കൊച്ചി ∙ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം വച്ചത് രോഗി തന്നെയാണെന്ന് കൂടിയേ ഇനി പറയാൻ ബാക്കിയുള്ളൂവെന്ന് കെ.സി.വേണുഗോപാൽ എംപി. വയറ്റിൽ നിന്ന് ശസ്ത്രക്രിയാ ഉപകരണം (ആർട്ടറി ഫോർസെപ്സ്) നീക്കം ചെയ്ത ശേഷം ആശുപത്രിയിൽ കഴിയുന്ന ആലപ്പുഴ പുന്നപ്ര നാൽപതിൽ ചിറയിൽ ഉഷാ ജോസഫിനെ (51) സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.സി.വേണുഗോപാൽ ഇടപെട്ടാണ് ഉഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ചികിത്സ ലഭ്യമാക്കിയതും. ഐസിയുവിൽ കഴിയുന്ന ഉഷയെ ഇന്ന് മുറിയിലേക്ക് മാറ്റിയേക്കും.
വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം ഉണ്ടെന്ന് അറിഞ്ഞിട്ടു പോലും അഡ്മിറ്റ് ചെയ്ത് അത് പുറത്തെടുക്കാതെ പിന്നീടു വരാൻ പറഞ്ഞുവിടുകയാണ് മെഡിക്കൽ കോളജുകാർ ചെയ്തത് എന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
‘‘കേരളത്തിന്റെ ആരോഗ്യമേഖലയെ ബാധിച്ചിരിക്കുന്ന കെടുകാര്യസ്ഥതയ്ക്കും അനാസ്ഥയ്ക്കും പരിഹാരമുണ്ടാക്കുന്നതിന് പകരം ഇവിടെ പ്രശ്നമൊന്നുമില്ല എന്ന് വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. അവരുടെ വയറ്റിൽ ഉപകരണം വച്ചതിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഇനി ഉഷ തന്നെ ഉപകരണം എടുത്തു വച്ചു എന്നും അവരു തന്നെയാണ് ഉത്തരവാദി എന്നും പറയുമോ? ഇപ്പോൾ അവർക്ക് ആകെ കുറ്റപ്പെടുത്താൻ പറ്റുന്നത് രോഗിയെയാണ്. ഇതൊക്കെ പൊതുസമൂഹത്തിനു മുന്നിലുണ്ടെന്ന് ഓർമ വേണം’’, െക.സി.വേണുഗോപാൽ പറഞ്ഞു.
തങ്ങളാരും സർക്കാർ ആശുപത്രികളെ മോശമാക്കാനല്ല പറയുന്നത് എന്നും, ആ വീഴ്ചകളെ പരിഹരിക്കേണ്ട
‘സിസ്റ്റ’ത്തിന് തന്നെയാണ് വീഴ്ച സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിസ്റ്റം പരാജയപ്പെട്ടു എന്നു പറയുമ്പോൾ അത് പരിഹരിക്കുന്നതിനു പകരം അത് പറഞ്ഞവരെ വിചാരണ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘‘കേരളത്തിലെ ആരോഗ്യരംഗം അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും പിടിയിലാണ്. ഓരോ വിഷയങ്ങൾ ഉണ്ടാകുമ്പോഴും ഒറ്റപ്പെട്ടത് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്.
അങ്ങനെയെങ്കിൽ നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടാകുന്നത്.
ഇവിടെ ആരോഗ്യ വകുപ്പിന് തന്നെയാണ് അസുഖം. അത് ചികിത്സിച്ചു മാറ്റാതെ കാര്യങ്ങൾക്ക് മാറ്റമുണ്ടാകില്ല’’– കെ.സി.വേണുഗോപാൽ പറഞ്ഞു.
2021ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

