കൊച്ചിയിൽ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന ഒരു സ്പായിൽ അതിക്രമിച്ചുകയറി പണപ്പിരിവ് നടത്താൻ ശ്രമിച്ചതിനും, അവിടെയുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരെ കയ്യേറ്റം ചെയ്തതിനുമാണ് നടപടി.
അനീഷിനൊപ്പം ഇയാളുടെ സംഘത്തിൽപ്പെട്ട അജിത്, പ്രേംജിത് എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: സ്പായിലെത്തിയ സംഘം, മരട് അനീഷിന്റെ ചിത്രം കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പണപ്പിരിവ് നടത്താൻ ശ്രമിക്കുകയും ചെയ്തു.
ജീവനക്കാർ ഇതിനെ എതിർത്തതോടെ സംഘം അക്രമാസക്തരാവുകയും സ്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അടിയന്തരമായി ഇടപെട്ടത്.
കേരളത്തിന് പുറമേ തമിഴ്നാട്ടിലും ഇയാൾക്കെതിരെ സ്വർണക്കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തമിഴ്നാട്ടിലെ ചാവടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന അനീഷിനെ നേരത്തെയും പൊലീസ് പിടികൂടിയിരുന്നു.
കൂടാതെ, തമിഴ്നാട്ടിലെ ജയിലിൽ വെച്ച് ഇയാളുടെ സംഘാംഗം കൊല്ലപ്പെട്ട സംഭവത്തിലും മരട് അനീഷിന്റെ പേര് ഉൾപ്പെട്ടിരുന്നു.
നിലവിൽ നെടുമ്പാശേരി പൊലീസ് സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

