കൊരട്ടി – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബെസ്റ്റ് വേ’ ബസിൽ 31ന് വിദ്യാർഥികളും ഇതരസംസ്ഥാനക്കാരും ഒഴികെയുള്ള എല്ലാ പുരുഷ യാത്രക്കാർക്കും സൗജന്യമായി യാത്ര ചെയ്യാം. സർക്കാരിന്റെ പ്രിയദർശിനി പദ്ധതി 45 ദിവസങ്ങൾ പിന്നിട്ട
പശ്ചാത്തലത്തിൽ, അങ്കമാലി മേഖലയിലെ സ്വകാര്യ ബസ്സുകളുടെ ദുരിതാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനായി 31ന് രാവിലെ 10.30 ന് അങ്കമാലി ടൗണിൽ സ്വകാര്യ ബസുടമകൾ ധർണ സംഘടിപ്പിക്കുന്നുണ്ട്.
പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതു കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന പ്രധാന റൂട്ടുകളിൽ ഒന്നാണ് അങ്കമാലി – കൊരട്ടി. നിലവിൽ ഈ റൂട്ടിൽ 14 ബസുകളാണ് സർവീസ് നടത്തിവരുന്നത്.
സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് പൂജ്യം ടിക്കറ്റ് സമ്പ്രദായം ഏർപ്പെടുത്തുക, കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക നിശ്ചയിച്ച് വരുമാനം സർക്കാരിലേക്ക് അടയ്ക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ ബസുടമകൾ വിദഗ്ധസമിതിക്ക് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. അങ്കമാലി ടൗണിൽ നടക്കുന്ന ധർണ ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ നാഷനൽ വൈസ് പ്രസിഡന്റ് എ.
ജെ. റിജാസ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ സംസ്ഥാന, ജില്ലാ ഭാരവാഹികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും സംബന്ധിക്കും. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടുകൂടി അങ്കമാലി മേഖലയിലെ ഭൂരിഭാഗം സ്വകാര്യ ബസുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രൈവറ്റ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി – കാലടി – അത്താണി – കൊരട്ടി മേഖല പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ വ്യക്തമാക്കി.
കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ നടത്തുന്ന എല്ലാ റൂട്ടുകളിലും സ്വകാര്യ ബസുകൾക്ക് പ്രതിദിന വരുമാനത്തിൽ ആയിരം രൂപ മുതൽ 3000 രൂപ വരെയാണ് കുറവുണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ 2 ബസുകൾ ജി ഫോം നൽകി സർവീസ് പൂർണ്ണമായും അവസാനിപ്പിച്ചു കഴിഞ്ഞു.
വിദ്യാർഥികളുടെ ഒരു രൂപ മിനിമം യാത്രാനിരക്ക് വർഷങ്ങളായി പരിഷ്കരിക്കാത്തതും ബസ് ഉടമകൾക്ക് തിരിച്ചടിയാകുന്നുണ്ട്. സൗജന്യ യാത്ര അനുവദിക്കുമ്പോൾ വരുമാനവും പ്രായപരിധിയും കണക്കിലെടുത്ത് യാത്രാദൂരം നിജപ്പെടുത്തണമെന്നും സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിബന്ധനകൾ കൊണ്ടു വരണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കൂടാതെ, തിരക്കേറിയ രാവിലെയും വൈകിട്ടും സൗജന്യ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും പ്രതിദിന യാത്രകളുടെ എണ്ണത്തിൽ പുനഃപരിശോധന വേണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യങ്ങൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

