുപോകുന്നത്. വാഹനനിര 100 മീറ്ററിലേറെ നീളുന്ന പക്ഷം ആ ലെയ്നിലെ വാഹനങ്ങൾ ടോൾ ഈടാക്കാതെ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ നിർദേശം കർശനമായി പാലിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
വലിയ രീതിയിൽ തിരക്കു അനുഭവപ്പെടുമ്പോൾ പൊലീസ് ഇടപെട്ടാണ് പലപ്പോഴും വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ ഇത് പിന്നീട് നിയമപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ടെന്നാണ് ടോൾ അധികൃതരുടെ വിശദീകരണം.
ടോൾ പ്ലാസയിലെ യാത്രാതടസ്സം സംബന്ധിച്ച് യാത്രക്കാരുടെ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇരുവശങ്ങളിലേക്കും നാല് വീതം ഗേറ്റുകളാണ് കുമ്പളം ടോൾ പ്ലാസയിലുള്ളത്.
വിശാലമായ ഹൈവേയിൽ നിന്നും ടോൾ പ്ലാസ ഭാഗത്തേക്ക് എത്തുമ്പോൾ റോഡ് ഇടുങ്ങി കുപ്പിക്കഴുത്തുപോലെ മാറുന്നതാണ് പ്രധാന പ്രശ്നം. വരും ദിവസങ്ങളിൽ അരൂരിലെ ഉയരപ്പാത യാഥാർത്ഥ്യമാകുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും, അതിനുമുമ്പായി ഗേറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
കുമ്പളത്ത് ആവശ്യത്തിന് സ്ഥലസൗകര്യം ലഭ്യമല്ലാത്തതിനാൽ, മുൻപ് ടോൾ ഗേറ്റ് പ്രവർത്തിച്ചിരുന്നതും ആവശ്യത്തിന് വീതിയുള്ളതുമായ അരൂർ ഭാഗത്തേക്ക് ടോൾ പ്ലാസ മാറ്റിസ്ഥാപിക്കണമെന്നാണ് പൊതുവെയുള്ള നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

