കോട്ടയം ∙ 52 ലക്ഷം രൂപ മുടക്കിയ ജലസംഭരണി റെഡി. എന്നാൽ, ജലവിതരണത്തിന് പൈപ്പ് ഇട്ടില്ല.
വെള്ളം കിട്ടാതെ വലയുകയാണ് നാട്ടുകാർ. പെരുമ്പായിക്കാട്– പാറമ്പുഴ ഭാഗങ്ങളിൽ ജലക്ഷാമം പരിഹരിക്കാനാണ് 52 ലക്ഷം രൂപ മുടക്കി പാറമ്പുഴ കുന്നുംപുറത്ത് 60,000 ലീറ്റർ ശേഷിയുള്ള പുതിയ ജലസംഭരണി നിർമിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു തുക അനുവദിച്ചായിരുന്നു നിർമാണം. സ്ഥലത്തെ ഒരു വ്യക്തി സൗജന്യമായി നൽകിയ രണ്ടര സെന്റ് സ്ഥലമാണ് ഉപയോഗിച്ചത്.
എല്ലാം പൂർത്തിയാക്കി ജലസംഭരണി ജല അതോറിറ്റിക്കു കൈമാറിയിട്ട് 15 മാസമായി. ഇതുവരെ പൈപ്പിടാൻ അതോറിറ്റി തയാറായിട്ടില്ല.
ജലവിതരണത്തിനുള്ള പൊതു പൈപ്പുകൾ സ്ഥാപിക്കുന്നതിനു സർക്കാർ 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
പ്രയോജനം ആർക്കൊക്കെ
നഗരസഭയുടെ 3, 4 വാർഡുകളിലെ (പാറാമ്പുഴ, പള്ളിപ്പുറം) പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വെള്ളം എത്തിക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കിയത്.
വെള്ളൂപ്പറമ്പിലെ ജലശുദ്ധീകരണ ശാലയിൽനിന്ന് ഇഞ്ചേരിക്കുന്നിലെ ടാങ്കിലേക്ക് വെള്ളം അടിച്ചാണ് പ്രദേശത്തേക്ക് നേരത്തേ ജലവിതരണം നടത്തിയിരുന്നത്. എന്നാൽ ഉയർന്ന സ്ഥലങ്ങളിലേക്ക് വെള്ളം എത്താത്തതിനെ തുടർന്നാണ് പുതിയ സംഭരണി നിർമിച്ചത്.
ഈ വാർഡുകളിലെ കടുമ്പുകാലാ, വലിയപറമ്പ്, ഇരുകവല, അർത്യാകുളം, വടാതുമുകളേൽ, പുൽപാറ, മുള്ളൻകുഴി, കൊട്ടുവള്ളിപ്പടി, മുതുമലക്കുന്ന്, പള്ളിപ്പുറം എന്നിവിടങ്ങളിലെ ഏകദേശം 350 വീട്ടുകാർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്.
വെള്ളം മുൻപ് കിട്ടിയിരുന്നത് ഇങ്ങനെ
മൂന്നാം വാർഡിലെ ചില സ്ഥലങ്ങളിൽ ഇഞ്ചേരിക്കുന്ന് ജലസംഭരണിയിൽനിന്നു മുൻപ് 3 ദിവസത്തിൽ ഒരിക്കൽ വെള്ളം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ 15–20 ദിവസം കൂടുമ്പോൾ മാത്രമാണ് വെള്ളം നൽകുന്നത്.
നാലാം വാർഡിലെ സ്ഥലങ്ങളിൽ ജലക്ഷാമം പരിഹരിക്കുന്നതിനു വേൾഡ് വിഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ മുളമലക്കുന്നിൽ 2007ൽ 35,000 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് പണിതിരുന്നു. മൂഴൂർ പാടശേഖരത്തിൽ കിണർ കുഴിച്ച് വെള്ളം പമ്പ് ചെയ്ത് 150 വീട്ടുകാർക്ക് വെള്ളം നൽകിയിരുന്നു.
വേനൽക്കാലങ്ങളിൽ കിണറിലെ വെള്ളം വറ്റുമ്പോൾ സമീപത്തെ തോട്ടിൽനിന്നു കിണർ സ്ഥിതി ചെയ്യുന്ന പാടശേഖരത്തിലേക്ക് വെള്ളം എത്തിച്ച് നനവ് കൂട്ടും. അതോടെ കിണറ്റിൽ ഉറവ എത്തുമായിരുന്നു.
ഇപ്പോൾ ഇങ്ങനെ ചെയ്യാറില്ല.
വെള്ളം പമ്പ് ചെയ്യുന്നത് എന്തിന്?
പൈപ്പ് കണക് ഷൻ ഇല്ലെങ്കിലും പാറമ്പുഴക്കുന്നിലെ പുതിയ സംഭരണിയിലേക്ക് വെള്ളൂപ്പറമ്പിൽനിന്നു വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ടാങ്കിനു തൊട്ടുതാഴെ ഒരു പൊതു ടാപ്പും വച്ചിട്ടുണ്ട്.
ഈ പൊതുടാപ്പിൽ നിന്നു തൊട്ടുസമീപത്തെ വീട്ടുകാർ വെള്ളം ബക്കറ്റുകളിൽ കൊണ്ടുപോകുന്നു.
പ്രക്ഷോഭത്തിന് നാട്ടുകാർ
പാറമ്പുഴയിൽ ജനകീയ പ്രക്ഷോഭവും ജല അതോറിറ്റിയുടെ ഓഫിസിലേക്ക് മാർച്ചും നടത്താൻ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.
റോസ് ചന്ദ്രൻ (പ്രസി), കെ.ജെ. ജോസഫ് (സെക്ര) എന്നിവർ ഭാരവാഹികളായ സമിതി രൂപീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

