കൊച്ചി ∙ പവിഴപ്പുറ്റുകളും മത്സ്യക്കൂട്ടങ്ങളും മാത്രമല്ല, കോവിഡ് കാലത്തുമാത്രം പരിചയപ്പെട്ട മാസ്കുകൾ വരെ കടലിന്റെ അടിത്തട്ടിലുണ്ടെന്നു മംഗളൂരു സിഎംഎഫ്ആർഐയിലെ മലയാളി സയന്റിസ്റ്റും ഡൈവറുമായ ഡോ.
ദിവ്യ വിശ്വംഭരൻ പറയുന്നു. ഡോ.
ദിവ്യ കടലിൽ 50 മുങ്ങൽ ദൗത്യങ്ങൾ പൂർത്തിയാക്കി. കർണാടക, കേരളം, ലക്ഷദ്വീപ് തീരങ്ങളിലെ ഓഫ്ഷോർ, പവിഴപ്പുറ്റ്, ദ്വീപ് ആവാസ വ്യവസ്ഥകളിലായിരുന്നു ഇൗ ദൗത്യങ്ങൾ.
വനിതാ ഗവേഷകർക്കിടയിലെ ഏക ൈഡവർ ആണിവർ.
കർണാടക ഭട്കലിന് അടുത്തു നേത്രാണി പവിഴപ്പുറ്റ് മേഖലയിലായിരുന്നു ആദ്യ ദൗത്യം. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിനു വേണ്ടി വിഴിഞ്ഞത്തു നടത്തിയ ഡൈവിങ് ആണ് അൻപതാം ദൗത്യം.
മുങ്ങൽ വിദഗ്ധർ അടിത്തട്ടിൽപോയി സമാഹരിക്കുന്ന സാംപിൾ വിശകലനം ചെയ്യുന്നതിനു പകരം നേരിട്ടു കാര്യങ്ങൾ മനസ്സിലാക്കണമെന്ന ആഗ്രഹത്തിൽ നിന്നാണു ഡൈവിങ് പരിശീലിച്ചു തുടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ ദിവ്യ പനങ്ങാട് ഫിഷറീസ് കോളജിലാണു പഠിച്ചത്.
ബിഎസ്എൻഎൽ അക്കൗണ്ട്സ് ഓഫിസർ റിനു ആണു ഭർത്താവ്. മകൾ നൈപുണ്യ.
അനുഭവങ്ങൾ
കടലിന്റെ അടിത്തട്ടു കാണാൻ എങ്ങനെയാകുമെന്ന കൗതുകം മുൻപേയുണ്ടെന്നു ഡോ.
ദിവ്യ പറഞ്ഞു. ആഴത്തിലേക്കു പോകുംതോറും ഇരുട്ട് ഏറിവരും.
കടൽ ജീവികളുടെ പ്രജനനം ഉൾപ്പെടെ പുസ്തകങ്ങളിൽ പഠിച്ച കാര്യങ്ങളുടെ നേർക്കാഴ്ച. മീനുകളുടെയും പവിഴപ്പുറ്റുകളുടെയും നിറമുള്ള കാഴ്ചകൾ.
ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കും വലകളും കപ്പൽഛേദങ്ങളുടെ അവശിഷ്ടങ്ങളും നൽകുന്ന ഭീതിദദൃശ്യങ്ങൾ കൂടിയാണു ചിലപ്പോൾ തെളിഞ്ഞുവരുന്നത്.
പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതിൽ മനുഷ്യന്റെ അനാസ്ഥ ആഴങ്ങളിൽ തിരിച്ചറിയാം.
തീവ്ര കോവിഡിന്റെ കാലത്തിനു ശേഷം പോയപ്പോൾ മാസ്കുകൾ വരെ അടിത്തട്ടിൽ കണ്ടത് ഏറെ വിഷമമായെന്നു ഡോ. ദിവ്യ പറഞ്ഞു.
ഭട്കലിലെ പവിഴപ്പുറ്റുകളിൽ 75 വർഷം പഴക്കമുള്ള, തകർന്ന കപ്പൽ കണ്ടതും മറക്കാനാവില്ല. കപ്പലിന്റെ അവശേഷിപ്പു കാലപ്പഴക്കത്തിൽ മത്സ്യപ്രജനന കേന്ദ്രമായി മാറിയിരുന്നു.
ചുറ്റിപ്പിടിച്ച വലകളിൽ കുടുങ്ങി ചത്തുപോയ മീനുകളുടെ മുള്ളുകൾ ശേഷിച്ചു. പ്രേത വലകൾ തീർക്കുന്ന അപകടങ്ങളെക്കുറിച്ച് 2024ൽ പഠന പ്രബന്ധം പ്രസിദ്ധീകരിച്ചു.
കണവയുടെ പ്രജനനം മുതലുള്ള ജീവിതക്രമം പഠിക്കാനുള്ള ഡൈവുകളും പൂർത്തിയാക്കി.
വെല്ലുവിളികൾ
സമുദ്രപ്രവാഹങ്ങളുടെ ദിശ മാറ്റം ആണു ഡൈവിങ്ങിലെ വലിയ വെല്ലുവിളി. ഒപ്പമുള്ളവരെപ്പോലും കാണാനാകാത്ത വിധം വെള്ളം കലങ്ങിമറിയും.
ടീമിൽ രണ്ടാളെങ്കിലും ഇല്ലാതെ യാത്ര പോകാറില്ല. തകർന്ന യാനങ്ങളുടെയും വലകളുടെയും അവശിഷ്ടങ്ങൾ ഉള്ള മേഖലയിൽ അപകട
സാധ്യത ഏറെയാണെന്നും ഡോ. ദിവ്യ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

